22ന്‌ ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന അലാമിപ്പള്ളി ബസ്‌ സ്റ്റാന്റിന്റെ 19 സെന്റ്‌ സ്ഥലം കാണാനില്ലെന്ന്‌; കാഞ്ഞങ്ങാട്ട്‌ വിവാദം

0
10


കാഞ്ഞങ്ങാട്‌: 22നു മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന കാഞ്ഞങ്ങാട്‌ അലാമിപ്പള്ളി ബസ്‌സ്റ്റാന്റിനെച്ചൊല്ലി വിവാദമുയരുന്നു.
ഒരു സെന്റ്‌ ഭൂമിക്ക്‌ 25 ലക്ഷം രൂപ വരെ വിലയുള്ള ഇവിടെ ബസ്‌സ്റ്റാന്റിന്റെ 19 സെന്റ്‌ സ്ഥലം കാണാനില്ലെന്നതാണ്‌ പ്രധാന വിവാദം. ഇതിനെക്കുറിച്ചു മുനിസിപ്പല്‍ ചെയര്‍മാന്‍ ജനങ്ങളോടു വിശദീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും വിവരാവകാശ നിയമ പ്രകാരം മുനിസിപ്പല്‍ സെക്രട്ടറിയോട്‌ വിശദീകരണം ആരായുന്നവര്‍ക്കു ശരിയായ മറുപടി നല്‍കുന്നില്ലെന്നും പരാതിയുണ്ട്‌.ബസ്‌ സ്റ്റാന്റിലൂടെ സ്വകാര്യ വ്യക്തിയെ സഹായിക്കാന്‍ റോഡുണ്ടാക്കിയെന്നും ആക്ഷേപമുണ്ട്‌.ബസ്‌സ്റ്റാന്റിനു ചുറ്റുമതില്‍ പോലും കെട്ടാതെയാണ്‌ തിരക്കിട്ട്‌ ഉദ്‌ഘാടനം നടത്തുന്നതെന്നും ആക്ഷേപമുണ്ട്‌. ഉദ്‌ഘാടന വിവരം മുനിസിപ്പല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും അക്കാര്യം കൗണ്‍സിലര്‍മാരെപ്പോലും അറിയിക്കാതെ ചെയര്‍മാന്‍ പത്രസമ്മേളനം വിളിച്ചാണ്‌ വെളിപ്പെടുത്തിയതെന്നും മുസ്ലീം ലീഗ്‌ കൗണ്‍സില്‍മാര്‍ ആരോപിച്ചു.ഇക്കാര്യങ്ങള്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഒച്ചപ്പാടിന്‌ ഇടയാക്കിയിരുന്നു. ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസ്‌- ലീഗ്‌ കൗണ്‍സിലര്‍മാര്‍ ചെയര്‍മാനോട്‌ വിശദീകരണം ആരാഞ്ഞെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നെന്ന്‌ അക്കൂട്ടര്‍ പറഞ്ഞു. ഉദ്‌ഘാടനത്തിനു മുമ്പ്‌ ഇതിനു വേണ്ടി പ്രത്യേക കൗണ്‍സില്‍ വിളിക്കുമെന്നു ചെയര്‍മാന്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നു പ്രതിപക്ഷാംഗങ്ങള്‍ അടങ്ങുകയായിരുന്നു.വിവാദങ്ങളില്‍ നിന്നു തലയൂരാനാണ്‌ തിരക്കിട്ട്‌ ഉദ്‌ഘാടനം സംഘടിപ്പിക്കുന്നതെന്ന്‌ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY