ചട്ടഞ്ചാല്‍ സബ്‌ട്രഷറിക്കു ശാപമോക്ഷം: കെട്ടിടം പണിയാന്‍ രണ്ടര കോടി അനുവദിച്ചു

0
15


ചട്ടഞ്ചാല്‍: സ്ഥല പരിമിതികളുടെ ഇടയില്‍ വീര്‍പ്പുമുട്ടിയ ചട്ടഞ്ചാല്‍ സബ്‌ട്രഷറിക്കു പുതിയ കെട്ടിടമൊരുങ്ങുന്നു. ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യത്തിനാണ്‌ ഇപ്പോള്‍ നടപടിയായത്‌. ചട്ടഞ്ചാല്‍ ജംഗ്‌ഷനിലെ വാടക കെട്ടിടത്തിലാണ്‌ 19 വര്‍ഷമായി സബ്‌ട്രഷറി പ്രവര്‍ത്തിക്കുന്നത്‌. സ്ഥല പരിമിതി കാരണം ട്രഷറിയുടെ സേവനം തേടി വരുന്ന പൊതുജനം വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഈ പ്രശ്‌നത്തിനാണ്‌ ഇപ്പോള്‍ പരിഹാരമായത്‌.
സബ്‌ട്രഷറിക്കായി സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന്‌ എന്‍ എച്ച്‌ 66 നോടു ചേര്‍ന്ന്‌ തെക്കില്‍ വില്ലേജില്‍ 20 സെന്റ്‌ സ്ഥലം റവന്യൂ വകുപ്പ്‌, ട്രഷറി വകുപ്പിനു കൈമാറിയിട്ടുണ്ട്‌. അന്നുമുതല്‍ ഈ സ്ഥാപനത്തിന്‌, കെട്ടിടം നിര്‍മ്മിക്കുന്നതിന്‌ ഫണ്ട്‌ ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിരുന്നതായി കെ കുഞ്ഞിരാമന്‍ എം എല്‍ എ അറിയിച്ചു. അതിന്റെ ഫലമായി ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി പദ്ധതിക്കായി 2.6 കോടി രൂപ അനുവദിച്ചതായും എം എല്‍ എ അറിയിച്ചു. ജനുവരി അവസാന വാരത്തോടെ സാമ്പത്തികാനുമതി നേടി ഫെബ്രുവരി രണ്ടാം വാരത്തില്‍ തന്നെ ട്രഷറി കെട്ടിടം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന്‌ ഇതിന്റെ നിര്‍വ്വഹണ സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കെല്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഇരുനിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഗ്രൗണ്ട്‌ ഫ്‌ളോറില്‍ 4 കൗണ്ടറുകളും രണ്ടു ക്യാഷ്‌ കൗണ്ടറുകളുമുണ്ടാകും. സൂപ്രണ്ട്‌, ട്രഷറി ഓഫീസര്‍, ഗാര്‍ഡ്‌റൂം, സ്റ്റോക്ക്‌ റൂം എന്നിവ താഴത്തെ നിലയിലും മുകളിലത്തെ നിലയില്‍ സ്റ്റാഫ്‌ ഡൈനിംഗ്‌ ഹാള്‍, മീറ്റിംഗ്‌ ഹാള്‍, റിക്കാര്‍ഡ്‌ റൂം എന്നിവയും ഒരുക്കും. താഴത്തെ നിലയില്‍ കാത്തിരിപ്പു കേന്ദ്രം, അംഗ പരിമിതര്‍ക്കുള്ള റാമ്പ്‌, ലേഡീസ്‌ ആന്റ്‌ ജെന്റ്‌സ്‌ ശുചിമുറികള്‍, എ ടി എം കൗണ്ടര്‍ എന്നിവയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY