ഞാന്‍ എന്ന ഞാന്‍

0
34


പി.വി.കെ.അരമങ്ങാനം
ഈയിടെ ഒരു കാഴ്‌ച കണ്ടു. എല്ലാവരും കാണുന്ന കാഴ്‌ച തന്നെ. ഒരു ഇടുങ്ങിയ റേഡ്‌. ഇരുവശത്തു നിന്നും രണ്ടു കാറുകള്‍. ഒന്നിച്ചു കടന്നു പോകാന്‍ പറ്റാതെ രണ്ടു പേരും നിര്‍ത്തുന്നു. ഇതില്‍ ആരെങ്കിലും ഒരാള്‍ കാര്‍ പിറകിലേക്ക്‌ എടുത്ത്‌ ഒരല്‍പം സൈഡ്‌ ചേര്‍ത്താല്‍ മറ്റേ കാറിനു പോകാം. പക്ഷെ ആര്‌ പിറകിലേക്ക്‌ എടുക്കും. രണ്ടു കാറിലും ഓരോ `ഞാന്‍’ മാരാണ്‌. വേണമെങ്കില്‍ അയാള്‍ പിറകിലേക്ക്‌ എടുക്കട്ടെ `ഞാന്‍’ മാറുന്ന പ്രശ്‌നമില്ല. വീരശൂര പരാക്രമി. ആരുടെ നാമശ്രവണത്തിലാണോ മൂന്നു ലോകവും കിടുകിടെ വിറയ്‌ക്കുന്നത്‌ ..അങ്ങനെയുള്ള ഞാന്‍ കാറ്‌ പിറകിലേക്ക്‌ മാറ്റാനോ? അങ്ങനെ സംഭവിച്ചാല്‍ സപ്‌ത സാഗരങ്ങളും വറ്റിവരണ്ടു പോകും. ഇല്ല.. മറ്റു വാഹനങ്ങള്‍ റോഡില്‍ കിടന്ന്‌ എത്ര ഹോണടിച്ചാലും പിറുപിറുത്താലും ഞാന്‍ കാറ്‌ പിറകിലേക്ക്‌ മാറ്റുന്ന പ്രശ്‌നമില്ല. വേണമെങ്കില്‍ അവനോട്‌ പറഞ്ഞോ.
സമയം പോകുന്നു. രണ്ട്‌ `ഞാന്‍’ മാരുടെയും `ഞാനീശം’ കാരണം മറ്റു വാഹനങ്ങള്‍ അനങ്ങുന്നില്ല. നിവൃത്തികെട്ട്‌ ഒരു കാറില്‍ നിന്ന്‌ ഒരു സ്‌നേഹിതന്‍ ഇറങ്ങി. ഒരു പാട്‌ `ഞാന്‍’ മാരെ ഡീല്‍ചെയ്‌ത്‌ ഇരുത്തംവന്ന ഒരു കക്ഷിയായിരുന്നു ഇയാള്‍. എന്നിട്ടും `ഞ’യും `ന്‍’ഉം ചേര്‍ത്ത്‌ കുറേ ഒറ്റവാക്കുകള്‍ പറഞ്ഞു. അതോടെ റോഡ്‌ ക്ലിയര്‍. റോഡിലാണ്‌ ഞാനെന്ന ഈഗോയുടെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ കാണുന്നത്‌. മറ്റവന്‍ ഓവര്‍ടേക്ക്‌ ചെയ്‌താല്‍ `ഞാന്‍’ വര്‍ക്ക്‌ ചെയ്‌തു തുടങ്ങും. പിറകെ വരുന്നവന്‍ ഒന്ന്‌ ഹോണടിച്ചാല്‍, മുമ്പേ പോകുന്നവന്‍ സൈഡ്‌ കൊടുക്കാന്‍ അല്‌പം താമസിച്ചാല്‍ `ഞാന്‍’ ബാധ ഇളകും.
