അയോധ്യാ കേസ്‌: ജസ്റ്റിസ്‌ ലളിത്‌ പിന്‍മാറി; വാദം കേള്‍ക്കല്‍ മാറ്റി

0
24


ന്യൂദെല്‍ഹി: അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നു ജസ്റ്റിസ്‌ യു യു ലളിത്‌ പിന്‍മാറി. ഇതേ തുടര്‍ന്ന്‌ ഇന്ന്‌ നടക്കേണ്ടിയിരുന്ന വാദം കേള്‍ക്കല്‍ 29-ാം തീയ്യതിയിലേയ്‌ക്കു മാറ്റി വച്ചു.ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ നിന്നാണ്‌ ലളിത്‌ പിന്‍മാറിയത്‌.
ജസ്റ്റിസ്‌ യു യു ലളിത്‌ അഭിഭാഷകനായിരുന്ന സമയത്ത്‌, ബാബറി മസ്‌ജിദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കല്യാണ്‍ സിംഗിനുവേണ്ടി ഹാജരായിരുന്നു. ഇക്കാര്യം ഏതാനും മുസ്ലീം സംഘടനകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനായ രാജീവ്‌ ദിവാന്‍ ഉന്നയിച്ചിരുന്നു. ഇതാണ്‌ വാദം കേള്‍ക്കുന്നതില്‍ നിന്നു യു യു ലളിത്‌ പിന്‍മാറാന്‍ ഇടയാക്കിയത്‌.
നേരത്തെ അലഹാബാദ്‌ ഹൈക്കോടതി അയോധ്യയിലെ തര്‍ക്കഭൂമി വിഭജിച്ചു നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നിവഖഫ്‌ ബോര്‍ഡിനും നിര്‍മോഹി അഖാഡയ്‌ക്കും രാംലല്ലയ്‌ക്കും തുല്യമായി വീതിച്ചു നല്‍കാനായിരുന്നു വിധി. ഇതു ചോദ്യം ചെയ്‌തു കൊണ്ട്‌ 16 ഹര്‍ജികളാണ്‌ സുപ്രീം കോടതിയില്‍ എത്തിയത്‌.
മുന്‍ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുള്‍പ്പെട്ട ബെഞ്ച്‌ കേസ്‌ നേരത്തെ പരിഗണിച്ചുവെങ്കിലും അതൊരു ഭൂമി തര്‍ക്കമാണെന്നു വ്യക്തമാക്കിയിരുന്നു. പിന്നീട്‌ പുതിയ ചീഫ്‌ ജസ്റ്റിസായി രഞ്‌ജന്‍ ഗോഗോയി എത്തുകയും ഭരണഘടനാ ബഞ്ചിനു രൂപം കൊടുക്കുകയും ചെയ്‌തു. ചീഫ്‌ ജസ്റ്റിസിനെ കൂടാതെ യു യുലളിത്‌, എസ്‌എ ബോബ്‌ഡെ, എന്‍ വി രമണ, ഡിവൈ ചന്ദ്രചൂഢ്‌ എന്നിവരാണ്‌ അംഗങ്ങള്‍.
അയോധ്യാകേസിലെ അന്തിമ വാദം കേള്‍ക്കാനാണ്‌ ഇന്നത്തേയ്‌ക്ക്‌ വച്ചിരുന്നത്‌. രാമക്ഷേത്ര നിര്‍മ്മാണത്തിനു ഓര്‍ഡിനന്‍സ്‌ ഇറക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിവിധ ഹിന്ദു സംഘടനകള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്നതിനിടയിലാണ്‌ കേസ്‌ ഇന്ന്‌ പരിഗണിക്കാനിരുന്നത്‌.

NO COMMENTS

LEAVE A REPLY