ഖരം അംഗീകാരങ്ങളുടെ നിറവില്‍

0
66


ഡോ.പി.വി.ജോസിന്റെ കന്നി സംവിധാന സംരംഭമായ ?ഖരം? എന്ന ചിത്രം ഒട്ടേറെ അംഗീകാരങ്ങളുടെ നിറവില്‍ 14ന്‌ റിലീസിനു തയ്യാറെടുക്കുന്നു.
ബെല്‍ജിയം, ചിലി, വെനസ്വല, ലണ്ടന്‍, ലോസ്‌ ആഞ്ചലസ്‌, കൊല്‍ക്കത്ത, പോണ്ടിച്ചേരി തുടങ്ങി അമ്പതിലധികം അന്താരാഷ്‌ട്ര മേളകളിലേക്ക്‌ തെരഞ്ഞെടുക്കുകയും, ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്‌ത ചിത്രമാണ്‌ ഖരം. ചിലിയിലെ സൗത്ത്‌ ഫിലിം ആര്‍ട്‌സ്‌ അക്കാദമിയുടെ മികച്ച ചിത്രം, മികച്ച തിരക്കഥ, ബാലനടനുള്ള അവാര്‍ഡ്‌ (ശ്രീധില്‍ മാധവ്‌) മികച്ച സിനിമാട്ടോഗ്രാഫി (ബി.രാജ്‌കുമാര്‍) എന്നിങ്ങനെ നാലവാര്‍ഡുകള്‍, ഹോളിവുഡ്‌ ഇന്റര്‍നാഷണല്‍ മൂവിങ്ങ്‌ ഫിലിം ഫെസ്റ്റില്‍ നവാഗത സംവിധായക പട്ടം, കൊല്‍ക്കത്താ ലെയ്‌ക്ക്‌ വ്യൂ അന്താരാഷ്‌ട്രമേളയില്‍ മികച്ച ഇന്ത്യന്‍ ഫീച്ചര്‍ ചിത്രം, ലോസ്‌ ആഞ്ചലസ്‌ ഇന്‍ ഡിപ്പെന്‍ഡന്റ്‌ ഫെസ്റ്റില്‍ മികച്ച വിദേശ ചിത്രം, ലണ്ടന്‍ ലാറ്റിറ്റിയൂഡ്‌ ഫിലിം അവാര്‍ഡ്‌ വെങ്കല മെഡല്‍, വെനസ്വല ഫൈവ്‌ കോണ്ടിനെന്റല്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിം അവാര്‍ഡിനൊപ്പം മികച്ച സംവിധായകനുള്ള ജൂറി പരാമര്‍ശം, ബെല്‍ജിയം മൂവ്‌മി ഫെസ്റ്റില്‍ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം, മികച്ച ബാലനടി (പ്രാര്‍ത്ഥന സന്ദീപ്‌) എന്നിങ്ങനെ പോകുന്നു അംഗീകാരങ്ങള്‍….
പരിയാരം മെഡിക്കല്‍ കോളേജ്‌ ഗൈനോക്കോളജി വിഭാഗം പ്രൊഫസറായ ഈ നവാഗത സംവിധായകന്‍ ഗര്‍ഭിണികളുടെയും, കുഞ്ഞു കരച്ചിലുകളുടെയും, സങ്കീര്‍ണ്ണ ശസ്‌ത്രക്രിയകളുടെയും നടുവില്‍ നിന്നു കൊണ്ട്‌ അതേ ഗൗരവത്തില്‍ തന്നെയാണ്‌ തന്റെ അനുഭവങ്ങളുടെ പശ്ചാത്തലമുള്ള ഈ സിനിമയെയും കണ്ടത്‌. 1970 കളിലെ നവോത്ഥാന സാമൂഹിക പ്രശ്‌നങ്ങള്‍ ജന്മിത്വത്തിനു മരണമണി മുഴങ്ങിയ കാലഘട്ടത്തിലെ കേരള സമൂഹത്തിലെ പ്രവണതകളും ചലനങ്ങളും സൂഷ്‌മമായി ഒപ്പിയെടുക്കുന്ന ?