ബദിയഡുക്ക പഞ്ചായത്ത്‌ ലൈഫ്‌ പദ്ധതി അവതാളത്തില്‍; ഉപഭോക്താക്കള്‍ വീടിന്‌ തറകെട്ടി കാത്തിരിപ്പില്‍

0
25


ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്ത്‌ ലൈഫ്‌ ഭവന പദ്ധതി അവതാളത്തിലായതായി ഉപഭോക്താക്കളുടെ പരാതി. വീട്‌ അനുവദിച്ചു കിട്ടിയവര്‍ തറ നിര്‍മ്മിച്ച്‌ അടുത്ത ഗഡുവിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷമേറെയായി എന്നതാണ്‌ ആക്ഷേപം. ലൈഫ്‌ പദ്ധതിയുടെ വെബ്‌സൈറ്റ്‌ കാര്യക്ഷമമല്ലാത്തതാണ്‌ ഈ കാലതാമസത്തിനു കാരണമെന്നു പറയുന്നു. 2016-17 വര്‍ഷത്തില്‍ ബദിയഡുക്ക പഞ്ചായത്തില്‍ 186 പേര്‍ക്കാണ്‌ ലൈഫ്‌ പദ്ധതി പ്രകാരം വീടനുവദിച്ചത്‌. ഇതില്‍ 140 പേര്‍ക്ക്‌ ആദ്യഗഡു നല്‍കിയിട്ടുണ്ട്‌. അതില്‍ 125 പേര്‍ തറ നിര്‍മ്മിച്ച്‌ അടുത്ത ഗഡുവിനായി കാത്തിരിപ്പിലാണ്‌.വാര്‍ഷിക പദ്ധതിയുടെ കണക്കുകള്‍ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഉണ്ടായ പിശകാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണം. ഈ പിശകുകള്‍ കാരണം ബദിയഡുക്ക പഞ്ചായത്തിന്റെ ലൈഫ്‌ പദ്ധതി വെബ്‌സൈറ്റ്‌ ബ്ലോക്കാക്കിയ അവസ്ഥയിലാണെന്നും പറയുന്നു. ബദിയഡുക്ക കൂടാതെ മറ്റ്‌ അഞ്ചു പഞ്ചായത്തുകളുടെ വെബ്‌സൈറ്റും ഇതുപോലെ പിശകു നിറഞ്ഞതായതുകാരണം ഭവനപദ്ധതിയുടെ ഗുണം ലഭിക്കുന്നില്ലെന്നാണ്‌ ഗുണഭോക്താക്കളുടെ പരാതി. കൂടാതെ, ബേള വില്ലേജ്‌ പരിധിയില്‍ സീറോ ലാന്റ്‌ പ്രകാരം സ്ഥലം ലഭിച്ച 70 പേര്‍ ലൈഫ്‌ പദ്ധതിയില്‍ വീടു ലഭിക്കാന്‍ മധൂര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതായും ഇവര്‍ക്ക്‌ സ്ഥലം അനുവദിച്ചത്‌ ബദിയഡുക്ക പഞ്ചായത്തിലാണെന്നും ആ അപേക്ഷകളും ബദിയഡുക്ക പഞ്ചായത്തില്‍ കെട്ടിക്കിടക്കുകയാണെന്നും ആക്ഷേപമുണ്ട്‌.ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട്‌ പഞ്ചായത്തിലെ ലൈഫ്‌ പദ്ധതി കാര്യക്ഷമമാക്കി അടുത്ത ഗഡു ഉടന്‍ അനുവദിക്കണമെന്നാണ്‌ ഉപഭോക്താക്കളുടെ ആവശ്യം.

NO COMMENTS

LEAVE A REPLY