നായന്മാര്‍മൂലയിലെ റെയ്‌ഡില്‍ രണ്ടു ലക്ഷത്തിന്റെ ചന്ദനമുട്ടികള്‍ പിടിയില്‍

0
14


കാസര്‍കോട്‌: ഇടുക്കിയിലെ മറയൂരില്‍ നിന്നു കാറില്‍ ചന്ദനം കടത്തുന്നതിനിടയില്‍ കാസര്‍കോട്‌ സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍. നായന്മാര്‍മൂലയിലെ ഇബ്രാഹിം മഷൂദി(35)നെയും മറ്റു രണ്ടുപേരെയുമാണ്‌ ഇന്നു പുലര്‍ച്ചെ മറയൂരിനു സമീപത്തു വച്ച്‌ വനം വകുപ്പ്‌ അധികൃതര്‍ അറസ്റ്റു ചെയ്‌തത്‌. മറ്റു രണ്ടുപേരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
അറസ്റ്റിലായവരെ വനം വകുപ്പ്‌ ഓഫീസില്‍ ചോദ്യം ചെയ്‌തു വരുന്നു.
ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റിലായ ഇബ്രാഹിം മഷൂദിന്റെ നായന്മാര്‍മൂലയിലെ വസതിയില്‍ ഡി.എഫ്‌.ഒ.എം രാജീവന്റെ നേതൃത്വത്തില്‍ രാവിലെ റെയ്‌ഡ്‌ നടത്തി ചന്ദന മുട്ടികള്‍ പിടികൂടിയത്‌. ചെത്തിമിനുക്കിയ ചന്ദനമുട്ടികള്‍ കട്ടിലിന്‍ കീഴില്‍ ബിഗ്‌ ഷോപ്പറിലാണ്‌ സൂക്ഷിച്ചിരുന്നതെന്നു വനം വകുപ്പ്‌ അധികൃതര്‍ പറഞ്ഞു. പത്തു കിലോയിലധികം തൂക്കം വരുമെന്നും രണ്ടുലക്ഷത്തോളം രൂപ വിലമതിക്കുമെന്നും ഫോറസ്റ്റ്‌ അധികൃതര്‍ പറഞ്ഞു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില പിടിപ്പുള്ള ചന്ദന ഇനമാണ്‌ മറയൂര്‍ ചന്ദനം. മറയൂരില്‍ നിന്നും എത്തിക്കുന്ന ചന്ദനം കാസര്‍കോട്ടെ രഹസ്യകേന്ദ്രത്തിലെത്തിച്ച്‌ ഫാക്‌ടറികള്‍ക്ക്‌ കൈമാറുകയാണെന്നു സംശയിക്കുന്നു. വിശദമായ അന്വേഷണം നടന്നു വരുന്നതായി ഫോറസ്റ്റ്‌ അധികൃതര്‍ അറിയിച്ചു.
നായന്മാര്‍മൂലയിലെ റെയ്‌ഡില്‍ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരായ സുധീര്‍, കെ.എന്‍.രമേശന്‍, ഗിരീഷ്‌ കുമാര്‍, ശ്രീധരന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY