നിരോധനം ഉള്ളതു നന്നായി; പുകയില- ലഹരി ഉല്‍പ്പന്നങ്ങള്‍ ജില്ലയില്‍ വേണ്ടത്ര

0
46


ബദിയഡുക്ക: ലഹരി പ്രിയര്‍ക്കു ആഹ്ലാദം പകര്‍ന്നു ചൈനി എന്ന പുകയില ഉല്‍പ്പന്നം കമ്പോളത്തില്‍ ഇറങ്ങി. ബദിയഡുക്ക, പെര്‍ള, മുള്ളേരിയ ഭാഗങ്ങളില്‍ ഇതു വ്യാപകമായി വിറ്റഴിയുന്നു. കറുപ്പ്‌ നിറമുള്ള `ഗം’ രീതിയിലുള്ള ഈ പുകയില ഉല്‍പ്പന്നം കര്‍ണ്ണാടകയില്‍ നിന്നാണ്‌ എത്തുന്നത്‌. കേരള സര്‍ക്കാര്‍ നിരോധിച്ച പുകയില ഉല്‍പ്പന്നത്തില്‍ പെട്ടതാണ്‌ ഇത്‌. മറ്റു പുകയില ഉല്‍പ്പന്നങ്ങളേക്കാള്‍ അപകടകാരിയാണെന്നു പറയുന്നു.
“കറുപ്പ്‌” എന്ന കോഡ്‌ ഭാഷയില്‍ ആള്‍ക്കാര്‍ ഇതു ചോദിച്ചു വാങ്ങുന്നു. ആവശ്യക്കരുടെ പെരുപ്പമനുസരിച്ച്‌ 25 രൂപ മുതല്‍ 50 രൂപവരെ ഇതിനു ഇപ്പോള്‍ വില ഈടാക്കുന്നു. ഇപ്പോള്‍ ലഹരി മാര്‍ക്കറ്റില്‍ പ്രിയമായിട്ടുള്ള “മധു”വിനേക്കാള്‍ പത്തിരട്ടി ലഹരി കറുപ്പെന്ന ചൈനിക്കുണ്ടെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ സമ്മതിക്കുന്നു. മണം കുറവായതു മൂലം യുവാക്കള്‍ കൂടുതല്‍ ചൈനിയുടെ ആരാധകരായിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബദിയഡുക്കയില്‍ ഇതിന്റെ മൊത്ത വിതരണം ഒരു മൊത്തക്കച്ചവടക്കാരനാണെന്നു പറയുന്നു. പെര്‍ള, മുള്ളേരിയ, ബദിയഡുക്ക, സീതാംഗോളി, കുമ്പള, അഡൂര്‍ എന്നിവിടങ്ങളിലേക്ക്‌ ഈ ഏജന്റ്‌ മറ്റു സാധനങ്ങളുടെ കൂടെ ചൈനി എത്തിക്കുന്നു. ഒരു വര്‍ഷം മുമ്പ്‌ മുള്ളേരിയ എക്‌സൈസ്‌ ഈ ഏജന്റിന്റെ ഗോഡൗണില്‍ നിന്നും ചാക്ക്‌ കണക്കിന്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചിരുന്നു.
ചൈനി മയക്ക്‌ മരുന്നാണെന്നും അതു വില്‍ക്കരുതെന്നും കഴിഞ്ഞ ദിവസം ബദിയഡുക്കയില്‍ ചിലര്‍ ഒരു പെട്ടിക്കടക്കാരനോട്‌ ആവശ്യപ്പെട്ടിരുന്നു. കര്‍ണ്ണാടകയിലെ പുത്തൂരിലാണ്‌ ഈ സാധനം ഉണ്ടാക്കുന്നതെന്നു സൂചനയുണ്ട്‌. അവിടെ നിന്ന്‌ ബദിയഡുക്കയില്‍ എത്തുന്നു. ഇപ്പോഴിത്‌ സമീപ പ്രദേശങ്ങളിലേയ്‌ക്കു വ്യാപിച്ചു കഴിഞ്ഞു. മധു, പാന്‍പരാഗ്‌ എന്നിവക്കൊപ്പം ചൈനിക്കും വലിയ കച്ചവടമാണ്‌. കേരള സര്‍ക്കാര്‍ നിരോധനമുള്ളതുകൊണ്ട്‌ ലഹരി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ കുതിച്ചു കയറുകയാണെന്ന്‌ വ്യാപാരികള്‍ പറയുന്നു.

NO COMMENTS

LEAVE A REPLY