സിബിഐ അന്വേഷണം വേണ്ടെന്ന്‌ കോടിയേരി

0
33


തിരു/കാസര്‍കോട്‌: കല്യോട്ടെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ്‌ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐയ്‌ക്ക്‌ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ പൊലീസ്‌ ഓഫീസിലേയ്‌ക്ക്‌ മാര്‍ച്ച്‌ നടത്തി. ഗവ.കോളേജ്‌ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. പാര്‍ലമെന്റ്‌ മണ്ഡലം പ്രസിഡണ്ട്‌ സാജിദ്‌ മൗവ്വല്‍, ഡി.സി.സി പ്രസിഡണ്ട്‌ ഹക്കീം കുന്നില്‍, കെ.നീലകണ്‌ഠന്‍, പി.ആര്‍.മഹേഷ്‌, ശ്രീജിത്ത്‌ മാടക്കാല്‍, കെ.ഖാലിദ്‌, നൗഷാദ്‌ ബ്ലാത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാര്‍ച്ച്‌ യൂത്ത്‌കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌ ഡീന്‍ കുര്യാക്കോസ്‌ ഉദ്‌ഘാടനം ചെയ്‌തു. മാര്‍ച്ച്‌ പാറക്കട്ട റോഡ്‌ ജംഗ്‌ഷനില്‍ പൊലീസ്‌ ബാരിക്കേഡ്‌ വച്ച്‌ തടഞ്ഞു. സംഘര്‍ഷമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്ന്‌ ശക്തമായ സുരക്ഷയാണ്‌ പൊലീസ്‌ ഒരുക്കിയിരുന്നത്‌. സംഘര്‍ഷം ഉണ്ടായാല്‍ നേരിടുന്നതിനായി കണ്ണൂരില്‍ നിന്നു ജല പീരങ്കി വരെ എത്തിച്ചിരുന്നു.
അതേ സമയം കല്യോട്ടെ ഇരട്ടക്കൊലക്കേസ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിടേണ്ടതില്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. പൊലീസ്‌ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണ്‌. അക്രമികളെ നിയമത്തിനു മുന്നില്‍ എത്തിക്കുക തന്നെ ചെയ്യും-കോടിയേരി പറഞ്ഞു.ബംഗാള്‍ അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ സി.ബി.ഐയെ കാലുകുത്താന്‍ വിടുന്നില്ല. സി.ബി.ഐയ്‌ക്കു എപ്പോള്‍ വേണമെങ്കിലും വരാന്‍ കഴിയുന്ന സംസ്ഥാനമാണ്‌ കേരളം-കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ ഇരട്ടക്കൊലക്കേസ്‌ അന്വേഷണം ക്രൈംബ്രാഞ്ച്‌ സംഘം ഔദ്യോഗികമായി ഏറ്റെടുത്തു. കേസ്‌ ഡയറിയടക്കമുള്ള രേഖകള്‍ എസ്‌.പി മുഹമ്മദ്‌ റഫീഖ്‌, ഡിവൈ.എസ്‌.പി പ്രദീപ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു ഏറ്റുവാങ്ങും. കേസില്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെ ഏഴുപ്രതികളെ ഇതിനകം അറസ്റ്റു ചെയ്‌തു. ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.

NO COMMENTS

LEAVE A REPLY