ഉള്ളു തുറന്നാല്‍ അവര്‍ക്ക്‌ എന്തെല്ലാം പറയാനുണ്ടാവും

0
107


അമ്മമാരായ യുവതികളുടെ വേദന കേള്‍ക്കുമ്പോള്‍, പരിഹാരമൊന്നും നിര്‍ദ്ദേശിക്കാന്‍ പറ്റാതെ വിഷമാവസ്ഥയിലാവാറുണ്ട്‌. ‘അമ്മയറിയാന്‍’ എന്ന വിഷയവുമായി ബന്ധപ്പെട്ട്‌ അങ്കണ്‍വാടികളിലും സ്‌കൂളുകളിലും ചെല്ലുമ്പോഴാണ്‌ ഇത്തരം വേദനകള്‍ അവര്‍ പങ്കിടുന്നത്‌. ഭര്‍ത്താക്കന്മാരില്‍ നിന്ന്‌ ലഭിക്കുന്ന സ്‌നേഹമില്ലായ്‌മയുടെ, കാപട്യത്തിന്റെ പരിഭവക്കെട്ടുകള്‍ അഴിക്കാന്‍ അവര്‍ മടി കാണിക്കുന്നുണ്ട്‌. എങ്കിലും തുറന്നു പറഞ്ഞാല്‍ മനസ്സിനല്‌പം സമാധാനമാകുമല്ലോ എന്ന്‌ കരുതി ദു:ഖാനുഭവം പറയാനുള്ള ധൈര്യം ചില അമ്മമാര്‍ക്കുണ്ടായി. അവര്‍ പങ്കുവെക്കുന്ന ദുരനുഭവം സമൂഹം മനസ്സിലാക്കണം. തങ്ങളുടെ സഹോദരിമാര്‍ക്കും, പെണ്‍മക്കള്‍ക്കും ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നമുക്കു സാധിക്കണം.
ഇപ്പോള്‍ 35ലെത്തിയ അമ്മ പറയുന്നത്‌ ഇങ്ങനെ ?എന്റെ പിറകെ അയാള്‍ (ഭര്‍ത്താവ്‌) നടക്കാന്‍ തുടങ്ങിയത്‌ ഞാന്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌. പത്താം ക്ലാസിലെത്തിയപ്പോള്‍ അയാള്‍ വിവാഹാലോചനയുമായി വീട്ടിലെത്തി. വീട്ടുകാര്‍ക്ക്‌ അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കാന്‍ കഴിഞ്ഞില്ല. വിവാഹം നിശ്ചയിച്ചു വെച്ചു. പതിനെട്ട്‌ പൂര്‍ത്തിയായാല്‍ വിവാഹം നടത്താമെന്ന്‌ തീരുമാനിച്ചു. അദ്ദേഹം ഗള്‍ഫിലായിരുന്നു അന്നും ഇന്നും. വീണ്ടും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഗള്‍ഫില്‍ നിന്ന്‌ വന്നു. വിവാഹം കെങ്കേമമായി നടത്തി. വിവാഹത്തിനു ശേഷം കേവലം പതിനാലു ദിവസം മാത്രമേ ലീവ്‌ ബാക്കിയുള്ളൂ. അതിനിടയില്‍ മധുവിധുവും മറ്റും നടക്കണം. ഗുരുവായൂരിലേക്ക്‌ പോകാന്‍ പ്ലാനിട്ടു. ഗള്‍ഫില്‍ നിന്ന്‌ ഒരു സുഹൃത്ത്‌ ഗുരുവായൂരിലുള്ള ഒരു ബന്ധുവിന്‌ നല്‍കാന്‍ ഒരു പാക്കറ്റ്‌ നല്‍കിയിട്ടുണ്ട്‌. അതുകൊടുക്കാം. ഗുരുവായൂര്‍ അമ്പലദര്‍ശനം നടത്താം എന്നൊക്കെ വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു യാത്ര പ്ലാന്‍ ചെയ്‌തത്‌. ഗള്‍ഫില്‍ നിന്ന്‌ കൊടുത്തയച്ച പാക്കറ്റ്‌ അതിമനോഹരമായി കവര്‍ ചെയ്‌തു വച്ചിരുന്നു.
