എം പി വിശദീകരണവുമായി രംഗത്ത്‌; ലീഗും ബി ജെ പിയും സമരത്തിലേക്ക്‌

0
17


ബദിയഡുക്ക: ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്‌ട മെഡിക്കല്‍ കോളേജ്‌ അനാവശ്യമെന്ന പി കരുണാകരന്‍ എം പിയുടെ നിലപാട്‌ വിവാദത്തില്‍. നിലപാടിനെതിരെ എം പി വിശദീകരണവുമായി രംഗത്ത്‌.
ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ്‌ വേണ്ടെന്ന്‌ പറഞ്ഞതായുള്ള പ്രചാരണം തെറ്റാണെന്നാണ്‌ എം പിയുടെ വിശദീകരണം. മെഡിക്കല്‍ കോളേജ്‌ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട്ട്‌ ചേര്‍ന്ന യോഗത്തില്‍ മൂന്നു വിഷയങ്ങളാണ്‌ പ്രധാനമായി ചര്‍ച്ചയ്‌ക്കെടുത്തത്‌. ഇതിനിടയില്‍ ഉക്കിനടുക്ക പ്രശ്‌നവും ചര്‍ച്ചയ്‌ക്കു വന്നുവെന്നും എന്നാല്‍ അതു സംബന്ധിച്ച തീരുമാനം ഉണ്ടായിട്ടില്ലെന്നും എം പി വിശദീകരിക്കുന്നു. അഭിപ്രായങ്ങളെ തീരുമാനങ്ങളായി വ്യാഖ്യാനിച്ചതാണ്‌ ആശയക്കുഴപ്പത്തിനു ഇടയാക്കിയതെന്നും അദ്ദേഹം പ്രസ്‌താവനയില്‍ വിശദീകരിച്ചു.
ഉക്കിനടുക്ക മെഡിക്കല്‍ കോളേജ്‌ പ്രശ്‌നത്തില്‍ പി കരുണാകരന്‍ എം പി യുടെ നിലപാട്‌ സംശയാസ്‌പദമാണെന്നു ഡി സി സി പ്രസിഡന്റ്‌ ഹക്കീം കുന്നില്‍ പ്രതികരിച്ചു. കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തു നടത്തിയ പ്രസ്‌താവന അനവസരത്തിലായിപ്പോയെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളേജ്‌ ഉക്കിനടുക്കയില്‍ നിന്നു മാറ്റാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും തടയുമെന്ന്‌ ബി ജെ പി കാസര്‍കോട്‌ നിയമ സഭാമണ്ഡലം പ്രസിഡന്റ്‌ സുധാമ ഗോസാഡയും ജനറല്‍ സെക്രട്ടറി ഹരീഷ്‌ നാരമ്പാടിയും വ്യക്തമാക്കി. ബദിയഡുക്കയിലേയ്‌ക്ക്‌ അനുവദിച്ച താലൂക്കാശുപത്രി ബേഡകത്തേക്കു മാറ്റിയതുപോലെ മെഡിക്കല്‍ കോളേജു മാറ്റാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
മെഡിക്കല്‍ കോളേജ്‌ മാറ്റാനുള്ള ശ്രമം എന്റോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള അവഗണനയാണെന്നും ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും മുസ്ലീം ലീഗ്‌ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ മാഹിന്‍ കേളോട്ട്‌ പറഞ്ഞു. സമരത്തെ കുറിച്ച്‌ ആലോചിക്കാന്‍ 12ന്‌ ഉക്കിനടുക്കയില്‍ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.കോളേജ്‌ ഉക്കിനടുക്കയില്‍ നില നിര്‍ത്തണമെന്ന്‌ ബദിയഡുക്ക പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എന്‍ കൃഷ്‌ണഭട്ട്‌ പറഞ്ഞു. കോളേജ്‌ മാറ്റാന്‍ അനുവദിക്കില്ലെന്നു യുവമോര്‍ച്ച സംസ്ഥാന കമ്മറ്റി അംഗം സുനില്‍ പുണ്ടൂര്‍ പറഞ്ഞു.ഉക്കിനടുക്ക മെഡിക്കല്‍ കോളേജ്‌ മാറ്റരുതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ബദിയഡുക്ക യൂണിറ്റ്‌ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY