എസ്‌ സി കോളനിയിലെ കുടിവെള്ള സംവിധാനം സ്വകാര്യ വ്യക്തി കൈയ്യേറിയതായി പരാതി

0
13

കുമ്പള: എസ്‌ സി കോളനിയിലെ കുടിവെള്ള സംവിധാനം സ്വകാര്യ വ്യക്തി കൈയ്യേറിയതായി പരാതി. പൈവളികെ പഞ്ചായത്തിലെ ധര്‍മ്മത്തടുക്ക കക്ക്‌വെ എസ്‌ സി കോളനിയില്‍ നാലു വര്‍ഷം മുമ്പ്‌ പഞ്ചായത്ത്‌ നിര്‍മ്മിച്ച കുഴല്‍ കിണറും ടാങ്കും അടക്കമുള്ള കുടിവെള്ള സംവിധാനമാണ്‌ കൈയ്യേറിയതെന്ന്‌ നാട്ടുകാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു മാസം മുമ്പ്‌ ടാങ്കും കിണറും അകത്താക്കി പറമ്പിന്‌ ചുറ്റുമതില്‍ നിര്‍മ്മിച്ചതോടെ കോളനിവാസികളുടെ കുടിവെള്ളം പാടേ മുട്ടിപ്പോയിരിക്കുകയാണ്‌. വെള്ളം ചോദിച്ച്‌ ചെല്ലുന്നവരോട്‌ ‘നിങ്ങളുടെ കിണറും ടാങ്കും എടുത്തോണ്ട്‌ പൊയ്‌ക്കോ’ എന്ന്‌ പരിഹസിക്കുന്നതായി കോളനിവാസികള്‍ പറയുന്നു. ഒരു മാസത്തിലധികമായി ഇവിടെ ടാങ്കറില്‍ വരുന്ന വെള്ളം ദിവസം 650 രൂപ നല്‍കി വിലയ്‌ക്കു വാങ്ങുകയാണത്രെ മുപ്പതോളം വരുന്ന ഈ കുടുംബങ്ങള്‍. അതും മൂന്നുദിവസത്തിലൊരിക്കല്‍ മാത്രമാണ്‌ ലഭിക്കുന്നതെന്നും കോളനിവാസികള്‍ പറയുന്നു. പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും അവര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും പഞ്ചായത്തംഗം കൈയ്യേറ്റക്കാരന്‌ ഒത്താശ ചെയ്യുന്നതായും അവര്‍ ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ മൊഗേറു സംഘ ജില്ലാ പ്രസിഡന്റ്‌ രവികാന്ത്‌, പി എ രമേശ്‌, ബി എ ബഷീര്‍, മണി കെ., സുന്ദരി സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY