കാസര്‍കോട്ടെ ജി എസ്‌ ടി ഇന്റലിജന്‍സ്‌ ഓഫീസ്‌ കാഞ്ഞങ്ങാട്ടേക്ക്‌ മാറ്റാന്‍ നീക്കം

0
18


കാസര്‍കോട്‌: കാസര്‍കോട്ട്‌ പ്രവര്‍ത്തിക്കുന്ന ജി എസ്‌ ടി ഇന്റലിജന്‍സ്‌ ഓഫീസ്‌ കാഞ്ഞങ്ങാട്ടേക്കു മാറ്റാന്‍ നീക്കം. ഇതിനെതിരെ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക്കിനു പരാതി നല്‍കി.
നിലവില്‍ കാസര്‍കോട്‌, തായലങ്ങാടിയിലാണ്‌ ഇന്റലിജന്‍സ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടെ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ വ്യാപാരികളും മറ്റും ദുരിതത്തിലാണ്‌. ജൂനിയര്‍ സൂപ്രണ്ട്‌ അടക്കമുള്ളവരെ ജില്ലാതല ഓഫീസില്‍ നിന്നു കാഞ്ഞങ്ങാട്ടേക്കുമാറ്റിയിരുന്നു. രണ്ടോളം പേര്‍ മാത്രമാണ്‌ കാസര്‍കോട്ടെ ഓഫീസില്‍ ജോലി ചെയ്യുന്നത്‌. ഇതു വ്യാപാരികളെ ദുരിതത്തിലാക്കിയിട്ടുണ്ട്‌. നിലവിലുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവെന്നു ചൂണ്ടിക്കാട്ടിയാണ്‌ ജില്ലാതല ഓഫീസ്‌ കാഞ്ഞങ്ങാട്ടേക്കു മാറ്റാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്‌.62 ജീവനക്കാരുള്ളതാണ്‌ ഈ ഓഫീസ്‌. ആവശ്യമായ കെട്ടിടം കാസര്‍കോട്ടു തന്നെ ഉണ്ടെന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ്‌ ഓഫീസ്‌ മാറ്റാനുള്ള നീക്കം നടക്കുന്നത്‌.
ഇതിനെതിരെ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ പരാതി നല്‍കി. ഓഫീസ്‌ കാഞ്ഞങ്ങാട്ടേക്കു മാറ്റാനുള്ള നീക്കം നീതിയല്ലെന്നു എം എല്‍ എ നല്‍കിയ പരാതിയില്‍ പറഞ്ഞു. 400 സ്‌ക്വയര്‍ ഫീറ്റ്‌മാത്രമുള്ള കെട്ടിടത്തിലാണ്‌ ഇപ്പോള്‍ കാഞ്ഞങ്ങാട്ട്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നതെന്നും ഇവിടേക്കാണ്‌ ജീവനക്കാരെ ഒന്നടങ്കം മാറ്റിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്റലിജന്‍സ്‌ ഓഫീസ്‌ കാസര്‍കോട്ടു തന്നെ നിലനിര്‍ത്തണമെന്നു എം എല്‍ എ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY