ബദിയഡുക്കയിലെ അനധികൃത റോഡുകള്‍ക്ക്‌ പണം തരപ്പെടുത്താന്‍ സമ്മര്‍ദ്ദം ശക്തം

0
11


ബദിയഡുക്ക: വിവാദമായ റോഡുകളുടെ ബില്ല്‌ അനുവദിപ്പിക്കാന്‍ കരാറുകാര്‍ക്കു വേണ്ടി പഞ്ചായത്ത്‌ ജീവനക്കാര്‍ക്കു മേല്‍ സമ്മര്‍ദ്ദം കൂടുന്നതായി ആക്ഷേപം ഉയരുന്നു. ചില രാഷ്‌ട്രീയക്കാരും ജനപ്രതിനിധികളായ ചിലരും ചില ഉദ്യോഗസ്ഥന്മാരുമാണ്‌ ഇതിനു സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുള്ളതെന്നാണ്‌ ആക്ഷേപം. പഞ്ചായത്ത്‌ മരാമത്ത്‌ വിഭാഗത്തില്‍ ജീവനക്കാരോടാണ്‌ ഇതിനു വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുള്ളതെന്നാണ്‌ ആക്ഷേപം.
ബദിയഡുക്ക ഗ്രാമ പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍പ്പെടുന്ന കന്യാന മസ്‌ജിദ്‌ റോഡ്‌, 10-ാം വാര്‍ഡിലെ മായിലംകോടി-കെ.കെ.മൂല റോഡ്‌ എന്നിവയുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അതിനാല്‍ അതിന്റെ ബില്ല്‌ ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ്‌ സമ്മര്‍ദ്ദമെന്നറിയുന്നു. ഈ രണ്ടു റോഡുകള്‍ക്കും വേണ്ടി 10 ലക്ഷം രൂപയോളം ചെലവാക്കിയത്‌ ഓരോ വ്യക്തികള്‍ക്കുവേണ്ടിയാണെന്ന്‌ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. 10-ാം വാര്‍ഡിലെ മായിലംകോടി കെ.കെ.മൂല റോഡ്‌ ഒരു വ്യക്തിക്ക്‌ വേണ്ടിയാണ്‌ 4.95 ലക്ഷം രൂപ ചിലവഴിച്ച്‌ കോണ്‍ക്രീറ്റ്‌ ചെയ്‌തതെന്നു സംസ്ഥാന സാമ്പത്തിക വിഭാഗം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അക്കാര്യം കാരവല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഈ റോഡിനു ബില്ല്‌ നല്‍കരുതെന്ന്‌ അന്വേഷണ സംഘം പഞ്ചായത്തധികൃതരോട്‌ നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു.
9-ാം വാര്‍ഡിലെ കന്യാന മസ്‌ജിദ്‌ റോഡ്‌ എന്ന പേരില്‍ 4.90 ലക്ഷം രൂപ ചെലവാക്കി നടത്തിയ പണിയും ഒരു വ്യക്തിയുടെ വീട്ട്‌ മുറ്റത്തേക്ക്‌ റോഡുണ്ടാക്കാനായിരുന്നു. അക്കാര്യവും കാരവല്‍ റിപ്പോര്‍ട്ടു ചെയ്‌തതോടെ ബില്ല്‌ നല്‍കാനുള്ള ശ്രമം തടസ്സപ്പെട്ടു. കന്യാന മസ്‌ജിദ്‌ റോഡിനെ കുറിച്ച്‌ ചെടേക്കാല്‍ സ്വദേശി മുഹമ്മദ്‌ കുഞ്ഞി സാമ്പത്തിക അന്വേഷണ സംഘത്തിന്‌ പരാതി നല്‍കിയിട്ടുണ്ട്‌. വിജിലന്‍സ്‌ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വിവാദപരമായ രണ്ട്‌ റോഡുകളും സന്ദര്‍ശിച്ചിരുന്നു.
അന്വേഷണം മുറുകിയതോടെ രണ്ട്‌ റോഡുകളുടെ ബില്ല്‌ ലഭിക്കില്ലെന്ന്‌ ഉറപ്പായ കരാറുകാര്‍ പണി ഏല്‍പ്പിച്ചവരോടു പണം ആവശ്യപ്പെട്ടതായി സൂചനയുണ്ട്‌. ഇതേ തുടര്‍ന്നാണ്‌ രാഷ്‌ട്രീയ-ഭരണ-ഉദ്യോഗസ്ഥ സ്വാധീനമുപയോഗിച്ചു പണം ലഭ്യമാക്കാന്‍ ശ്രമം ശക്തമാക്കിയിട്ടുള്ളത്‌. കഴിഞ്ഞ ദിവസം ചില രാഷ്‌ട്രീയക്കാര്‍ എഞ്ചിനീയറെയും ഓവര്‍സിയറെയും നേരിട്ട്‌ കണ്ട്‌ ബില്ല്‌ നല്‍കണമെന്നു ആവശ്യപ്പെട്ടു. ഇതേ പാര്‍ട്ടിയിലെ ഒരു ജനപ്രതിനിധിയും ഇക്കാര്യത്തില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയാണെന്നു പറയുന്നു.സമ്മര്‍ദ്ദം കൂടുമ്പോള്‍ ബില്ല്‌ തരാം, ശ്രമിക്കാം, നോക്കാം എന്നൊക്കെ എഞ്ചിനീയറിംഗ്‌ വിഭാഗം ജീവനക്കാര്‍ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ കാല അനുഭവം അവരെ പിന്തിരിപ്പിക്കുന്നു. രാഷ്‌ട്രീയക്കാരുടെ വാക്ക്‌ കേട്ട്‌ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച നിരവധി ജീവനക്കാര്‍ ബദിയഡുക്ക ഗ്രാമ പഞ്ചായത്തില്‍ സസ്‌പെന്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. നിരവധി പേര്‍ വിജിലന്‍സ്‌ കേസിലും കുടുങ്ങിയിട്ടുണ്ട്‌. ചിലരുടെ പെന്‍ഷനും തടസ്സപ്പെട്ടിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY