മന്‍സൂര്‍ അലി കൊലക്കേസ്‌; ഒന്നാം പ്രതിയുടെ ജാമ്യക്കാര്‍ക്ക്‌ മുക്കാല്‍ ലക്ഷം വീതം പിഴ ശിക്ഷ

0
42


കാസര്‍കോട്‌: സ്വര്‍ണ്ണ വ്യാപാരിയെ വിളിച്ചു കൊണ്ടുപോയി മുഖത്ത്‌ മുളകുപൊടി വിതറി തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ ജാമ്യത്തിലിറക്കിയ രണ്ടുപേരെ 75000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു. ഒരു മാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ വീടും വസ്‌തുവും ജപ്‌തി ചെയ്യാനും ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി (മൂന്ന്‌) ഉത്തരവില്‍ പറഞ്ഞു. തമിഴ്‌നാട്‌, കള്ളിവയല്‍, പുതുക്കോടി, കട്ടേത്തൊടി കറുപ്പയ്യയുടെ ഭാര്യ ആനന്ദി (48), അര്‍ത്താനി, കുടിയിരുപ്പു അറുത്തങ്കൈയിലെ രാമ സ്വാമി മാരിയപ്പ (49) എന്നിവരെയാണ്‌ പിഴയടക്കാന്‍ ശിക്ഷിച്ചത്‌.
പഴയ സ്വര്‍ണ്ണാഭരണങ്ങളുടെ ബിസിനസ്സ്‌ നടത്തുന്ന വിദ്യാനഗര്‍, ചെട്ടുംകുഴിയിലെ മുഹമ്മദ്‌ മന്‍സൂര്‍ അലി (50)യെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി തമിഴ്‌നാട്‌, പുതുക്കൈ, കുടിയിരിപ്പിലെ മാരിമുത്തു എന്ന ശ്രീധര എന്ന മുഹമ്മദ്‌ അഷ്‌റഫി (40)നെ ജാമ്യത്തിലിറക്കിയവരാണ്‌ ഇരുവരും.ഇതിനിടയില്‍ കേസിന്റെ വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചു. കോടതിയില്‍ ഹാജരാകാന്‍ പ്രതികള്‍ക്കു നോട്ടീസ്‌ അയച്ചുവെങ്കിലും ഹാജരായില്ല. തുടര്‍ന്നാണ്‌ ജാമ്യക്കാര്‍ക്ക്‌ കോടതി നേരത്തെ നോട്ടീസയച്ചത്‌. അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹാജരായ ഇരുവരും പ്രതിയെ ഹാജരാക്കാന്‍ ഒരു മാസത്തെ സാവകാശം ചോദിക്കുകയും അനുവദിക്കുകയും ചെയ്‌തു. ഇന്നലെയായിരുന്നു പ്രതിയെ ഹാജരാക്കാനുള്ള അവസാന തീയ്യതി. എന്നാല്‍ ജാമ്യക്കാര്‍ക്കായി അഭിഭാഷകന്‍ ഹാജരാവുകയും ഒരു മാസത്തെ സാവകാശം കൂടി ആവശ്യപ്പെടുകയും ചെയ്‌തു. ഈ ആവശ്യം തള്ളിക്കൊണ്ടാണ്‌ പ്രതികളെ മുക്കാല്‍ ലക്ഷം രൂപ വീതം പിഴയടക്കാനും അടച്ചില്ലെങ്കില്‍ വീടും വസ്‌തുവും ജപ്‌തി ചെയ്യാനും കോടതി ഉത്തരവായത്‌.2017 ജനുവരി 25ന്‌ ആണ്‌ മുഹമ്മദ്‌ മന്‍സൂര്‍ അലിയെ ബായാറിലേയ്‌ക്ക്‌ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്നു വിശ്വസിപ്പിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്‌.

NO COMMENTS

LEAVE A REPLY