സാമൂഹ്യ വിരുദ്ധര്‍ക്ക്‌ താവളമായി ബോളുക്കട്ട മിനി സ്റ്റേഡിയം

0
11


?ബദിയഡുക്ക: സാമൂഹ്യവിരുദ്ധര്‍ക്കു ബദിയഡുക്ക ബോളുക്കട്ട മിനി സ്റ്റേഡിയം താവളമായി. മൈതാനത്തിന്റെ ഒരു ഭാഗം മദ്യപാനികളും മറു ഭാഗം സാമൂഹ്യ ദ്രോഹികളും പങ്കുവച്ചതായി നാട്ടുകാര്‍ പറയുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചു അഴിമതി കെട്ടിയുയര്‍ത്തിയ മിനി സ്റ്റേഡിയത്തിലെ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാള്‍ പകുതിവഴിക്കു നിലച്ചിരുന്നു. ഇതാണ്‌ മദ്യപാനികള്‍ സ്വന്തമാക്കിയത്‌. സ്റ്റേഡിയത്തിലെ സ്റ്റേജിനോടു ചേര്‍ന്നു നിര്‍മ്മിച്ച രണ്ടു വിശ്രമ മുറികള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു കഴിഞ്ഞു. ഈ കെട്ടിടത്തിന്റെ ജനാലകള്‍ പൊളിച്ചു മാറ്റിയിട്ടുണ്ട്‌. മതിലുകളില്‍ പല ക്ലബ്ബുകളുടെ പേരുകളും അശ്ലീലങ്ങളും എഴുതി നിറച്ചിരിക്കുന്നു. ചില പതാകകളും ഇവിടെ തൂക്കിയിട്ടുണ്ട്‌. രാത്രി വൈകും വരെ യുവാക്കള്‍ ഇവിടെ തമ്പടിച്ചു സപ്‌തഭാഷാ സാഹിത്യം പറയുകയും ചെയ്യുന്നുണ്ടെന്നും സംസാരമുണ്ട്‌. അതിനിടയില്‍ അട്ടഹാസവും പൊട്ടിക്കരച്ചിലും ഉയരുന്നതും പതിവായിട്ടുണ്ടെന്നും സംസാരമുണ്ട്‌. ടൗണ്‍ ഹാള്‍ കെട്ടിടത്തില്‍ മദ്യപാനികളുടെ വിഹാരം ഉച്ചയ്‌ക്ക്‌ രണ്ടു മണിക്കാരംഭിക്കുന്നു. രാത്രി 11 മണിവരെ ഇതു ഭൂമിയിലെ സ്വര്‍ഗ്ഗമാവുമെന്നാണ്‌ പറയുന്നത്‌. ഇവിടെയും ആര്‍പ്പുവിളികളും ബഹളവും പതിവാണ്‌. സാമൂഹ്യ ദ്രോഹികളുടെ ശല്യം തടയണമെന്നു നാട്ടുകാര്‍ നേരത്തെ ബദിയഡുക്ക പൊലീസിനോടു പരാതിപ്പെട്ടിരുന്നു. പൊലീസ്‌ പരാതി വാങ്ങി ചുവപ്പുനാടയില്‍ കെട്ടിവെച്ചിട്ടുണ്ടെന്നു പറയുന്നു.

NO COMMENTS

LEAVE A REPLY