വിവാഹത്തിന്റെ ആദ്യദിനങ്ങള്‍ സന്തോഷത്തിലും സ്‌നേഹ പരിലാളനകളിലും മറ്റും കഴിയുകയല്ലേ വേണ്ടത്‌. പക്ഷേ എനിക്കു സംഭവിച്ചത്‌ മറ്റൊന്നായിരുന്നു. ഗുരുവായൂരിലേക്ക്‌ ട്രെയിനിലാണ്‌ യാത്ര ചെയ്‌തിരുന്നത്‌. ട്രെയിനില്‍ വെച്ച്‌ അദ്ദേഹത്തിന്റെ നോട്ടവും കളിയുമൊക്കെ വല്ലാത്ത മാതിരിയായി എനിക്ക്‌ തോന്നി. കൈയ്യിലുണ്ടായിരുന്ന മനോഹരമായി പാക്ക്‌ ചെയ്‌ത സമ്മാനപ്പൊതി കുറച്ചു സ്റ്റേഷനുകള്‍ പിന്നിട്ടപ്പോള്‍ എടുത്ത്‌ പുറത്തേക്ക്‌ കളഞ്ഞു. ഇത്‌ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.
എന്തിനാ അത്‌ പുറത്തേക്ക്‌ കളഞ്ഞത്‌.?? ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു. അതെല്ലാം നിനക്ക്‌ മനസ്സിലാവും ഗുരുവായൂരിലെത്തട്ടെ. അദ്ദേഹത്തിന്റെ സംസാരം പേടിപ്പെടുത്തുന്നത്‌ പോലെ തോന്നി.
അന്ന്‌ രാത്രിയില്‍ ഗുരുവായൂരിലെത്തി. മുറിയെടുത്തു. കുളിച്ച്‌ റെഡിയായി. സ്‌നേഹപൂര്‍വ്വമായ വാക്കുകളും സമീപനങ്ങളുമാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌. ഒന്നിച്ചു പോയി ഭക്ഷണം കഴിച്ച്‌,. നാട്ടുവര്‍ത്താനം പറഞ്ഞ്‌, ടൗണൊക്കെ ചുറ്റിക്കണ്ട്‌ വരാം. എന്നു പറയുമെന്നാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌. പക്ഷേ നടന്നത്‌ അതൊന്നുമല്ല.? എന്നെ ഒറ്റയ്‌ക്ക്‌ മുറിയില്‍ പൂട്ടിയിട്ട്‌ അദ്ദേഹം പുറത്തേക്ക്‌ പോയി. ഉടനെ വരാമെന്ന്‌ പറഞ്ഞാണ്‌ പോയത്‌. കാത്തു കാത്തിരുന്ന്‌ ഞാന്‍ മടുത്തു. ഒടുവില്‍ രാത്രി ഏറെ വൈകി അദ്ദേഹം വന്നു. കൈയ്യില്‍ എനിക്ക്‌ ഭക്ഷണ പൊതി കരുതിയിട്ടുണ്ട്‌. ‘ഭക്ഷണം കഴിക്ക്‌’ ശാസനാരൂപത്തിലാണ്‌ പറച്ചില്‍. ഞാന്‍ അനുസരിച്ചു. മദ്യപിച്ച്‌ ലക്കുകെട്ട അദ്ദേഹം എന്നെ വല്ലാതെ ദ്രോഹിച്ചു. കരയാനും പറയാനും ആരുമില്ലല്ലോ?. ഇറങ്ങി ഓടാനും പറ്റില്ല. നേരം പുലരും വരെ ഞാന്‍ സഹിച്ചു.
അടുത്ത ദിവസവും ഇതുതന്നെ തുടര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനമൊന്നും പറയുന്നു പോലുമില്ല. പറയുന്നതെല്ലാം കളവാണ്‌. വെറുതെയാണ്‌ പാക്കറ്റ്‌ കൊടുക്കാനുണ്ടെന്ന്‌ പറഞ്ഞത്‌. അതില്‍ ഒന്നുമില്ലായിരുന്നു. കബളിപ്പിക്കാന്‍ മാത്രം ഒരു കെണി. രണ്ടു ദിവസം ഞാന്‍ സഹിച്ചു. വീട്ടിലെത്തി. നടന്ന കാര്യങ്ങളൊക്കെ ബന്ധുക്കളോട്‌ പറഞ്ഞു.
ഇപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനു ഞാന്‍ ജന്മം നല്‌കി. അയാളിപ്പോള്‍ ഗള്‍ഫിലാണ്‌. ഗള്‍ഫില്‍ പോയ അദ്ദേഹം തിരിച്ചു വരല്ലേയെന്നാണെന്റെ പ്രാര്‍ത്ഥന… വിശ്വസിക്കാന്‍ കൊള്ളാത്ത മനുഷ്യന്‍.
****
ഓ..നിനക്കിത്രയല്ലേ പറ്റിയുള്ളൂ. എന്ന്‌ ഈസിയായി പറഞ്ഞു കൊണ്ട്‌ എന്റെ കഥ കേള്‍ക്കണോ എന്ന ആമുഖത്തോടെ വേറൊരു യുവതിയായ അമ്മ പറഞ്ഞു തുടങ്ങി. ? ഇതേ പോലൊരുത്തന്‍ എന്നെ നിക്കാഹ്‌ ചെയ്‌തു. പ്രവാസിയല്ലേ…. എല്ലാവര്‍ക്കും സന്തോഷമായി.
