ജില്ലയുടെ സാംസ്‌ക്കാരിക വൈവിധ്യം ടൂറിസം മേഖലയില്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

0
63


കാസര്‍കോട്‌: സംസ്ഥാനത്ത്‌ മറ്റെങ്ങും കാണാന്‍ കഴിയാത്ത ജില്ലയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ ടൂറിസം മേഖലയില്‍ പ്രയോജനപ്പെടുത്തണമെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ബി ആര്‍ ഡി സി തച്ചങ്ങാട്ട്‌ സംഘടിപ്പിച്ച ടൂറിസം സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിരമണീയമായ ഭൂപ്രദേശങ്ങളാലും സാംസ്‌കാരിക വൈവിധ്യങ്ങളാലും സമ്പന്നമായ ജില്ലയ്‌ക്ക്‌ ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളാണുള്ളതെന്ന്‌ അദ്ദേഹം പറഞ്ഞു. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കമായിരുന്ന ജില്ലയെ ഒട്ടേറെ മേഖലയില്‍ മുന്നോക്കമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ സാധിച്ചുവെന്നും സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക മുന്നേറ്റത്തിന്‌ ഒട്ടേറെ പദ്ധതികളാണ്‌ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1995 ല്‍ ബി ആര്‍ ഡി സി രൂപീകരിക്കുന്നതില്‍ നേതൃത്വം വഹിച്ച ധിഷണാശാലിയായ ഇ ചന്ദ്രശേഖരന്‍ നായരെ മറന്നു പോകരുതെന്നും മുന്‍ ഭരണാധികാരികള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കിയ പദ്ധതികളുടെ ഫലങ്ങളാണ്‌ ഇപ്പോള്‍ നമുക്ക്‌ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെത്തുന്ന ടൂറിസ്റ്റിനെ കുറഞ്ഞത്‌ മൂന്നു ദിവസമെങ്കിലും ജില്ലയില്‍ പിടിച്ചു നിര്‍ത്താനുള്ള പദ്ധതികള്‍ വേണമെന്നു ജില്ലാ കളക്ടര്‍ ഡി സജിത്‌ ബാബു പറഞ്ഞു. ഇതിനായി ബേക്കലിനെ കൂടാതെ റാണിപുരം ഹില്‍ ടൂറിസവും വലിയ പറമ്പ ഹൗസ്‌ ബോട്ട്‌ പദ്ധതിയും ഫലപ്രദമായി നടപ്പാക്കണം.
ജില്ലയിലെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക്‌ ഗതിവേഗം നല്‍കാനുള്ള എയര്‍സ്‌ട്രിപ്പ്‌ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ടൂറിസത്തിനോട്‌ പൊതുവേ മുഖം തിരിച്ചു നിന്നിരുന്ന ജില്ലയിലേക്ക്‌ 269 ശതമാനം വളര്‍ച്ചാ നിരക്കോടെ വിദേശ ടൂറിസ്റ്റുകളെ എത്തിച്ചുവെന്നും സ്‌മൈല്‍ പദ്ധതിയിലൂടെ 27 ടൂറിസം സംരംഭങ്ങള്‍ ആരംഭിച്ച്‌ നിരവധി പേര്‍ക്ക്‌ തൊഴിലവസരം സൃഷ്ടിക്കാന്‍ സാധിച്ചത്‌ ബി ആര്‍ ഡി സിയുടെ നേട്ടമാണെന്നും മാനേജിങ്‌ ഡയറക്ടര്‍ ടി കെ മന്‍സൂര്‍ പറഞ്ഞു. ജില്ലയുടെ കലാ-സാംസ്‌കാരിക വൈവിധ്യങ്ങളെ ടൂറിസവുമായി ബന്ധപ്പെടുത്തി അനുഭവവേദ്യ ടൂറിസം വിജയകരമായി നടപ്പിലാക്കി വരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്‌ സെമിനാറുമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY