ചാലറോഡില്‍ യുവതിയുടെ കൊലയ്‌ക്ക്‌ ഉപയോഗിച്ച ദോശച്ചട്ടി കണ്ടെടുത്തു

0
33


കാസര്‍കോട്‌: ചാല റോഡിലെ ഒറ്റമുറി കെട്ടിടത്തില്‍ താമസിക്കുന്നതിനിടയില്‍ കാമുകിയെ കാമുകന്‍ തലയ്‌ക്കടിച്ചു കൊല്ലാന്‍ ഉപയോഗിച്ച ദോശച്ചട്ടി കണ്ടെടുത്തു. അറസ്റ്റിലായ കാമുകനും ഇന്റര്‍ലോക്കു തൊഴിലാളിയുമായ കര്‍ണ്ണാടക, ബെല്‍ഗാം, മാര്‍ക്കറ്റിനു സമീപത്തെ ചന്ദ്രുരമേശ്‌ എന്ന സുനിലി(32)നെ ചാല റോഡിലെ താമസ്ഥലത്തു നടത്തിയ പരിശോധനയിലാണ്‌ പിടിയുള്ള ദോശച്ചട്ടി ഇന്‍സ്‌പെക്‌ടര്‍ വി വി മനോജും സംഘവും കണ്ടെടുത്തത്‌. തലയടിച്ചു പൊട്ടിക്കാനും വാരിയെല്ലു തകര്‍ക്കാനും ഉപയോഗിച്ച ദോശച്ചട്ടിയില്‍ ചോരപുരണ്ടിരുന്നു. തെളിവു നശിപ്പിക്കാനായി ഇതു കഴുകി വൃത്തിയാക്കിയ ശേഷം താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത്‌ വച്ച നിലയിലാണ്‌ ചട്ടി കണ്ടെടുത്തതെന്നു പൊലീസ്‌ പറഞ്ഞു.
കര്‍ണ്ണാടക, ഗദക്‌ സ്വദേശിയായ സരസ്വതി കഴിഞ്ഞ മാസം 17ന്‌ രാത്രിയിലാണ്‌ കൊല്ലപ്പെട്ടത്‌. ഇന്റര്‍ലോക്ക്‌ കമ്പനിയില്‍ തൊഴിലാളികളും കമിതാക്കളുമായ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെപോലെയാണ്‌ ഒന്നിച്ച്‌ താമസിച്ചിരുന്നതെന്നു പൊലീസ്‌ പറഞ്ഞു.
കൊല നടന്നതിന്റെ തലേനാള്‍ സരസ്വതിയും പരപുരുഷനും തമ്മിലുള്ള ബന്ധം നേരില്‍ കണ്ടതാണ്‌ കൊലപാതകത്തിനു ഇടയാക്കിയതെന്നു പ്രതി സമ്മതിച്ചതായി പൊലീസ്‌ പറഞ്ഞു. മദ്യലഹരിയിലാണ്‌ കൊല നടത്തിയതെന്നും ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ്‌ താമസസ്ഥലത്ത്‌ മൃതദേഹം കിടത്തി വാതില്‍ പൂട്ടി താക്കോല്‍ ഉടമയെ ഏല്‍പ്പിച്ച്‌ രക്ഷപ്പെട്ടതെന്നും പ്രതി ചന്ദ്രു രമേശ്‌ പൊലീസിനു മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ച്ചത്തേയ്‌ക്കു റിമാന്റു ചെയ്‌തു.

NO COMMENTS

LEAVE A REPLY