അക്രമം; മഞ്ചേശ്വരത്തു രാത്രി 11 വരെ നിരോധനാജ്‌ഞ

0
501


കാസര്‍കോട്‌: ഇന്നലെ രാത്രിയില്‍ ഉണ്ടായ വിവിധ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മഞ്ചേശ്വരം താലൂക്കില്‍ ജില്ലാ കളക്‌ടര്‍ ഡോ. ഡി സജിത്ത്‌ ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി 11 മണിവരെയാണ്‌ 144 പ്രകാരമുള്ള നിരോധനം. നാലു പേരില്‍ കൂടുതല്‍ കൂടി നില്‍ക്കുന്നതും മാരകായുധങ്ങള്‍ കൊണ്ടു നടക്കുന്നതും ശിക്ഷാര്‍ഹമാണ്‌. താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്നു അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഇന്നലെ രാത്രി കടമ്പാര്‍, വിഷ്‌ണുമൂര്‍ത്തി നഗറിലും കുഞ്ചത്തൂരിലും ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌.
മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ്‌ പട്രോളിംഗും പിക്കറ്റും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. കൂടുതല്‍ സായുധ പൊലീസിനെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. കോസ്റ്റല്‍ പൊലീസ്‌ ഡി ഐ ജി കെ ടി ഫിലിപ്പ്‌ ഇന്നു രാവിലെ കാസര്‍കോട്ടെത്തി ഉച്ചയോടെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചു. ജില്ലാ പൊലീസ്‌ ചീഫ്‌ ഡോ. എ ശ്രീനിവാസ്‌, എ എസ്‌ പി ഡി ശില്‍പ്പ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ്‌ ജാഗ്രത പാലിക്കുന്നു.
കുഞ്ചത്തൂരില്‍ സ്‌കൂട്ടറുകള്‍ തടഞ്ഞു നിര്‍ത്തി ഉണ്ടായ അക്രമത്തില്‍ സാരമായി പരിക്കേറ്റ കൊളക്കബയലിലെ ഗുപാല്‍ ഭണ്ഡാരി(43), കുച്ചിക്കാട്ടെ നിതേഷ്‌(23), പാവൂര്‍,കുണ്ടിലയിലെ ശരത്‌കുമാര്‍(34) മജലിലെ രാജേഷ്‌(22), ബണ്ട്വാളിലെ സന്തോഷ്‌(23) എന്നിവരാണ്‌ ആശുപത്രിയിലായത്‌.
കുഞ്ചത്തൂര്‍ പദവിലെ ബാലാഞ്‌ജനേയ വ്യായാമശാലയില്‍ പൂജയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു പരിക്കേറ്റവര്‍. ഇവര്‍ ശബരിമല ദര്‍ശനത്തിനു പോകാനായി മുദ്രധരിച്ച്‌ വ്രതം നോക്കുന്നവരാണ്‌.

NO COMMENTS

LEAVE A REPLY