സ്‌പോട്‌സ്‌ കൗണ്‍സില്‍ തിരഞ്ഞെടുപ്പു നടപടികള്‍ക്ക്‌ ഹൈക്കോടതി സ്റ്റേ

0
21


കൊച്ചി: ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തിരഞ്ഞെടുപ്പു നടപടികള്‍ ഹൈക്കോടതി രണ്ടാഴ്‌ചത്തേക്കു തടഞ്ഞു.
സംസ്ഥാന ചീഫ്‌ സെക്രട്ടറി, സ്‌പോര്‍ട്‌സ്‌ ആന്റ്‌ യൂത്ത്‌ അഫയേഴ്‌സ്‌ വകുപ്പു സെക്രട്ടറി, സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ സെക്രട്ടറി, കാസര്‍കോട്‌ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ സെക്രട്ടറി, സ്‌പോര്‍ട്‌സ്‌ ആന്റ്‌ യൂത്ത്‌ അഫയേഴ്‌സ്‌ ഡയറക്‌ടര്‍-റിട്ടേണിംഗ്‌ ഓഫീസര്‍, കാസര്‍കോട്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ റിട്ടേണിംഗ്‌ ഓഫീസര്‍ എന്നിവരോടാണ്‌ തിരഞ്ഞെടുപ്പു നടപടികള്‍ നിറുത്തിവയ്‌ക്കാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചത്‌.
2018ലെ കേരള സ്‌പോര്‍ട്‌സ്‌ (ഭേദഗതി) നിയമങ്ങള്‍ നടപ്പാക്കുന്നതു നിറുത്തിവയ്‌ക്കാനാണ്‌ കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്‌.
ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍ക്കാര്‍സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ടു സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഭാരവാഹികളെ മാറ്റിയിരുന്നു. അവശേഷിച്ച ആറു ജില്ലാ കൗണ്‍സിലുകളില്‍ കാസര്‍കോട്‌ ഉള്‍പ്പെടെ നാലു ജില്ലാ കൗണ്‍സിലുകള്‍ അതിനെതിരെ നിയമ നടപടിയെടുത്തതിനെ തുടര്‍ന്നു നിലനില്‍ക്കുകയായിരുന്നു.
വെട്ടിനിരത്തലും പിടിച്ചെടുക്കലും പൂര്‍ണ്ണമാക്കുന്നതിനു നിലവിലുള്ള ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളില്‍ തിരഞ്ഞെടുപ്പു നടപടികള്‍ ആരംഭിക്കുകയും ജില്ലാ കൗണ്‍സില്‍ പ്രസിഡണ്ടുമാരും പ്രധാന അസോസിയേഷനുകളുടെ പ്രതിനിധികളെയും ബന്ധപ്പെട്ട അസോസിയേഷനുകള്‍ അറിയിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാതെ മാറ്റുകയുമായിരുന്നെന്നാണ്‌ പരാതി. ഇത്തരത്തില്‍ പുതുതായി അസോസിയേഷനുകള്‍ അറിയാതെ അവരുടെ പ്രതിനിധികളാക്കിയവരില്‍ പലരും സി.പി.എം പ്രാദേശിക നേതാക്കളും എം.പിയുടെ ബന്ധുവുമടക്കമുള്ളവരാണെന്നും പരാതിയുണ്ടായിരുന്നു. മാത്രമല്ല, ജില്ലയില്‍ പ്രവര്‍ത്തനമില്ലാത്തവയും ജില്ലയിലെ ജനങ്ങളും കായിക പ്രേമികളും കേട്ടിട്ടില്ലാത്തതുമായ അസോസിയേഷനുകളും സര്‍ക്കാര്‍ അസോസിയേഷന്‍ പിടിച്ചെടുക്കലിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുകയാണെന്നും പരാതിയുണ്ടായിരുന്നു.
സ്‌പോര്‍ട്‌സ്‌ രംഗത്തു മികവുണ്ടാക്കാന്‍ വര്‍ഷം ശരാശരി 50 ലക്ഷത്തിനും ഒരു കോടിക്കുമിടയില്‍ രൂപ മിക്ക ജില്ല അസോസിയേഷനുകള്‍ക്കും അനുവദിക്കാറുണ്ടെന്നു പറയുന്നു. ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ കഴിഞ്ഞ ഭരണകാലത്തു വന്‍തോതില്‍ സാമ്പത്തിക തിരിമറിയും തട്ടിപ്പുമുണ്ടായതായി ആരോപണമുണ്ടായിരുന്നു. ഇതിനെക്കുറിച്ചു വിജിലന്‍സ്‌ അന്വേഷണം തുടരുന്നുണ്ട്‌. സ്‌പോര്‍ട്‌സ്‌ ഡിവിഷന്‍ കുട്ടികള്‍ക്കു ഭക്ഷണത്തിന്‌ ദിവസം 200 രൂപ വച്ചു സര്‍ക്കാര്‍ നല്‍കുന്നുണ്ട്‌.എ ന്നാല്‍ ഈ തുകയും തട്ടിപ്പാക്കിയിരുന്നെന്ന്‌ ആക്ഷേപമുണ്ടായിരുന്നു. ഉദയഗിരിയില്‍ കബഡി കോര്‍ട്ടിനു വേലി കെട്ടാന്‍ അനുവദിച്ച അഞ്ചു ലക്ഷം രൂപ പിന്‍വലിച്ചെങ്കിലും വേലി ഉയര്‍ന്നിട്ടില്ലെന്നും കബഡി കോര്‍ട്ടുണ്ടാക്കാന്‍ ഏഴു ലക്ഷം രൂപ അനുവദിച്ചെങ്കിലും നാലു ലോഡ്‌ മണ്ണ്‌ അവിടെ നിക്ഷേപിക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂവെന്നും ആരോപണമുണ്ട്‌.

NO COMMENTS

LEAVE A REPLY