സ്‌ത്രീധനം വേണ്ട, സ്വര്‍ണ്ണം വേണ്ട പെണ്ണിനെ തന്നാ മതി എന്ന്‌ കേട്ടപ്പോള്‍ ബന്ധുക്കള്‍ക്കേറെ സന്തോഷമായി. വിവാഹം കഴിഞ്ഞ ഉടനെ ഗള്‍ഫിലോട്ട്‌ കൊണ്ടു പോകുമെന്ന്‌ ധാരണയുമായി.
ഞാനും ഏറെ കൊതിച്ചു. എന്റെ കുറേ കൂട്ടുകാര്‍ ഭര്‍ത്താക്കന്മാരുടെ കൂടെ ഗള്‍ഫിലുണ്ട്‌. അവരുടെ സന്തോഷമൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്‌തപ്പോള്‍ അക്കരെ കടക്കാന്‍ ഉള്ളില്‍ ഒരുപാട്‌ കൊതിയുണ്ടായി. വിവാഹം കഴിഞ്ഞു. ഒരുമാസം നാട്ടില്‍ അടിച്ചു പൊളിച്ചു കഴിഞ്ഞു. എനിക്കും വിസ ശരിയായി എന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍ എന്റെ മോഹങ്ങള്‍ പൂവണിയാന്‍ പോകുന്ന ആഹ്ലാദത്തിലായി ഞാന്‍. ?
യാത്രാദിവസം അടുത്തു വന്നു. തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായി. ആദ്യ ആകാശയാത്ര.. ഗള്‍ഫിലെ സുഖജീവിതം..പുറത്ത്‌ ചുട്ടുപൊള്ളുന്ന ചൂടാണെങ്കിലും മുറിയിലെ ഏസിയുടെ തണുപ്പില്‍ സുഖശീതളാവസ്ഥയില്‍ കഴിയുന്ന കാര്യം..എല്ലാം ചിന്തിച്ചപ്പോള്‍ മനസ്സിനെന്തൊരു സുഖമായിരുന്നു.യാത്രാ ദിവസം ബന്ധുക്കളും മറ്റും എയര്‍പോര്‍ട്ടില്‍ യാത്രയയക്കാന്‍ എത്തി. എല്ലാവരോടും യാത്ര ചോദിച്ച്‌ എയര്‍പോര്‍ട്ട്‌ ഓഫീസിലേക്ക്‌ കയറി. അധികം വൈകാതെ വിമാനം ഞങ്ങളെയും കൊണ്ട്‌ ആകാശത്തിലേക്ക്‌ പറന്നുയര്‍ന്നു. സമയം പോയതറിഞ്ഞില്ല. ഗള്‍ഫിലെത്തി. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കാറുമായെത്തിയിരുന്നു. താമസസ്ഥലത്തെത്തി. നാട്ടില്‍ നിന്ന്‌ കൊണ്ടു പോയ ഭക്ഷണ സാധനങ്ങള്‍ സുഹൃത്തുക്കളുമൊന്നിച്ചു കഴിച്ചു. അവരെല്ലാം പോയപ്പോള്‍ ഞങ്ങള്‍ തനിച്ചായി.
അടുത്ത ദിവസം അദ്ദേഹത്തിനു ഡ്യൂട്ടിക്ക്‌ ചെല്ലണം. ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു തന്നു. മുറി പൂട്ടി അദ്ദേഹം താക്കോല്‍ കൊണ്ടു പോകും. ഭക്ഷണ സാധനങ്ങളൊക്കെ വാങ്ങി വെക്കും. ഒന്നും പേടിക്കാനില്ല. എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു. അന്ന്‌ അദ്ദേഹം വൈകിട്ട്‌ എത്തിയത്‌ അദ്ദേഹത്തിന്റെ സുഹൃത്തുമായാണ്‌.?നാട്ടുകാര്യങ്ങളൊക്കെ സംസാരിച്ചു കൊണ്ടിരിക്കേ ‘ഞാനിപ്പോ വരാം’ എന്നു പറഞ്ഞ്‌ ഭര്‍ത്താവ്‌ പുറത്തേക്ക്‌ പോയി. അപരിചിതനായ ഒരു മനുഷ്യനെ മുറിയിലിരുത്തിയാണ്‌ അദ്ദേഹം പുറത്തു പോയത്‌. അദ്ദേഹത്തിന്റെ സമീപനത്തില്‍ എന്തോ ഒരു ഭയം എന്നില്‍ ഉടലെടുത്തു.
എന്റെയടുത്തേക്ക്‌ നീങ്ങിയ ആ മനുഷ്യന്റെ കാലുപിടിച്ചപേക്ഷിച്ചു?എന്നെ ഒന്നും ചെയ്യാതെ അയാള്‍ വിട്ടു. അല്‌പ സമയത്തിന്‌ ശേഷം ഭര്‍ത്താവെത്തി. സുഹൃത്തെന്ന്‌ പറയുന്ന അയാളെ യാത്രയാക്കി അദ്ദേഹം തിരിച്ചു വന്നു. ഞാന്‍ കരഞ്ഞു പറഞ്ഞപ്പോള്‍ ഒരു കൂസലുമില്ലാതെ അദ്ദേഹം പറഞ്ഞു. ? ഇതൊക്കെ ഒരു തമാശയായി എടുത്താല്‍ മതി. ഗൗരവമായി എടുക്കേണ്ട എന്നാണ്‌. നിന്നെ പരീക്ഷിക്കാന്‍ നടത്തിയ ശ്രമമായിരുന്നു എന്നും മറ്റും പറഞ്ഞ്‌ എന്നെ സമാധാനിപ്പിച്ചു. ഒരു വര്‍ഷം പുറത്തിറങ്ങാതെ?ആരുമായും ഇടപഴകാതെ ജയില്‍ ജീവിതമായിരുന്നു അവിടെ.. കൊതിച്ചതൊന്നും നടന്നില്ല. നിരാശയോടെ തിരിച്ചെത്തി. ഇനി എങ്ങനെ മുന്നോട്ടു പോകണമെന്നറിയില്ല..ഏതായാലും അദ്ദേഹവുമായി ഒത്തു പോവാനാവില്ല?സ്വകാര്യ ഭാഗത്ത്‌ ചവിട്ടിയിട്ട്‌ വേദന കൊണ്ടു പുളയുന്ന എന്നെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവാണെന്റേത്‌? ********
വേറൊരമ്മ പറഞ്ഞു തുടങ്ങി. പതിമൂന്നു വര്‍ഷമായി ഞങ്ങള്‍ വിവാഹിതരായിട്ട്‌. രണ്ടാമത്തെ കുട്ടിയുടെ മുഖത്തു നോക്കി അദ്ദേഹം പറയുന്നു ?ഇതെന്റെ മകനല്ലാ’ എന്ന്‌. മൂക്കറ്റം കുടിയനാണ്‌. നാട്ടില്‍ വന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങും. എന്നോടും മക്കളോടും മിണ്ടില്ല. ഞങ്ങള്‍ക്കായി ഒന്നും കൊണ്ടുത്തരില്ല. അദ്ദേഹത്തിന്റെ മുറിയില്‍ അദ്ദേഹം തനിച്ചു കിടക്കും. രാത്രി എപ്പോഴെങ്കിലും വരും. ഭക്ഷണവും മറ്റും പുറത്തു നിന്നു തന്നെ. രണ്ടാമത്തെ മകന്‌ എട്ടു വയസ്സായി. അവന്‍ ജനിച്ചതു മുതല്‍ അയാള്‍ ഇങ്ങനെയാണ്‌. വര്‍ഷത്തില്‍ ലീവിന്‌ വരും. കൂട്ടുകാരുമൊത്ത്‌ കുടിയും തീറ്റയുമായി കഴിയും.
********
ഇടയ്‌ക്ക്‌ ഒരമ്മ കയറി അവരോട്‌ സംശയം ചോദിച്ചു. ?ഇങ്ങനെയുള്ള ആളിന്റെ രണ്ടാമത്തെ കുഞ്ഞിന്‌ നിങ്ങള്‍ ജന്മം കൊടുക്കാമോ?.?ആ സമയത്ത്‌ ഞാന്‍ അയാളുടെ വീട്ടിലായിരുന്നു താമസം. ഒരു മുറി മാത്രമേ ഞങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ പറ്റൂ. അമ്മായിഅമ്മ അത്രയും കര്‍ക്കശക്കാരിയാണ്‌. ഞാനും മോനും ആ മുറിയില്‍ കഴിയും. രാത്രിയുടെ ഏതോ യാമത്തില്‍ അയാളുമെത്തും. പിന്നെ ആക്രമിച്ച്‌ എന്നെ കീഴടക്കും. കരയാന്‍ പറ്റില്ല. പുറത്തേക്കോടാന്‍ പറ്റില്ല. ഞാന്‍ വിധേയയായി കിടക്കും. അങ്ങനെയാണ്‌ രണ്ടാമനും ഉണ്ടായത്‌.?അവരുടെ ദു:ഖാനുഭവം കേട്ടവരുടെയൊക്കെ കണ്ണു നിറഞ്ഞു പോയി.?

NO COMMENTS

LEAVE A REPLY