വിവാഹിതരാവുന്ന സ്‌ത്രീകളും പുരുഷന്‍മാരും ശ്രദ്ധിക്കാന്‍

0
92


കൂക്കാനം റഹ്‌മാന്‍

അവ്വക്കറ്‌ക്കയെ കണ്ടിട്ട്‌ കുറേകാലമായി. നീണ്ട നരച്ചതാടി തടവി കൊണ്ട്‌ ഗേറ്റ്‌ കടന്നു വരുമ്പഴേ തോന്നി എന്തോ കാതലായ സംശയവുമായാണ്‌ മൂപ്പര്‍ വരുന്നതെന്ന്‌. വ്യക്തിപരമായ കാര്യമായാലും പൊതുകാര്യമായാലും അവ്വക്കറ്‌ക്ക സംശയവുമായി വരുന്നത്‌ ഇവിടേക്കാണ്‌. ചിലപ്പോള്‍ സംശയമായിരിക്കും, ചിലപ്പോള്‍ ചില തീരുമാനം സ്വയം ഉണ്ടാക്കിയെടുത്ത്‌ ശരിയോ തെറ്റോ എന്ന്‌ ആരായുവാനും എന്റെ അടുത്തെത്തും. അങ്ങേരുടെ സംശയങ്ങള്‍ക്ക്‌ ചിലപ്പോള്‍ മറുപടി പറയാന്‍ ഞാന്‍ പ്രായസപ്പെടാറുണ്ട്‌. ഈ വരവില്‍ എന്താണാവോ പറയാനും, ചോദിക്കാനും പോവുന്നു എന്നറിയില്ല.
വന്നപാടെ സലാം ചൊല്ലി ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ വരാന്തയില്‍ ചായ കുടിച്ചുകൊണ്ട്‌ പത്രം വായിച്ചിരിക്കുകയായിരുന്നു അവ്വക്കറ്‌ക്ക സംശയങ്ങളുടെ കെട്ട്‌ പൊട്ടിക്കാന്‍ തുടങ്ങി. ? “അല്ല മാസ്റ്ററേ നമ്മടെ പെങ്കുട്യള കാര്യം വിചാരിക്കുമ്പോള്‍ ബല്ലാത്ത വെഷമം തോന്നുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരന്റെ എല്ലാ കാര്യങ്ങളും രക്ഷകര്‍ത്താക്കള്‍ അറിഞ്ഞിട്ട്‌ മകളെ കെട്ടിക്കൊടുത്താല്‍ പോരെ?
“അങ്ങനെയല്ലെ അവ്വക്കറ്‌ക്ക ചെയ്യേണ്ടത്‌”
അതേ മാസ്റ്ററേ ഇന്നലെ നമ്മളെ കെട്യോള്‌ തൊട്ടപ്പറത്തെ വീട്ടിലെ പെങ്കുട്ടീടെ കാര്യം പറഞ്ഞു കേട്ടപ്പോ ഞമ്മക്ക്‌ നല്ല ബേജറായി അതെന്താ അവ്വക്കറ്‌ക്കാ?? ആ കുട്ടീടെ കല്യാണം കയ്‌ഞ്ഞിറ്റ്‌ പതിനാല്‌ കൊല്ലായി. ഇത്‌ ബരെ അവള്‍ക്കൊരു കുഞ്ഞിക്കാല്‌ കാണാന്‍ കയിഞ്ഞിറ്റില്ല ഞമ്മ ബിശാരിച്ച്‌ അപ്യക്ക്‌ ബേണ്ടാന്ന്‌ കരുതിട്ടാവുംന്നല്ലേ? പക്ഷേങ്കില്‍ കാര്യം അതല്ല മാസ്റ്ററേ?
ബല്യസ്വത്തിന്റെ ഉടമായാണ്‌ അവളെ കല്യാണം കഴിച്ച ചെക്കന്‍. ബല്യ ഒരു രാഷ്‌ട്രിയക്കാരനുമാണ്‌. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം കാണാന്‍ ഒരു ശൊങ്കില്ല. നേതാവാണെങ്കിലും എപ്പോളും ബെള്ളത്ത്‌ത്തന്നെ. ആ പെങ്കുട്യാന്നെങ്കില്‌ പാവം. കാണാന്‍ നല്ല റങ്കുള്ളകുട്ടി. അവളുടെ വീട്ടുകാര്‍ പണക്കാരൊന്നുമല്ല. അതു കൊണ്ട്‌ തന്നെ അവളുടെ രക്ഷിതാക്കള്‍ പൈസക്കാരനെന്ന ഒറ്റക്കാരണത്താല്‍ അവന്‌ കല്യാണം കഴിച്ച്‌ കൊടുത്തു.
