ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പനയാല്‍, കാട്ടിയടുക്കത്തെ ദേവകിയെന്ന വീട്ടമ്മ ക്രൂരമായ കൊലചെയ്യപ്പെട്ട സംഭവത്തിനു രണ്ടുവര്‍ഷം പൂര്‍ത്തിയായി. ലോക്കല്‍ പൊലീസും പിന്നീട് പ്രത്യേക സംഘവും അന്വേഷിച്ചു കുളമാക്കിയ കൊലക്കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. രണ്ടു വര്‍ഷക്കാലമായി തുടരുന്ന അന്വേഷണത്തില്‍ പ്രതിയിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന ഒരു സൂചനപോലും കണ്ടെത്താന്‍ കഴിയാത്ത പൊലീസ് നിലപാട് കേരള പൊലീസിനു തന്നെ നാണക്കേടാണ്.
2017 ജനുവരി 13ന് വൈകുന്നേരമാണ് കാട്ടിയടുക്കത്തെ ചെറിയ വീട്ടിനകത്തു ദേവകിയെന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കു താമസിക്കുന്ന ദേവകിയെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനകത്തു മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
നിലത്തു വിരിച്ച പായയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വീടാണെങ്കിലും അടച്ചുറപ്പില്ലാത്തതാണ് ദേവകിയുടെ താമസകേന്ദ്രം. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്നു നൂറുകണക്കിനുപേരാണ് ദേവകിയുടെ വീട്ടിലേയ്ക്ക് എത്തിയത്. ജില്ലാ പൊലീസ് ചീഫ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും സ്ഥലത്തെത്തി. പ്രേത വിചാരണയ്ക്കു ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കഴുത്തു ഞെരിച്ചാണ് കൊലയെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. മരണം ഉറപ്പാക്കാന്‍ തലയണ പോലുള്ള ഏതോസാധനം കൊണ്ട് മൂക്കുപൊത്തിപ്പിടിച്ചിരുന്നതായും വ്യക്തമായി.
അതേസമയം വീട്ടിനകത്തു നിന്നോ ദേവകിയുടെ ശരീരത്തില്‍ നിന്നോ വിലപ്പെട്ടതൊന്നും നഷ്ടമായില്ലെന്നും വ്യക്തമായി. അതോടെ മോഷണമല്ല കൊലപാതകത്തിനു ഇടയാക്കിയതെന്നു ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നു.
അപ്പോള്‍ ആരാണ്, എന്തിനാണ് ദേവകിയെന്ന അബലയെ കൊലപ്പെടുത്തിയതെന്നു അന്വേഷണ സംഘം പരസ്പരം ചോദിച്ചു. എല്ലാവരും കൈമലര്‍ത്തി. കൊലയാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സി പി എം നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങി. പലതരത്തിലുള്ള പ്രക്ഷോഭങ്ങള്‍ നാലു ഭാഗത്തു നിന്നും ഉണ്ടായത്. അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കി. സമ്മര്‍ദ്ദം കൊലയാളികളെല്ലാം കണ്ടെത്താന്‍ ഇടയാക്കുമെന്നാണ് നാട്ടുകാരും മനുഷ്യ സ്നേഹികളും കരുതിയത്. എന്നാല്‍ പ്രക്ഷോഭങ്ങളെല്ലാം വളരെ വേഗത്തില്‍ വേലിയിറക്കങ്ങളായി മാറി.
വില്ലാരംപതി ചെക്കിപ്പള്ളത്തും ചീമേനിയിലെ പുലിയന്നൂരിലും രണ്ടു വീട്ടമ്മമാര്‍ സമാനമായ രീതിയില്‍ കൊലചെയ്യപ്പെട്ടു. സമാനതകള്‍ ഏറെ ഉണ്ടായതിനാല്‍ മൂന്നു കൊലപാതകങ്ങള്‍ക്കു പിന്നിലും ഒരേ സംഘങ്ങളാണെന്നു സംശയിക്കപ്പെട്ടു. എന്നാല്‍ അത്തരമൊരു ധാരണ തെറ്റാണെന്നു രണ്ടു കൊലക്കേസുകളിലും പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്തതോടെ വ്യക്തമായി. പക്ഷെ ദേവകിയുടെ ഘാതകരെ കണ്ടെത്താനാകാതെ പൊലീസ് പരക്കം പാഞ്ഞു കൊണ്ടിരുന്നു. ഒരു തരത്തിലുമുള്ള നീക്കങ്ങളും ലക്ഷ്യം കണ്ടില്ല.
