മന്നന്‍പുറത്ത്‌ കാവ്‌ നായരച്ഛന്‍ ചുമതലയേറ്റു

0
12


നീലേശ്വരം: ജില്ലയില്‍ ശാക്തേയ സമ്പ്രദായത്തില്‍ പൂജകള്‍ നടക്കുന്ന നീലേശ്വരം മന്നന്‍പുറത്തുകാവിലെ മയിലിട്ട അരമന നായരച്ഛനായി പുതുക്കുന്നിലെ കുഞ്ഞിമയിലിട്ട നാരായണന്‍ നായര്‍ (86) സ്ഥാനമേറ്റു.ക്ഷേത്രത്തിലെ 3 പാരമ്പര്യ ട്രസ്റ്റികളില്‍ ഒരാളാണ്‌. മറ്റു രണ്ടുപേര്‍ എറുവാട്ടച്ഛനും മൂത്ത പിടാരരുമാണ്‌. കിഴക്കന്‍കൊഴുവലിലെ നായര്‍ തറവാടുകളായ അരമന, മയിലിട്ട തറവാട്ടുകാര്‍ക്ക്‌ അവകാശപ്പെട്ട സ്ഥാനമാണ്‌ മയിലിട്ട അരമന നായരച്ഛന്‍. ഇരു തറവാടുകളിലെയും മൂത്ത അംഗമാണ്‌ ഈ സ്ഥാനത്തെത്തുന്നത്‌.അരമന തറവാട്ടുകാരുടേയാണ്‌ ഇത്തവണത്തെ ഊഴമെങ്കിലും മുതിര്‍ന്ന അംഗം അസൗകര്യം അറിയിച്ചതിനാലാണു ഇക്കുറിയും മയിലിട്ട തറവാട്ടിന്‌ സ്ഥാനം ലഭിച്ചത്‌. റിട്ട. റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ കോഴിക്കോട്ടെ കുഞ്ഞിമലിയിട്ട കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നു സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.ഇന്നു രാവിലെ തളിയില്‍ ക്ഷേത്രത്തില്‍ കലശം കുളിച്ചെത്തി കിണാവൂര്‍ കോവിലകത്തെ കെ.സി.രവി വര്‍മ രാജയാണ്‌ കച്ചും ചുരികയും നല്‍കി സ്ഥാനപ്പേര്‌ കല്‍പിക്കുക. തുടര്‍ന്നു മന്നന്‍പുറത്തുകാവിലെത്തി ഉച്ചപൂജ തൊഴുതു തറവാട്ടില്‍ തിരിച്ചെത്തുന്ന നായരച്ഛനെ കാരയപ്പമെറിഞ്ഞു വരവേല്‍ക്കും. ഭാര്യ ആനിക്കീല്‍ കൂഞ്ഞമ്മാറമ്മയ്‌ക്കു വീണ്ടും താലികെട്ടുന്ന ചടങ്ങുമുണ്ടാകും. തുടര്‍ന്നു വിഭവസമൃദ്ധമായ സദ്യയുമൊരുക്കും. ഭാസ്‌കരന്‍, സൗദാമിനി, സരോജിനി, സതീശന്‍ എന്നിവരാണ്‌ നാരായണന്‍ നായരുടെ മക്കള്‍.

NO COMMENTS

LEAVE A REPLY