ഇടയ്‌ക്ക്‌ ഞാന്‍ കയറി പറഞ്ഞു. ? അതൊക്കെ സാധാരണ നടക്കുന്ന കാര്യമല്ലേ അവ്വക്കറ്‌ക്കാ. മക്കളില്ലാത്തതാണ്‌ പ്രശ്‌നം അല്ലേ ? അതിന്‌ ഇപ്പോള്‍ എന്തൊക്കെ ചികില്‍സയുണ്ട്‌. അത്‌ നോക്കിയാല്‍ പോരെ ??
ഇത്‌ കേട്ട മാത്രയില്‍ അവ്വക്കറ്‌ക്ക എന്റെ അടുത്തേക്ക്‌ കസേര വലിച്ചിട്ടു. എന്തോ സ്വകാര്യം പറയുന്ന മട്ടില്‍ സംസാരിക്കാന്‍ തുടങ്ങി. അകത്തുള്ള ഭാര്യയും മക്കളും കേള്‍ക്കേണ്ട എന്ന്‌ കരുതിയാവാം സ്വകാര്യമായി പറഞ്ഞതിങ്ങിനെ. ?മാസ്റ്ററേ അയാളുടെ ലൈംഗിക അവയവത്തിന്‌ ശേഷി ഇല്ല പോലും. അവള്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ക്കൊരു തോന്നലുമില്ല പോലും. വിവാഹം കഴിഞ്ഞിട്ട്‌ പതിനാല്‌ കൊല്ലമായിട്ട്‌ ഒരിക്കല്‍ പോലും അവര്‍ ബന്ധപ്പെട്ടില്ലാന്ന്‌.?
അവള്‍ സഹിക്കാന്‍ പറ്റാത്തത്‌ കൊണ്ട്‌ അയാളോട്‌ ഒരു ചോദ്യം ചോദിച്ചു എന്നാപറേന്ന്‌. ?പിന്നെന്തിനാ നിങ്ങളെന്നെ കല്യാണം കഴിച്ചത്‌?? അയാള്‍ ഉത്തരം പറഞ്ഞതിങ്ങിനെ: ?വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴിപ്പെട്ട്‌ വിവാഹം ചെയ്‌തു എന്നാണ്‌?
ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണേണ്ടത്‌ രക്ഷിതാക്കാളല്ലേ?
മാസ്റ്റര്‍ക്കെന്താ ഇതിനെക്കുറിച്ചഭിപ്രായം??
ഞാനൊന്ന്‌ മൂളി? എന്താ അവ്വക്കറ്‌ക്കാനോട്‌ പറയ്യാ എന്ന്‌ ആലോചിച്ചിരിക്കേതന്നെ അയാള്‍ അടുത്ത ഡയലോഗ്‌ തുടങ്ങി?മാസ്റ്ററേ ഞമ്മക്ക്‌ കേക്ക്‌ കുറേ സ്ഥലം ഉണ്ടല്ലോ? കയിഞ്ഞ മാസം പണിക്കാരെയും കൂട്ടി പറമ്പില്‍ പണിയെടുപ്പിക്കാന്‍ പോയി. അതില്‍ അന്നാട്ടുകാരനായ ഒരുത്തനും പണിക്കുണ്ടായിരുന്നു. മുപ്പര്‌ പറഞ്ഞകഥ കേട്ട്‌ ഞമ്മ അന്തം വിട്ടു പോയി??
അതെന്താ അവ്വക്കറ്‌ക്കാ??
നല്ല വെളുവെളുത്ത സുന്ദരി പെങ്കൊച്ച്‌. കോളേജിലൊക്കെ പഠിച്ച്‌ ഉയര്‍ന്നബിരുദം നേടിയിട്ടുണ്ട്‌. മിലിട്ടറിയില്‍ ബല്യ റാങ്കിലുള്ള ഒരു ഉദ്യോസ്ഥനുമായി അവളുടെ വിവാഹം നടന്നു. കുടുംബക്കാര്‍ക്കൊക്കെ പെരുത്ത്‌ സന്തോഷായി. രണ്ടാളും അടിപൊളിയായി ജീവിച്ചുവന്നു. മിലിട്ടറി ഓഫീസറായ ഭര്‍ത്താവിനൊപ്പം കാശ്‌മീര്‍ മുതല്‍ ഇന്ത്യയിലെ മിക്ക പട്ടാള കേമ്പുകളിലും രണ്ടുമൂന്നുവര്‍ഷം സുഖസുന്ദരമായി ജീവിച്ചു വന്നു.
