ഭണ്ഡാര മോഷണ പരമ്പര: ബദിയഡുക്കയില്‍ മോഷണ സംഘം താവളമടിച്ചിട്ടുണ്ടാവുമെന്ന്‌ ആശങ്ക

0
12


ബദിയഡുക്ക: ഭണ്ഡാര മോഷണം ബദിയഡുക്ക പരിസരങ്ങളില്‍ പതിവാകുന്നു. രാത്രി കാലങ്ങളിലെ പൊലീസിന്റെ പെട്രോളിംഗ്‌ നിരീക്ഷിച്ചാണ്‌ ഭണ്ഡാര മോഷ്‌ടാക്കള്‍ മോഷണത്തിനിറങ്ങുന്നത്‌. പൊലീസ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥലം ഒഴിവാക്കിയാണ്‌ കവര്‍ച്ചക്കുള്ള കരുക്കള്‍ സംഘം നീക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ ദിവസം ഒരേ സമയത്തു നാലു ഭണ്ഡാരപ്പെട്ടികള്‍ കവര്‍ന്ന സംഭവം ഇതു സംബന്ധിച്ച്‌ പൊലീസിനു സൂചന നല്‍കുന്നു.
മാവിനക്കട്ട ഗുളിഗ തറയുടെ ഭണ്ഡാര പെട്ടി, പള്ളത്തടുക്ക അയ്യപ്പ ഭജന മന്ദിരത്തിന്റെ പൂട്ട്‌ പൊളിച്ച്‌ അകത്തുണ്ടായിരുന്ന ഭണ്ഡാരപ്പെട്ടി, ചെട്ടത്തടുക്ക ഗുളികത്തറ ഭണ്ഡാരപ്പെട്ടി എന്നിവയാണ്‌ കഴിഞ്ഞ ദിവസം ഒരേ സമയം കവര്‍ന്നത്‌. അഡ്യനടുക്കയില്‍ വിട്‌ള പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഒരു ഭണ്ഡാര പെട്ടിയും കവര്‍ന്നിരുന്നു.
ബദിയഡുക്ക പൊലീസ്‌ രാത്രി കാലങ്ങളില്‍ പെട്രോളിംഗ്‌ നടത്താറുണ്ട്‌. പൊലീസ്‌ സ്റ്റേഷനില്‍ മൂന്നു വലിയ വാഹനങ്ങള്‍ ഉള്ളതില്‍ രണ്ടെണ്ണം രാത്രികാല പെട്രോളിംഗിന്‌ ഉപയോഗിക്കുന്നു. ചില നേരങ്ങളില്‍ മൂന്നു വലിയ വാഹനങ്ങളും ബൈക്കുകളും നിരീക്ഷണത്തിന്‌ ഉപയോഗിക്കാറുണ്ട്‌.
കഴിഞ്ഞ ദിവസം ഭണ്ഡാരം കുത്തി പൊളിച്ച ഭാഗത്ത്‌ പെട്രോളിംഗ്‌ നടത്തിയിരുന്നു. പൊലീസിന്റെ നീക്കം മനസ്സിലാക്കിയാണ്‌ ഭണ്ഡാര മോഷ്‌ടാക്കള്‍ മറുഭാഗത്തു വ്യാപകമായി ഭണ്ഡാരങ്ങള്‍ മോഷ്‌ടിച്ചതെന്നു പൊലീസ്‌ സംശയിക്കുന്നു. ഒരു മാസം മുമ്പ്‌ ബദിയഡുക്കയിലെ ഒരു പെട്രോള്‍പമ്പ്‌, സ്വര്‍ഗ്ഗയിലെ രണ്ട്‌ കടകള്‍ എന്നിവ കുത്തി തുറന്നിരുന്നു. ബദിയഡുക്കയിലെ പെട്രോള്‍ പമ്പില്‍ നിന്നും കൊണ്ടുപോയ പെട്ടി, സ്വര്‍ഗ്ഗയിലെ പുഴയില്‍ നിന്നു പിന്നീടു കണ്ടെത്തി. ഈ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല. തുടരെ തുടരെ നടക്കുന്ന ചെറിയ മോഷണങ്ങള്‍ വലിയ മോഷണങ്ങള്‍ക്കിടയാവുമോ എന്നു നാട്ടുകാരും ആശങ്കപ്പെടുന്നു.

NO COMMENTS

LEAVE A REPLY