മൂന്നുകോടിയുടെ ഇടപാട്‌; പടന്നക്കാട്‌ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഘം അറസ്റ്റില്‍

0
43


കാഞ്ഞങ്ങാട്‌: ഗള്‍ഫില്‍ വച്ച്‌ നടത്തിയ മൂന്നു കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്നാണെന്നു പറയുന്നു പടന്നക്കാട്‌ സ്വദേശിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി. മംഗ്‌ളൂരു, കുദ്രോളിയിലെ കെട്ടിടത്തില്‍ ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയ ശേഷം കഴുത്തില്‍ കത്തി വച്ച്‌ സ്വത്തുക്കളുടെ ആധാരങ്ങള്‍ കൈക്കലാക്കാനുള്ള ശ്രമം പൊലീസ്‌ വിഫലമാക്കി. വേഷം മാറിയെത്തിയ പൊലീസ്‌ മൂന്നു പേരെ അറസ്റ്റു ചെയ്‌തു. പടന്നക്കാട്‌ സ്വദേശിയും മുന്‍ ഗള്‍ഫുകാരനുമായ ഹനീഫ (42)യെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. സംഭവത്തില്‍ മംഗ്‌ളൂരു സ്വദേശികളായ ഉസ്‌താദ്‌ അബ്‌ദുല്‍ റഷീദ്‌ (25), അബൂബക്കര്‍ ഉസ്‌മാന്‍ എന്ന അബുഭായ്‌ (40) എന്നിവരെ ഹൊസ്‌ദുര്‍ഗ്ഗ്‌ എസ്‌ ഐ വിഷ്‌ണു പ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തു. ചിത്താരി, മുക്കൂട്‌ സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തു.ഹനീഫയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസ്‌ പറയുന്നത്‌ ഇങ്ങനെ-`-ഗള്‍ഫിലായിരുന്നു പരാതിക്കാരനായ ഹനീഫ. ഏതാനും മാസം മുമ്പ്‌ നാട്ടില്‍ തിരികെയെത്തി. അതിനു മുമ്പു മംഗ്‌ളൂരു സ്വദേശികളുമായി മൂന്നു കോടി രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. നാട്ടില്‍ എത്തിയിട്ടും ഇടപാട്‌ തീര്‍ക്കാത്തതില്‍ മംഗ്‌ളൂരു സ്വദേശികള്‍ക്കു വിരോധം ഉണ്ടായിരുന്നു. ഇതിനിടയില്‍ ഇന്നലെ രാവിലെ ഉസ്‌താദ്‌ എന്നു പറയുന്ന ആള്‍ ഫോണില്‍ വിളിക്കുകയും മംഗ്‌ളൂരുവില്‍ എത്തണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കാമെന്നു ഉറപ്പും നല്‍കി. ഇതനുസരിച്ച്‌ മംഗ്‌ളൂരുവിലെത്തിയപ്പോള്‍ ക്വട്ടേഷന്‍ സംഘം കാറില്‍ തട്ടിക്കൊണ്ടുപോവുകയും കുദ്രോളിയിലെ പഴയ വീട്ടിലെ മുറിയില്‍ ബന്ദിയാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനിടയില്‍ മുദ്രക്കടലാസുകളിലും മറ്റും ഒപ്പിടുവിക്കുകയും ചെയ്‌തു. അതിനു ശേഷം കഴുത്തില്‍ കത്തി വച്ച്‌ ഭീഷണിപ്പെടുത്തി വീട്ടിലേയ്‌ക്കു ഫോണ്‍ ചെയ്യിപ്പിച്ചു. ഒരു ആളെ അയക്കുന്നുണ്ടെന്നും സ്വത്തിന്റെ ആധാരങ്ങളും പാസ്‌പോര്‍ട്ടും അയാള്‍ വശം കൊടുത്തയക്കണമെന്നും പറയിപ്പിച്ചു. മുക്കൂട്‌ സ്വദേശിയെയാണ്‌ ഇതിനായി സംഘം നിയോഗിച്ചത്‌. സംഭവത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരം ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസിനെ അറിയിച്ചു. തുടര്‍ന്നു എസ്‌ ഐ വിഷ്‌ണുപ്രസാദ്‌, പൊലീസുകാരായ ധനേഷ്‌, രതീഷ്‌ കുമാര്‍, രഞ്‌ജിത്ത്‌, പ്രസാദ്‌ എന്നിവര്‍ വേഷം മാറിയെത്തി. ആധാരം വാങ്ങാനെ ത്തിയ മുക്കൂട്‌ സ്വദേശിയെ കൈയ്യോടെ പിടികൂടി. തനിക്ക്‌ കൂടുതലൊന്നും അറിയില്ലെന്നും ഗള്‍ഫില്‍ വച്ചാണ്‌ മംഗ്‌ളൂരു സ്വദേശികളെ പരിചയപ്പെട്ടിരുന്നതെന്നും യുവാവ്‌ മൊഴി നല്‍കി. തുടര്‍ന്ന്‌ ഇയാളെയും കൂട്ടി പൊലീസ്‌ സംഘം ഇന്നോവ കാറില്‍ മംഗ്‌ളൂരുവിലേയ്‌ക്കു തിരിച്ചു. ഇതിനിടയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഹനീഫയെ ബന്ദിയാക്കി വച്ച വീടു പൊലീ സ്‌ കൃത്യമായി മനസ്സിലാക്കി. മംഗ്‌ളൂരുവിലെത്തിയ ശേഷം കര്‍ണ്ണാടക പൊലീസിന്റെ സഹായത്തോടെ വീടു വളഞ്ഞു. സംശയം തോന്നിയ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഓടി രക്ഷപ്പെട്ടു. യുവാവിനെ തട്ടികൊണ്ടു പോയ മറ്റു മൂന്നു പേരെ കൈയ്യോടെ പിടികൂടി കാഞ്ഞങ്ങാട്ട്‌ എത്തിച്ചു. മര്‍ദ്ദനമേറ്റ ഹനീഫക്കു ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം രണ്ടു പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.”

NO COMMENTS

LEAVE A REPLY