മഞ്ചേശ്വരം: പി ബി അബ്ദുള്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരം മണ്ഡലം ഉപതിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഉണ്ടായേക്കുമെന്ന പ്രതീക്ഷ തെളിഞ്ഞതോടെ സ്ഥാനാര്‍ത്ഥിത്വത്തിനു നേതാക്കന്മാരും രാഷ്ട്രീയ പാര്‍ട്ടികളും സജീവനീക്കമാരംഭിച്ചു.
മണ്ഡലത്തില്‍ പ്രാതിനിധ്യമുണ്ടായിരുന്ന മുസ്ലീം ലീഗില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീനാണ് സ്ഥാനാര്‍ത്ഥി പരിഗണനയില്‍ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം പ്രമുഖ വ്യവസായികളും പ്രാദേശിക നേതാക്കളും സ്ഥാനാര്‍ത്ഥിത്വത്തിനു ശ്രമം തുടരുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനു പരാജയപ്പെട്ട ബി ജെ പി നേതാവ് കെ സുരേന്ദ്രനെയാണ് ഉപതിരഞ്ഞെടുപ്പിനും ബി ജെ പി പരിഗണിക്കുന്നതെന്നു സൂചനയുണ്ട്. എന്നാല്‍ വീണ്ടുമൊരു മത്സരത്തിനു സുരേന്ദ്രന് തയ്യാറാവില്ലെന്നു പറയുന്നു. അങ്ങനെയായാല്‍ പിന്നീടു കുണ്ടാര്‍ രവീശ തന്ത്രിയായിരിക്കും സ്ഥാനാര്ത്ഥിയാവുകയെന്നു സംസാരമുണ്ട്. സതീശ് ചന്ദ്ര ഭണ്ഡാരി, അരിബയില് ഗോപാല ഷെട്ടിഗാര്‍ എന്നിവരുടെ പേരുകളും പാര്‍ട്ടി പരിഗണിക്കുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ഇടതു മുന്നണി വി പി പി മുസ്തഫ, സി എച്ച് കുഞ്ഞമ്പു, കെ ആര് ജയാനന്ദ എന്നിവരെ സ്ഥാനാര്‍ത്ഥിത്വത്തിനു പരിഗണിക്കുന്നതായാണ് സൂചന.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റസാക്കിന് 56,870വും കെ സുരേന്ദ്രന് 56,781വും സി എച്ച് കുഞ്ഞമ്പുവിനു 42,565 വോട്ടും ലഭിച്ചിരുന്നു.പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പ് നീക്കം ചൂടുപിടിക്കുന്നുണ്ടെങ്കിലും വോട്ടര്‍മാരില്‍ അതിതുവരെ ചര്‍ച്ചാവിഷയമായിട്ടില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുണ്ടായാല്‍ വോട്ടര്‍മാര്‍ സജീവ മാവുമെന്നു വിവിധ പാര്‍ട്ടികളുടെ നേതൃത്വം കരുതുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പു ഫലത്തെത്തുടര്‍ന്നു പരാജയപ്പെട്ട സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ കള്ളവോട്ടു നടന്നതായി കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ അദ്ദേഹം പരാതി പിന്‍വലിക്കാന്‍ കോടതിയോടപേക്ഷിച്ചിട്ടുണ്ട്. കോടതി അനുവദിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുമുണ്ടാവുമെന്നാണ് പ്രതീക്ഷ.