കുടിവെള്ളം മലിനപ്പെടുത്തരുത്‌ അബ്‌ദുല്‍ ഖാദര്‍, ബദിയഡുക്ക

0
38


പ്രളയത്തിന്റെ, മലവെള്ളപ്പാച്ചിലിന്റെ, വെള്ളപ്പൊക്കത്തിന്റെ ഞെട്ടിപ്പിക്കുന്ന ദുരന്ത ചിത്രങ്ങള്‍ ഇനി ഓര്‍മ്മ. കത്തുന്ന വേനലിലേയ്‌ക്ക്‌ കേരളം കടന്നു കഴിഞ്ഞു.
പതിവില്‍ നിന്നു വ്യത്യസ്‌തമായി അന്തരീക്ഷ ഊഷ്‌മാവ്‌ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനു രാപകല്‍ വ്യത്യാസമില്ല. പോയകാലത്തെ അപേക്ഷിച്ച്‌ ഇത്തവണ കുളിരിനും കാര്യമായ കുറവുണ്ടായി. ഏതാനും ദിവസങ്ങളില്‍ മാത്രമാണ്‌ കുളിരും മഞ്ഞും അനുഭവപ്പെട്ടത്‌.
സാധാരണ ഗതിയില്‍ ജനുവരി മാസം അവസാനം വരെയെങ്കിലും കനത്ത മഞ്ഞും കുളിരുമെന്നതാണ്‌ കേരളത്തിന്റെ പൊതുകാലാവസ്ഥ. എന്നാല്‍ പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്കു പിന്നാലെ കുളിരും പശ്ചിമഘട്ടം കടന്നുവെന്നതാണ്‌ നേര്‌. ഇത്‌ കേരളത്തില്‍ വരാനിരിക്കുന്ന കത്തുന്ന വേനലിന്റെ നടുക്കത്തിലേയ്‌ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.
പതിവില്‍ നിന്നു വ്യത്യസ്‌തമായി ജില്ലയിലെ ജലസ്രോതസുകളിലെല്ലാം ജലനിരപ്പ്‌ താഴ്‌ന്നു കൊണ്ടിരിക്കുകയാണ്‌. പുഴകളും തോടുകളും നീരരുവികളും പതിവിലും നേരത്തെ വറ്റി തുടങ്ങിയിരിക്കുന്നു. ഇക്കണക്കിനുപോയാല്‍ കേരളത്തെ കാത്തിരിക്കുന്നത്‌ വലിയ വരള്‍ച്ചയായിരിക്കും. അതു കുടിവെള്ളത്തെയും കാര്‍ഷിക മേഖലയെയും എന്നു മാത്രമല്ല. മൊത്തം ജീവനുകളെയും പ്രതികൂലമായി ബാധിക്കും.
അതിനാല്‍ ഓരോ തുള്ളി വെള്ളവും കരുതലോടെ ഉപയോഗിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി കഴിഞ്ഞു. ഇതിനിടയിലാണ്‌ കുടിവെള്ള സ്രോതസ്സില്‍ കോഴിമാലിന്യങ്ങള്‍ തള്ളിയ സംഭവം കഴിഞ്ഞ ദിവസം ഉണ്ടായത്‌. മൂന്നു ഗ്രാമങ്ങളിലേയ്‌ക്കു കുടിവെള്ളമെത്തിക്കുന്ന, പള്ളത്തടുക്ക, പുഴയിലെ തലംപാടി അണക്കെട്ടിലാണ്‌ കോഴി മാലിന്യങ്ങള്‍ തള്ളിയത്‌. ഏതാനും ദിവസം മുമ്പാണ്‌ അണക്കെട്ടിനു പലകയിട്ടതും വെള്ളം ഉയര്‍ന്നതും. തൊട്ടു പിന്നാലെ തന്നെ മാലിന്യം തള്ളിയത്‌ ഗുരുതരമായ കുറ്റകൃത്യമാണ്‌. ഇതിനെതിരെ കര്‍ശന നടപടിയെടുക്കണം. ഇനിയുമൊരിക്കല്‍ കൂടി അത്തരമൊരു അവസ്ഥ ഉണ്ടാകരുത്‌. കുടിവെള്ളം മലിനപ്പെടുത്തുന്നത്‌ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കി കുറ്റക്കാര്‍ക്കായി കര്‍ശന നടപടി സ്വീകരിക്കണം. ഇനിയൊരിടത്തു കൂടി കുടിവെള്ളം മലിനപ്പെടുത്തില്ലെന്നു ഉറപ്പാക്കണം. ഇതിനുള്ള അധികാരം പൊലീസിനോ പഞ്ചായത്തിനോ ജലവകുപ്പിനോ എന്നുള്ള തര്‍ക്കങ്ങളൊന്നും പരിഗണിക്കാതെ മുഖം നോക്കാതെയുള്ള നടപടിയാണ്‌ വേണ്ടത്‌. ദാഹജലം, പ്രാണ ജലമാണ്‌.
അബ്‌ദുല്‍ ഖാദര്‍,
ബദിയഡുക്ക

NO COMMENTS

LEAVE A REPLY