മറ്റൊരു കാഴ്‌ചയും കാണാന്‍ ഇടയായി. ആദ്യത്തെപ്പോലെ ഇടുങ്ങിയ റോഡ്‌. അതുപോലെത്തന്നെ രണ്ട്‌ കാറുകള്‍. ഒരു കാറിന്റെ ഗ്ലാസ്‌ അല്‌പം താണു. മറ്റേ കാറുകാരനോട്‌ ഒരു നിമിഷം എന്നൊരു ആക്ഷന്‍ കൊടുക്കുന്നു. അയാള്‍ കാറ്‌ പിന്നിലേക്ക്‌ എടുത്തു. അതോടെ രണ്ടാമത്തെ കാറിന്‌ പോകാനുള്ള സ്ഥലം കിട്ടി. അയാള്‍ക്ക്‌ കാറ്‌ മുന്നിലേക്കെടുത്തു.
കാറ്‌ ഒന്നാം കാറുകാരന്റെ അടുത്തെത്തിയപ്പോള്‍ വിന്‍ഡോ ഗ്ലാസ്‌ താഴ്‌ത്തി. നന്ദിസൂചകമായ്‌ ഒരു `ഹായ്‌’ പറഞ്ഞു. ആ ദൃശ്യം ഇപ്പോഴും കണ്‍മുന്നിലുണ്ട്‌. എത്രയോ യുദ്ധങ്ങള്‍ ജയിച്ചതാണ്‌ അശോക ചക്രവര്‍ത്തി. കലിംഗയുദ്ധം ജയിച്ച്‌ സാമ്രാട്ടുമായി. അശോക ചക്രവര്‍ത്തിയെ കാലം മഹാനായ അശോകന്‍ എന്ന്‌ വിശേഷിപ്പിച്ചത്‌ അദ്ദേഹം ജയിച്ച യുദ്ധങ്ങളെ കണക്കാക്കിയിട്ടല്ല. യുദ്ധം ചെയ്യില്ല എന്ന്‌ തീരുമാനിച്ചതു കൊണ്ടാണ്‌. `ഞാന്‍’ എന്ന സ്ഥാനത്ത്‌ `നമ്മള്‍’ എന്ന്‌ വന്നു തുടങ്ങുമ്പോള്‍ കാര്യങ്ങള്‍ നന്നായി തുടങ്ങും.
ഭാവിയില്‍ `ഞാന്‍’ ആയിത്തീരുന്നവരെ നമുക്ക്‌ ചെറുപ്പത്തിലെത്തന്നെ തിരിച്ചറിയാന്‍ കഴിയും. ചെറുപ്രായത്തില്‍ എന്തെങ്കിലും കളിയില്‍ ഏര്‍പ്പെടുക സ്വാഭാവികമാണ്‌. കൂട്ടത്തില്‍ ഒരു `ഞാന്‍’ ഉണ്ടാകും. കളിയില്‍ നമ്മള്‍ ജയിക്കുകയും പുള്ളി തോല്‍ക്കുകയും ചെയ്യും എന്ന ഘട്ടം വരുന്നു. അതോടെ അവന്റെ ഭാവം മാറും. മറ്റൊരാള്‍ ജയിക്കുന്നത്‌ അവന്‌ സഹിക്കാന്‍ കഴിയില്ല. ഒരു കള്ളക്കാരണമുണ്ടാക്കി ഒരു ഇഷ്യൂ ഉണ്ടാക്കി കൃത്രിമ പ്രകടനത്തിലൂടെ എല്ലാം തട്ടിത്തെറിപ്പിച്ച്‌ `ഞാന്‍ കളിക്കുന്നില്ല’ എന്നു പറഞ്ഞ്‌ ഓടിപ്പോകും. അവനെ നോട്ട്‌ ചെയ്‌ത്‌ കൊള്ളൂ.. അവന്‍ ഭാവിയില്‍ `ഞാന്‍’ആയിരിക്കും. ഓഫീസിലോ, സദസ്സിലോ `ഞാന്‍’ പറയുന്നത്‌ നടക്കണം എന്ന്‌ വാശിപിടിക്കുന്നവനായിരിക്കും.
`വാശി’ ആണുങ്ങളിലും പെണ്ണുങ്ങളിലും ഏതാണ്ട്‌ തുല്യമാണെങ്കില്‍ `ഞാന്‍’ തൊണ്ണൂറു ശതമാനവും ആണുങ്ങളില്‍ കാണപ്പെടുന്ന അസുഖമാണ്‌. ഒരു പൊതു അഭിപ്രായത്തിനു മുന്നില്‍ സ്‌ത്രീ ചിലപ്പോള്‍ അയഞ്ഞു കൊടുക്കും. തന്റെ ഭാഗത്താണ്‌ തെറ്റ്‌ എന്ന തിരിച്ചറിയുമ്പോള്‍, പിന്നെ താനാണ്‌ ശരി എന്ന്‌ വരുത്താനുള്ള ആഭാസക്കാഴ്‌ചകള്‍ കാണിക്കും. ശബ്‌ദമുയര്‍ത്തി വാദം സ്ഥാപിക്കുക എന്ന പരമ്പരാഗത ടെക്‌നിക്കാണ്‌ തന്‍ കാര്യം സമര്‍ത്ഥിക്കുന്നതിന്‌ ഇപ്പോഴും ഇവരില്‍ പലരും പിന്തുടരുന്നത്‌. കീഴ്‌ ജീവനക്കാരുടെ മുന്നില്‍ തനിക്ക്‌ തെറ്റു പറ്റി എന്ന്‌ ഇത്തരക്കാരായ ഓഫീസ്‌ മേധാവികള്‍ ഒരിക്കലും സമ്മതിച്ചു കൊടുക്കില്ല. പണ്ട്‌ ഹിറ്റ്‌ലറും ഇങ്ങനെയായിരുന്നു. പോക്ക്‌ ശരിയല്ല എന്ന്‌ ചിലര്‍ ഉപദേശിച്ചിരുന്നു. അതോടെ അവരുടെ കാര്യവും പോക്കാവുകയാണുണ്ടായത്‌. പിന്നെ ബാക്കി എല്ലാവരും ജയ്‌ വിളിക്കാന്‍ തുടങ്ങി. ഹിറ്റ്‌ലറാണ്‌ ലോക നേതാവ്‌ എന്നു പറയാന്‍ തുടങ്ങി. അവസാനം ഞാനെന്ന ഭാവം ബാധിക്കുന്ന ഏകാധിപതികള്‍ക്ക്‌ സംഭവിച്ച അന്ത്യം തന്നെ സംഭവിച്ചു.
അലക്‌സാണ്ടറുടെ അന്ത്യത്തെക്കുറിച്ച്‌ പറയുന്നത്‌ ഓര്‍മ്മവരുന്നു. വിശ്വം ഏതാണ്ട്‌ കീഴ്‌പ്പെടുത്തിയ ആളാണ്‌. മരിച്ചത്‌ പനി പിടിച്ചാണ്‌. മരിക്കും മുമ്പ്‌ വേണ്ടപ്പെട്ടവരെ വിളിച്ച്‌ നിര്‍ദ്ദേശം കൊടുത്തു. മരിച്ചാല്‍ ശവപ്പെട്ടിയില്‍ തന്നെ പൂര്‍ണമായും മൂടരുത്‌. കൈകള്‍ പെട്ടിയില്‍ നിന്ന്‌ പുറത്തേക്ക്‌ ഇട്ടേക്കണം. ലോകം മുഴുവന്‍ കീഴ്‌പ്പെടുത്തിയ താന്‍ തിരിച്ചു പോകുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ലെന്ന്‌ അറിയിക്കാനാണിത്‌. അതാണ്‌ സംഗതി. ഏറ്റവും വലിയ `ഞാനാ’യി മരണം എന്നൊരു `ഞാന്‍’ വേറെയുണ്ട്‌.

NO COMMENTS

LEAVE A REPLY