വിവാഹത്തിനു മുമ്പ്‌ മിലിട്ടറി ഓഫീസര്‍ പലേടത്തുമുള്ള പെണ്ണുങ്ങളുമായി ബന്ധപ്പെട്ടുകാണും. അങ്ങേര്‍ക്ക്‌ എയ്‌ഡ്‌സ്‌ രോഗമുണ്ടെന്ന്‌ മറച്ചു വെച്ചായിരുന്നു വിവാഹം നടത്തിയത്‌. വിവാഹം കഴിഞ്ഞ്‌ മൂന്നാമത്തെ വര്‍ഷം അങ്ങേര്‌ എയ്‌ഡ്‌സ്‌ എന്ന മാരക രോഗം മൂലം മരിച്ചു. ഇപ്പോള്‍ ഈ പാവം പെണ്‍കുട്ടിക്കും എയ്‌ഡ്‌സ്‌ രോഗം ഉണ്ടെന്ന്‌ തെളിഞ്ഞു. ഇരുപത്തിയഞ്ചിലെത്തിയ ആ യുവതി നീറിക്കഴിയുകയാണിന്ന്‌.? ഇക്കഥകേട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട്‌ പറഞ്ഞു ?അവ്വക്കറ്‌ക്കാ എച്ച്‌.ഐ.വി.ടെസ്റ്റ്‌ നടത്തേണ്ടത്‌ ഇക്കാലത്ത്‌ ആവശ്യമാണ്‌. വിവാഹതരാകുന്ന സ്‌ത്രീയും പുരുഷനും അതിന്‌ തയ്യാറാവുക തന്നെ വേണം. നാട്ടില്‍തന്നെയുള്ളവരായാലും പുറത്തുപോയി ജോലി ചെയ്യുന്നവരായാലും എയ്‌ഡ്‌സ്‌ രോഗ കാരണമായ എച്ച്‌.ഐ.വി. അണുബാധയുണ്ടോ എന്ന്‌ പരിശോധിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ആ പരിശോധന നടത്താത്തതല്ലേ ഈ ദുര്‍വ്വിധിക്കു കാരണം. വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ പോലും ഇതിനൊക്കെ വിമുഖത കാണിക്കുകയാണ്‌.?അതേന്നെ മാസ്റ്ററേ കേവലം ഒന്നോ രണ്ടോ മണിക്കുര്‍ കൊണ്ട്‌ ചെയ്‌തു തീര്‍ക്കാവുന്ന ഒരു പരിശോധന നടത്തിയിരുന്നുവെങ്കില്‍ ഈ പെങ്കൊച്ചിന്റെ ജീവിതം തകരുമായിരുന്നോ? ഇനിയെങ്കിലും നമ്മുടെ നാട്ടുകാര്‍ വിവാഹത്തിനു മുമ്പ്‌ ഇത്തരം പരിശോധന നടത്താന്‍ സന്മനസ്സ്‌ കാണിക്കാനുള്ള ബോധവല്‍ക്കരണം നടത്താന്‍ അവരെ പ്രാപ്‌തരാക്കണം..?അവ്വക്കറ്‌ക്കതുടര്‍ന്നു. ?അതിലും ബലിയ ഒരു തമാശ കേട്ടു മാസ്റ്ററേ.. ഈ കാര്യത്തില്‍ എങ്ങിനെ പുരുഷന്റെ സ്വഭാവം കണ്ടെത്താന്‍ കഴിയുമെന്ന്‌ അറിയുന്നില്ല. രോഗമുണ്ടോയെന്ന്‌ പരിശോധിക്കാം,പരിഹാരം കാണാം. ഞാന്‍ അറിഞ്ഞ ഒരു കാര്യമുണ്ട്‌ അതിനെങ്ങിനെ പരിഹാരം കാണണമെന്ന്‌ മാസ്റ്റര്‍ പറഞ്ഞു തന്നേ പറ്റൂ.?
നിങ്ങള്‍ സംഭവം പറയൂ അവ്വക്കറ്‌ക്കാ?
