ഇടതു സര്‍ക്കാര്‍ 209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

0
23


കൊച്ചി: വി.എസ്‌.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന 2011ലെ ഇടതു സര്‍ക്കാരിന്റെ അവസാന കാലത്ത്‌ കെ.ടി.ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധക്കേസ്‌ അടക്കമുള്ള ഗുരുതരമായ കേസുകളിലെ 209 പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ്‌ ഹൈക്കോടതി ഫുള്‍ബെഞ്ച്‌ റദ്ദാക്കി. പൊതു പ്രവര്‍ത്തകര്‍ നല്‍കിയ നാലു ഹര്‍ജികളും ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയും പരിഗണിച്ചു കൊണ്ടാണ്‌ ഫുള്‍ബെഞ്ച്‌ സുപ്രധാന വിധി പ്രസ്‌താവിച്ചത്‌. വിട്ടയച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ ആറുമാസത്തിനകം നല്‍കണമെന്ന്‌ കോടതി സംസ്ഥാന ഗവര്‍ണ്ണറോട്‌ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.
രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ്‌ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ തടവില്‍ കഴിഞ്ഞിരുന്ന 209 പേരെ വിട്ടയച്ചുകൊണ്ട്‌ ഉത്തരവായത്‌.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു 45പേരെയും ചീമേനി തുറന്ന ജയിലില്‍ നിന്നു 24 പേരെയും പൂജപ്പുരയില്‍ നിന്നു 28 പേരെയും വനിതാ ജയിലില്‍ നിന്നു ഒരാളും നെടുകാല്‍തിരി ജയിലില്‍ നിന്നു 111 പേരുമാണ്‌ വിട്ടയക്കപ്പെട്ടത്‌. ഇവരില്‍ കൊലക്കേസ്‌ പ്രതികളുമുണ്ട്‌.
14 വര്‍ഷം ശിക്ഷ അനുഭവിച്ചവരെ ഇളവു നല്‍കി വിട്ടയക്കാമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ ശിക്ഷാ ഇളവ്‌ നല്‍കിയത്‌. എന്നാല്‍ വിട്ടയക്കപ്പെട്ടവരില്‍ നാലുപേര്‍ മാത്രമാണ്‌ 14 വര്‍ഷത്തെ തടവ്‌ പൂര്‍ത്തിയാക്കിയിരുന്നത്‌. 100ല്‍ അധികം പ്രതികള്‍ പത്തു വര്‍ഷം പോലും തടവ്‌ ശിക്ഷ അനുഭവിക്കാത്തവരാണ്‌.
ഇതു ചൂണ്ടിക്കാട്ടിയാണ്‌ പൊതു പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരുടെ ആശ്രിതരും ശിക്ഷാ ഇളവ്‌ നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്‌.
വിട്ടയക്കപ്പെട്ടവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ആറുമാസത്തിനകം നല്‍കണമെന്നും പുറത്തിറങ്ങിയ ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട്‌ നല്‍കണമെന്നും ഹൈക്കോടതി വിധി പ്രസ്‌താവനയില്‍ പറഞ്ഞു.
വി.എസ്‌ നേതൃത്വത്തിലുണ്ടായിരുന്ന ഇടതു സര്‍ക്കാരിന്റെ അവസാന കാലത്ത്‌ വിട്ടയക്കപ്പെട്ടവരില്‍ രാഷ്‌ട്രീയ തടവുകാരുമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY