ശബരിമല: സി.പി.എം നീക്കം രാഷ്‌ട്രീയ മുതലെടുപ്പ്‌: കോണ്‍.

0
15


പെര്‍ള: കെ പി സി സി യുടെ വിശ്വാസ സംരക്ഷണ യാത്ര ജില്ലയിലെ കോണ്‍ ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ വിളിച്ചറിയിച്ചു.
അടുത്ത കാലത്ത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന ഏറ്റവും വലിയ ജനമുന്നേറ്റത്തെ സാക്ഷ്യപ്പെടുത്തി വിശ്വാസം സംരക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ പടപ്പുറപ്പാട്‌ കെ പി സി സി മുന്‍ പ്രസിഡണ്ട്‌ എം.എം.ഹസന്‍ ഉദ്‌ഘാടനം ചെയ്‌തു. ജാഥാ ക്യാപ്‌റ്റന്‍ കെ.പി.സി.സി വര്‍ക്കിംഗ്‌ പ്രസിഡന്റുമായ കെ.സുധാകരന്‍ ജനസാഗരത്തെ സാക്ഷിയാക്കി പതാക ഏറ്റുവാങ്ങി.
അയ്യപ്പന്റെ പൂങ്കാവനമായ ശബരിമലയെ സംഘര്‍ഷമലയാക്കാനാണ്‌ പിണറായി സര്‍ക്കാര്‍ നീക്കമെന്നു ഹസന്‍ ആരോപിച്ചു. ശബരിമലയില്‍ ലിംഗ വിവേചനം വേണ്ടെന്നതു സി.പി.എമ്മിന്റെ രാഷ്‌ട്രീയ സമീപനമാണെന്നു ഹസന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ സമീപനം സര്‍ക്കാരിന്റെ നിലപാടായി കോടതിയില്‍ അവതരിപ്പിച്ചതില്‍ സി.പി.എമ്മിന്റെ രഹസ്യ അജണ്ടയുണ്ടെന്ന്‌ ഹസന്‍ പറഞ്ഞു.സംസ്ഥാനത്ത്‌ വിശ്വാസപരമായ സംഘര്‍ഷം ആളിക്കത്തിച്ച്‌ രാഷ്‌ട്രീയമുതലെടുപ്പു നടത്താന്‍ സിപി.എം ശ്രമം ശക്തമാക്കിയിരിക്കുകയാണെന്നു സുധാകരനും പറഞ്ഞു.
സുന്നി പള്ളികളില്‍ സ്‌ത്രീകളെ കയറ്റണമെന്നു കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞത്‌ ഇതിന്റെ സൂചനയാണെന്നു സുധാകരന്‍ പറഞ്ഞു.
സുപ്രീംകോടതിയുടെ മറ്റു വിധികള്‍ നടപ്പാക്കാന്‍ തിരക്കു കൂട്ടാത്ത പിണറായിക്കു ശബരിമലയോടു മാത്രം ഇത്ര വിധേയത്വം എന്തിനാണെന്നു സുധാകരന്‍ ആരാഞ്ഞു.
സമീപ കാലത്തായി കമ്യൂണിസ്റ്റുകാര്‍ വിശ്വാസികളായി മാറിക്കൊണ്ടിരിക്കുന്നതു സി.പി.എമ്മിനു തലവേദനയായിട്ടുണ്ടെന്നു സുധാകരന്‍ പറഞ്ഞു. സി.പി.എം നേതാക്കന്മാരുടെ ഭാര്യമാര്‍ മൃത്യുംജ്ജയ ഹോമം നടത്തുന്നു. പൂമൂടുന്നു. പൊങ്കാല ഇടാന്‍ പോവുന്നു.ഡി.സി.സി പ്രസിഡണ്ട്‌ ഹക്കീം കുന്നില്‍ ആധ്യക്ഷം വഹിച്ചു. കോണ്‍ഗ്രസ്‌ പോഷക സംഘടനാ സംസ്ഥാന നേതാക്കള്‍ പ്രസംഗിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ആരംഭിക്കുന്ന അഞ്ചു വിശ്വാസ സംരക്ഷണ യാത്രകള്‍ 15നു ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു സംഗമിക്കും.

NO COMMENTS

LEAVE A REPLY