കാരവല്‍ വാര്‍ത്ത തുണയായി: അബ്‌ദുള്‍ മജീദിനു സ്വന്തം വീടായി; ബി പി എല്‍ റേഷന്‍ കാര്‍ഡായി

0
166


സീതാംഗോളി: കാരവല്‍ വാര്‍ത്തയെ തുടര്‍ന്നു 14 അംഗ കുടുംബം രക്ഷപ്പെട്ടു.രോഗവും മാനസിക അസ്വസ്ഥതയും സാമ്പത്തിക പരാധീനതയും കൊണ്ടു ജീവിതം വഴിമുട്ടിയ സീതാംഗോളിയിലെ അബ്‌ദുള്‍ മജീദിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ കാരവല്‍ ചിത്രം സഹിതം വാര്‍ത്തയാക്കിയതിനു പിറ്റേന്നു തന്നെ കുമ്പള ജനമൈത്രി പൊലീസ്‌ മജീദിനെ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കുകയും പണമില്ലാതെ പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച വീടു നാട്ടുകാരുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഇതിനു പുറമെ ഈ കുടുംബത്തിനു ബി പി എല്‍ റേഷന്‍ കാര്‍ഡ്‌ അനുവദിക്കുകയും ചെയ്‌തു. പണി പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം പൊലീസ്‌ സൂപ്രണ്ടിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ നിര്‍വ്വഹിച്ചു. റേഷന്‍ കാര്‍ഡ്‌ പൊലീസ്‌ സൂപ്രണ്ട്‌ ഡോ. എ ശ്രീനിവാസ്‌ കൈമാറി. കാഞ്ഞങ്ങാട്‌ വാട്‌സ്‌ ആപ്പ്‌ കൂട്ടായ്‌മ കുടുംബത്തിന്‌ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു.
മജീദിന്റെ കുടുംബത്തെ ദൈന്യതയില്‍ നിന്നു സംതൃപ്‌തിലേക്കു നയിക്കാന്‍ സഹായിച്ച കുമ്പള പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ പ്രേംസദന്‍, ജനമൈത്രി പൊലീസ്‌ പി ആര്‍ ഒ അനില്‍, അബ്‌ദുള്ള എന്നിവരെ ആദരിച്ചു. പുത്തിഗെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ അരുണ ആധ്യക്ഷം വഹിച്ചു. ഇ കെ മുഹമ്മദ്‌ കുഞ്ഞി, ജനപ്രതിനിധികള്‍, രാഷ്‌ട്രീയ ഭാരവാഹികള്‍, വ്യാപാരി നേതാക്കള്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY