കടബാധ്യത; റബ്ബര്‍ കര്‍ഷകന്‍ ജീവനൊടുക്കി

0
6


ബദിയഡുക്ക: കടബാധ്യതയെ തുടര്‍ന്നാണെന്നു പറയുന്നു, റബ്ബര്‍ കര്‍ഷകനും ടാപ്പിംഗ്‌ തൊഴിലാളിയുമായ യുവാവ്‌ വീട്ടിനകത്തു കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഏത്തടുക്ക, വളക്കുഞ്ചയിലെ ജയ്‌സണ്‍ ജോസഫ്‌ (47) ആണ്‌ മരിച്ചത്‌.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ്‌ സംഭവം. ഭാര്യയും മകളും കുളിക്കാന്‍ പോയ സമയത്ത്‌ ജനലില്‍ തൂങ്ങുകയായിരുന്നു. തിരിച്ചെത്തിയ ഭാര്യയും മകളും അയല്‍ക്കാരുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍, ആലക്കോട്‌, തേര്‍ത്തല്ലി സ്വദേശിയായ ജയ്‌സണ്‍ ജോസഫ്‌ പത്തു വര്‍ഷം മുമ്പാണ്‌ പള്ളത്തടുക്കയിലെത്തിയത്‌. വാടക വീട്ടിലായിരുന്നു താമസം. റബ്ബര്‍ കൃഷിയും ടാപ്പിംഗ്‌ ജോലിയും നടത്തിവരികയായിരുന്നു. പിന്നീട്‌ ഏത്തടുക്ക, വളക്കുഞ്ചയില്‍ സ്വന്തമായി വീടു പണിതു. ഭൂപണ ബാങ്കില്‍ നിന്നു നാലരലക്ഷം രൂപ വായ്‌പയെടുത്താണ്‌ വീടു പണിതതെന്നു പറയുന്നു. ഈ തുക ഇതുവരേയ്‌ക്കും തിരിച്ചടക്കാനായിട്ടില്ല. വായ്‌പ തിരിച്ചടക്കണമെന്നു കാണിച്ച്‌ ബാങ്കില്‍ നിന്നു നോട്ടീസും ഫോണ്‍ വിളികളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടയിലാണ്‌ റബ്ബറിനു വില തകര്‍ച്ചയുണ്ടായത്‌. ഇതു കാരണം വായ്‌പ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല.
ടാപ്പിംഗ്‌ തൊഴിലും കുറഞ്ഞിരുന്നു. ഇതു ജയ്‌സണ്‍ ജോസഫിനെ മാനസികമായി തളര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഇതിനിടയില്‍ കഴിഞ്ഞ മാസം 15ന്‌ തന്റെ വീട്ടില്‍ മാവോയിസ്സുകള്‍ ആയുധധാരികളായി എത്തിയെന്നു ജയ്‌സണ്‍ ജോസഫ്‌ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസെത്തി അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു. പ്രദേശത്തേയ്‌ക്ക്‌ ടാപ്പിംഗ്‌ തൊഴിലിനു മാറ്റാരും വരാതിരിക്കാനായി കെട്ടിച്ചമച്ച കഥയാണ്‌ മാവോയിസ്റ്റ്‌ സാന്നിധ്യമെന്നാണ്‌ പൊലീസ്‌ കണ്ടെത്തിയത്‌. ഭാര്യ: ആന്‍സി. മക്കള്‍: റിയമോള്‍, ജറിജയ്‌സണ്‍. സഹോദരങ്ങള്‍: ജോര്‍ജ്ജ്‌ക്കുട്ടി, തങ്കച്ചന്‍, അപ്പച്ചന്‍, ജോണ്‍സണ്‍, മാത്യു, മേരി, വത്സമ്മ, ലിസമ്മ.

NO COMMENTS

LEAVE A REPLY