ഒടുവില്‍ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനു കൈമാറി. ഇതോടെ കൊലയാളികളെ പിടികൂടാനാകുമെന്നായിരുന്നു മനുഷ്യപക്ഷത്തു നില്ക്കുന്നവരുടെ കണക്കു കൂട്ടല്‍. ഈ ധാരണയെ ശരിവയ്ക്കുന്ന തരത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം കാട്ടിയടുക്കത്ത് ക്യാമ്പ് ഓഫീസ് തുറന്നു. കൊലയാളികളെ വേഗത്തില്‍ കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം. പക്ഷെ സംഭവിച്ചത് മറ്റൊന്ന്. നേരത്തെ ലോക്കല്‍ പൊലീസ് സംഘം ചോദ്യം ചെയ്ത് വിട്ടവരെ ഒരാളെ പോലും ഒഴിവാക്കാതെ ക്രൈംബ്രാഞ്ചു ചോദ്യം ചെയ്തു. പക്ഷെ ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ ക്രൈംബ്രാഞ്ചിനു കഴിഞ്ഞില്ല. ഇപ്പോ ശരിയാക്കാമെന്നു പറഞ്ഞ ഉദ്യോഗസ്ഥര്‍ കാട്ടിയടുക്കത്തേക്കു വരാതെയായി. ഒടുവില്‍ ക്യാമ്പ് ഓഫീസും അടച്ചു പൂട്ടി സ്ഥലം വിട്ടു. ഇപ്പോള്‍ കേസ് അന്വേഷണത്തിന്റെ സ്ഥിതി എന്താണെന്നു അറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. ഇനി കൊലയാളികളെ പിടികൂടുമെന്ന പ്രതീക്ഷയും അവര്‍ക്കില്ല. രണ്ടുകൊല്ലം കൊണ്ട് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കൊലയാളികളുടെ ഒരു രോമം പോലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. ഇതെന്തു കൊണ്ടാണ്? കേരള പോലീസ് മികച്ച അന്വേഷണത്തിനു പേരുകേട്ടവരാണ്. എന്നിട്ടും എന്തേ ഈ ഒരു നാടന്‍ കൊല പാതകത്തിനു മാത്രം തുമ്പുണ്ടാക്കാന്‍ കഴിയാതെ പോകുന്നത്.?ഇതിനു പിന്നില്‍ മറ്റെന്തിലും അജണ്ടയുണ്ടോ? ഉണ്ടെങ്കില്‍ അതു പുറത്തു കൊണ്ടുവരാനുള്ള ബാധ്യത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമുണ്ട്. നിര്‍ഭാഗ്യ വശാല്‍ അവരും ഒന്നും മിണ്ടിന്നില്ല. വനിതാ കമ്മീഷനും ഒന്നും പറയുന്നില്ല. വനിതാ സംഘടനകളും ഒന്നും പറയുന്നില്ല. ചിലപ്പോള്‍ ഏതെങ്കിലും സമ്മേളനങ്ങളില്‍ രണ്ടുവരി പ്രമേയത്തിലൊതുങ്ങുന്നു.
ദേവകിക്കുണ്ടായത് ഒരു ഗതികേടാണ്. ജീവനും ജീവിതവും നഷ്ടപ്പെട്ടുവെന്നതിനപ്പുറം ചില സന്ദേഹങ്ങളിലേയ്ക്കും ദേവകി കൊലക്കേസ് വിരല്‍ ചൂണ്ടുന്നുണ്ട്. ദേവകിമാര്‍ ഇനിയും കൊലചെയ്യപ്പെടാം. അപ്പോഴും കൊലയാളികള്‍ ഇരുട്ടില്‍ മറഞ്ഞിരുപ്പുണ്ടാകാം. ഇത് നിരാശാ ജനകവും പ്രതിഷേധാര്‍ഹവുമാണ്. ഇക്കണക്കിനു പോയാല്‍ ആര്‍ക്കും സുരക്ഷിതമല്ലെന്നു ഉറപ്പ്.
അത്തരമൊരു ഭീതി ജനങ്ങള്‍ക്കിടയിലുണ്ട്. ഈ ഭീതി അകറ്റുന്നതിനു ദേവകിയുടെ കൊലയാളികളെ ഉടന്‍ കണ്ടെത്തണം. ചില പ്രതീക്ഷകള്‍ ഇപ്പോഴും ജനങ്ങള്‍ക്കുണ്ട്. അതു തല്ലികെടുത്താതെ നോക്കേണ്ട ബാധ്യത പൊലീസിനു മാത്രമാണ്.
ഒരു നാട്ടുകാരന്