കനലെരിയും ബാല്യം

0
162


ആംബുലന്‍സ്‌ വളയം പിടിക്കുമ്പോഴും ലഹരിക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ ഒരു സിനിമയുമായി യുവ സംവിധായകന്‍. കിനാനൂര്‍ കരിന്തളം പഞ്ചായത്ത്‌ സംസ്ഥാന എക്‌സൈസ്‌ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സഹായത്തോടെ വിബ്‌ജിയോര്‍ ഫിലിംസിന്റെ ബാനറില്‍ `കനലെരിയും ബാല്യം’ എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലായി നടന്നു വരുന്നു.
ഇന്ന്‌ സമൂഹത്തില്‍ യുവതലമുറ ലഹരിക്കടിമപ്പെടുന്ന അവസ്ഥയാണ്‌ കണ്ടുവരുന്നത്‌. അതിനെതിരെ സംസ്ഥാനത്തിലെ വിദ്യാലയങ്ങളിലും ക്ലബ്ബുകളിലും സന്നദ്ധസംഘടനകളിലും സിനിമപ്രദര്‍ശനം നടത്തി ജനങ്ങളില്‍ സന്ദേശങ്ങള്‍ എത്തിക്കുക എന്നതാണ്‌ സിനിമ ലക്ഷ്യമിടുന്നത്‌. 1.30 മണിക്കൂര്‍ നീണ്ട സിനിമ കണ്ണൂര്‍, കാസര്‍കോട്‌, ഷിമോഗ എന്നിവിടങ്ങളിലാണ്‌ ചിത്രീകരിക്കുന്നത്‌.
സന്തോഷ്‌ കീഴാറ്റൂര്‍, സദാനന്ദന്‍, ചന്ദ്രമോഹന്‍, അശ്വിന്‍ മധു, രാഗിണി, എക്‌സൈസ്‌ വകുപ്പ്‌ ജീവനക്കാര്‍, ആരോഗ്യ വകുപ്പ്‌ ജീവനക്കാര്‍ എന്നിവരും സിനിമയില്‍ അഭിനേതാക്കളായി എത്തുന്നു.
കനലെരിയും ബാല്യം എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം,സംവിധാനം എന്നിവ ഒരുക്കിയത്‌ ഗവ.ജില്ലാഹോസ്‌പിറ്റല്‍ കാഞ്ഞങ്ങാടിലെ ആംബുലന്‍സ്‌ ഡ്രൈവറും കലാകാരനുമായ അജികുട്ടന്‍മാമന്‍ എന്ന അജിയാണ്‌. 15 വര്‍ഷത്തോളം ഡ്രൈവറായി ജോലി ചെയ്‌തുവരുന്ന ഇദ്ദേഹം 6 വര്‍ഷത്തോളമായി ആരോഗ്യ വകുപ്പില്‍ കാസര്‍കോട്‌ ജനറല്‍ ഹോസ്‌പിറ്റലിലും കാഞ്ഞങ്ങാട്‌ ജില്ലാഹോസ്‌പിറ്റലിലുമായി ജോലി ചെയ്‌തു വരുന്നു. കാസര്‍കോട്‌ ഗവണ്‍മെന്റ്‌ ഹോസ്‌പിറ്റലില്‍ ആംബുലന്‍സ്‌ ഡ്രൈവറായി ജോലി ചെയ്‌തുവരുന്നതിനിടയില്‍ 26 മിനുട്ടില്‍ 51 കിലോമീറ്റര്‍ വാഹനം സഞ്ചരിച്ച്‌ ഒരു ജീവന്‍ രക്ഷിച്ച്‌ ജില്ലാ മേലധികാരികളില്‍ നിന്ന്‌ അവാര്‍ഡുകളും പ്രശസ്‌തി പത്രവും കരസ്ഥമാക്കിയിട്ടുണ്ട്‌. 15 വര്‍ഷത്തോളം ഡ്രൈവറായി ജോലി ചെയ്‌തുവരുമ്പോഴും കലയോടുള്ള അടങ്ങാത്ത മോഹം കൊണ്ടാണ്‌ ഈ മേഖലയില്‍ എത്തിയതെന്ന്‌ അജികുട്ടന്‍മാമന്‍ പറഞ്ഞു.
ഇതിന്‌ മുമ്പ്‌ ഇദ്ദേഹം സര്‍ക്കാര്‍ തലത്തില്‍ ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹായത്തോടെ ജനശ്രദ്ധയാകര്‍ഷിച്ച വിഷക്കാറ്റ്‌ എന്ന മണിക്കൂറിന്‌ മുകളിലുള്ള സിനിമയ്‌ക്കുള്ള കഥയും സംവിധാനവും നിര്‍വ്വഹിച്ചിരുന്നു. കേരളത്തിലെ 332 വോളം വിദ്യാലയങ്ങളില്‍ സിനിമ പ്രദര്‍ശനം നടത്തി.
കൈരളി ടി.വി. ചാനലില്‍ കുട്ടി പട്ടുറുമാല്‍ റിയാലിറ്റി ഷോയില്‍ നാല്‌ വര്‍ഷത്തോളം പെര്‍ഫോര്‍മന്‍സ്‌ ഡയറക്‌ടര്‍ ആയി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. എന്‍മലരില്‍ സുഗന്ധം, പലന്തായി കണ്ണന്‍, പാടാര്‍കുളങ്ങര, ശിവഗംഗ, സമയം എന്നി വീഡിയോ ആല്‍ബങ്ങളുടെ സംവിധാനവും ചെയ്‌തു.കലികാലത്തിന്റെ കര്‍മ്മയോഗികള്‍, മായാത്തമുറിവുകള്‍, കുമ്പസാരം എന്നീ നാടകങ്ങള്‍ക്കും നിരവധി സ്‌കൂള്‍ നാടകങ്ങള്‍ക്കും രചനയും സംവിധാനവും ഇദ്ദേഹം നിര്‍വഹിച്ചു. മുമ്പ്‌ ബസ്‌ ഡ്രൈവറായി ജോലി ചെയ്‌തു വരുന്നതിനിടയിലാണ്‌ ട്രാഫിക്കിനെ കുറിച്ചുള്ള ആര്‍.സി.ഓണര്‍ എന്ന സിനിമയുടെ കഥയും സംവിധാനവും സംഭാഷണവും നിര്‍വ്വഹിച്ചത്‌. പ്രസ്‌തുത സിനിമ പൂര്‍ത്തിയാക്കുവാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ നീലേശ്വരം പള്ളിക്കര സ്വദേശിയായ ഇദ്ദേഹം.

NO COMMENTS

LEAVE A REPLY