ഖരം? അലക്കുകാരുടെ ജീവിത പശ്ചാത്തലത്തില്‍ ഒരു കഴുതയെയും പൊട്ടനെയും മുഴുനീള കഥാപാത്രമാക്കിയാണു പ്രേക്ഷകനു മുന്നിലെത്തുന്നത്‌. അധഃകൃതജന വിഭാഗങ്ങളെയും, സ്‌ത്രീകളെയും ചൂഷണം ചെയ്യുന്ന അന്നത്തെ സാമൂഹിക സ്ഥിതിയും ഇന്നത്തെ സ്ഥിതിയിലെ ചൂഷണ മനോഭാവവും തമ്മില്‍ ദാര്‍ശനീക വീക്ഷണത്തോടെ വിലയിരുത്തുകയാണീ ചിത്രം. കമ്മ്യൂണിസ്റ്റ്‌ തീവ്രവാദ ആശയങ്ങള്‍ പ്രതികരണങ്ങള്‍ക്കും ചെറുത്തു നില്‌പുകള്‍ക്കും അനുകൂലമാകുന്നത്‌ ചിത്രത്തില്‍ വിവരിക്കുന്നുണ്ട്‌.
ഡോ.പി.വി.ജോസിന്റെ നീണ്ട സിനിമാ പരിശ്രമത്തിന്റെ ഫലമാണീ ചിത്രത്തിന്റെ നേട്ടങ്ങള്‍ സിനിമക്ക്‌ ഒരു രാഷ്‌ട്രീയമുണ്ട്‌ എന്നദ്ദേഹം തുറന്നു പറയുന്നു. ചെറുപ്പം മുതലേ സിനിമകളെ ഗൗരവമായി കണ്ട അദ്ദേഹം പഠനത്തിനൊപ്പം സിനിമയും കൊണ്ടു നടന്നയാളാണ്‌. 1972-76 ലെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഫിലിം ക്ലബ്ബും, അന്നത്തെ ഫിലിം സൊസൈറ്റികളും, ഫിലിം ഫെസ്റ്റിവലുകളും, ഒന്നു പോലും മുടങ്ങാതെ കണ്ട വിദേശ ചിത്രങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തെയും, ചിന്തകളെയും മാറ്റിമറിച്ചു. എന്നും മനസ്സില്‍ അങ്ങനെയുള്ള ചിത്രങ്ങളുടെ സ്വപ്‌നമായിരുന്നു അദ്ദേഹത്തിന്‌. അതുകൊണ്ടു തന്നെയാണ്‌ നിസ്സംഗവും, നിശ്ശബ്‌ദവും, നിരാലംബവുമായ മനുഷ്യ പ്രകൃതം ഊന്നാന്‍ കഴുതയെ പ്രധാന കഥാപാത്രമാക്കി ചിത്രം പൂര്‍ണ്ണ വിജയം നേടിയതും… തളിപ്പറമ്പ്‌ ചെമ്പേരി സ്വദേശിയായ ഡോ. ജോസിന്റെ ഭാര്യ ഡോ. മോളി ജോസ്‌ അനസ്‌തേഷ്യോളജിസ്റ്റാണ്‌. മക്കള്‍: ജോര്‍ജ്ജ്‌ ജോസ്‌, എം.ടെക്‌ വിദ്യാര്‍ത്ഥിയും ജോമി ജോസ്‌ ബി.ഡി.എസ്‌ വിദ്യാര്‍ത്ഥിയുമാണ്‌.
പ്രകാശന്‍ ചെങ്ങല്‍, പ്രവീണാ മാധവന്‍, ശ്രീധില്‍ മാധവ്‌, പ്രാര്‍ത്ഥന, സന്തോഷ്‌ കീഴാറ്റൂര്‍, മഞ്‌ജുളന്‍ തുടങ്ങിയവരാണ്‌ ചിത്രത്തില്‍ വേഷമിടുന്നത്‌.
ബിജു പുത്തൂര്‍

NO COMMENTS

LEAVE A REPLY