വിവാഹിതരായ ഭാര്യഭാര്‍ത്താക്കന്മാരുടെ കഥയാണിത്‌. ആഘോഷപുര്‍വ്വം വിവാഹം നടത്തി. ആദ്യരാത്രി പരസ്‌പരം അറിയാന്‍ പറ്റില്ലല്ലോ? അടുത്ത ദിവസം രാത്രി വളരെ പ്രതീക്ഷയോടെയാണ്‌ അവള്‍ കിടപ്പു മുറിയിലേക്ക്‌ കാലെടുത്തുവെച്ചത്‌. മനസ്സില്‍ എന്തൊക്കെയോ സുന്ദര സ്വപ്‌നങ്ങള്‍ അവള്‍ക്കുണ്ടായിരുന്നു പോലും. ഒപ്പം കിടന്നു. കളിതമാശകള്‍ പറയുമെന്നും കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങുമെന്നൊക്കെ അവള്‍ കരുതിയിരിക്കും..പക്ഷേ കെട്ടിയോന്‌ ഒരു കുലക്കവുമില്ല. അവള്‍ കിടന്ന ഉടനെ അങ്ങേര്‌ അതിര്‍വശത്തേക്ക്‌ ചെരിഞ്ഞുകിടന്ന്‌ നല്ല ഉറക്കം. ഇങ്ങിനെ നാളുകള്‍ നീണ്ടുപോയി. കുറേ കാലം കയിഞ്ഞപ്പോള്‍ അവള്‍ ഒരു സ്വകാര്യം കണ്ടെത്തി. ഭര്‍ത്താവ്‌ സന്ധ്യയാവുമ്പോള്‍ കുറച്ച്‌ ആണ്‍ സുഹൃത്തുക്കളുമായി കടന്നുവരും. കളിതാമശകള്‍ പറയുന്നതും പൊട്ടിച്ചിരിക്കുന്നതും അവള്‍ ശ്രദ്ധിച്ചു. അവര്‍ ലൈംഗിക കേളിയിലേര്‍പ്പെടുന്നത്‌ അവള്‍ ജനലിലൂടെ നോക്കിക്കണ്ടു. കാര്യം മറ്റൊന്നുമല്ല. അയാള്‍ സ്വവര്‍ഗ്ഗരതിക്കാരനാണ്‌. സ്‌ത്രീകളുമായി ലൈംഗിക വേഴ്‌ച നടത്താന്‍ അയാള്‍ക്കാഗ്രഹമില്ല വര്‍ഷങ്ങള്‍ ഇങ്ങിനെ കഴിഞ്ഞു പോയി. അവള്‍ വിവാഹമോചനം നേടി സ്വന്തം വീട്ടില്‍ കഴിഞ്ഞു കുടുന്നു.?
അവ്വക്കറ്‌ക്ക നിര്‍ത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു. ?ഇത്തരം സ്വഭാവമുള്ള പുരുഷന്മാര്‍ അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വീട്ടുകാരോട്‌ തുറന്നു പറയണം. വിവാഹാലോചന വരുമ്പോള്‍ തീര്‍ത്തും വേണ്ടെന്ന്‌ പറയാനുള്ള തന്റേടം കാണിക്കണം. ഒരു പെണ്ണിന്റെ ജീവിതം പാഴാക്കിക്കളയുന്നത്‌ നല്ലതല്ലയെന്ന ബോധം അയാള്‍ക്കുണ്ടാവണം. അത്‌ വീട്ടുകാരും തിരിച്ചറിയണം.
അവ്വക്കറ്‌ക്ക ഇപ്പോപറഞ്ഞ കാര്യങ്ങളില്‍ സമൂഹത്തിനും ബോധ്യം വേണം. കൗമാര പ്രായത്തിലുള്ളവര്‍ക്ക്‌ ലൈംഗികവിദ്യാഭ്യാസം നല്‍കണം. വിവാഹിതരാകുന്നതിന്‌ മുന്നേ പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ്‌ നല്‍കണം. അപ്പോള്‍ ഇത്തരം ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ച്‌ തിരിച്ചറിവുണ്ടാകും. അല്ലേ അവ്വക്കറ്‌ക്കാ? മാസ്റ്റര്‍ പറഞ്ഞതാണ്‌ ശരി. മെല്ലെ അവ്വക്കറ്‌ക്ക സലാം പറഞ്ഞ്‌ യാത്രയായി?

NO COMMENTS

LEAVE A REPLY