മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്‌ ചൂടിലേയ്‌ക്ക്‌; ലീഗിനും ബിജെപിക്കും നിര്‍ണ്ണായകം

0
101


മഞ്ചേശ്വരം: പി.ബി.അബ്‌ദുള്‍ റസാഖ്‌ എം.എല്‍.എയുടെ ആകസ്‌മിക മരണത്തോടെ മഞ്ചേശ്വരം നിയമസഭാ മണ്ഡലം വീണ്ടും രാഷ്‌ട്രീയ ചൂടിലേയ്‌ക്ക്‌. തെരഞ്ഞെടുപ്പു ചട്ടപ്രകാരം 2019 ഏപ്രില്‍ 19ന്‌ അകം ഉപതെരഞ്ഞെടുപ്പ്‌ നടത്തി പുതിയ അംഗത്തിന്റെ സത്യപ്രതിജ്ഞ നടക്കേണ്ടതുണ്ട്‌. മെയ്‌ മാസത്തിലാണ്‌ ലോക്‌സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുപ്പ്‌ നേരത്തെ നടന്നാല്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്‌ ഒന്നിച്ചു നടക്കും. അല്ലാത്തപക്ഷം രണ്ടു മാസത്തിനുള്ളില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ രണ്ടുതവണ പോളിംഗ്‌ ബൂത്തിലേയ്‌ക്ക്‌ എത്തേണ്ടി വരും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തീ പാറുന്ന പോരാട്ടമാണ്‌ മഞ്ചേശ്വരത്ത്‌ നടന്നത്‌. യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ 56,870 വോട്ടു നേടിയാണ്‌ പി.ബി.അബ്‌ദുള്‍ റസാഖ്‌ നിയമസഭയില്‍ രണ്ടാമതും എത്തിയത്‌. ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 35.8 ശതമാനമാണ്‌ റസാഖിനു ലഭിച്ചത്‌. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലെ കെ.സുരേന്ദ്രന്‍ 56,781 വോട്ടോടെ 35.7 ശതമാനം വോട്ടു നേടി. ഒരു ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ റസാഖിന്റെ വിജയം. മൂന്നാംസ്ഥാനത്ത്‌ എത്തിയ ഇടതു മുന്നണിയിലെ സി.എച്ച്‌.കുഞ്ഞമ്പുവിനു 42,565 വോട്ടാണ്‌ ലഭിച്ചത്‌ (26.8 ശതമാനം).
ഒട്ടേറെ രാഷ്‌ട്രീയ സാമൂഹ്യ പ്രത്യേകതയുള്ള മണ്ഡലമാണ്‌ മഞ്ചേശ്വരം. ആകെയുള്ള എട്ടു പഞ്ചായത്തുകളില്‍ ആറിടത്ത്‌ നിലവില്‍ യു.ഡി.എഫിനാണ്‌ ഭരണം. രണ്ടിടത്തു ഇടതുമുന്നണി ഭരിക്കുന്നു. ബി.ജെ.പി ഭരിച്ചിരുന്ന എന്‍മകജെ പഞ്ചായത്ത്‌ അടുത്തിടെയാണ്‌ യു.ഡി.എഫ്‌ പിടിച്ചെടുത്തത്‌. ഇടതു മുന്നണി സഹായത്തോടെയായിരുന്നു ഇത്‌.
മഞ്ചേശ്വരം, വൊര്‍ക്കാടി, മീഞ്ച, മംഗല്‍പ്പാടി, കുമ്പള, എന്‍മകജെ പഞ്ചായത്തുകളാണ്‌ യു.ഡി.എഫ്‌ ഭരിക്കുന്നത്‌. പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളിലാണ്‌ ഇടതു ഭരണമുള്ളത്‌.
കേരള നിയമസഭയിലേയ്‌ക്ക്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ്‌ മഞ്ചേശ്വരം. 1957ലെ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടക സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം.ഉമേഷ്‌ റാവുവാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 1960ലും കര്‍ണ്ണാടക സമിതിയുടെ സ്ഥാനാര്‍ത്ഥിയാണ്‌ നിയമസഭയിലെത്തിയത്‌. 1965ല്‍ സി.പി.എമ്മിലെ എം.രാമണ്ണറൈയെ തോല്‍പ്പിച്ച്‌ കര്‍ണ്ണാടക സമിതിയിലെ മഹാബല ഭണ്ഡാരി വീണ്ടും നിയമസഭയിലെത്തി. 1967ല്‍ രാമണ്ണ റൈയെ മഹാബല ഷെട്ടി വീണ്ടും പരാജയപ്പെടുത്തി. 1970ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.ഐയിലെ ബി.എം.രാമപ്പ തെരഞ്ഞെടുക്കപ്പെട്ടതോടെ മണ്ഡലം ചുവന്നു. 1977ലും വിജയം രാമപ്പയ്‌ക്കായിരുന്നു. 1980ല്‍ സി.പി.ഐയിലെ ഡോ.സുബ്ബറാവു തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന്റെ കന്നി സ്ഥാനാര്‍ത്ഥിയായ ചെര്‍ക്കളം അബ്‌ദുള്ളയാണ്‌ അന്ന്‌ പരാജയപ്പെട്ടത്‌. 1982ല്‍ സുബ്ബറാവു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ എന്‍.രാമകൃഷ്‌ണനെയാണ്‌ പരാജയപ്പെടുത്തിയത്‌. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശങ്കര ആള്‍വ അന്നു മൂന്നാം സ്ഥാനത്തെത്തി. 1987ല്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലീംലീഗിലെ ചെര്‍ക്കളം അബ്‌ദുള്ള മഞ്ചേശ്വരത്ത്‌ വിജയക്കൊടി നാട്ടി. 2001 വരെ ചെര്‍ക്കളം അബ്‌ദുള്ളയാണ്‌ മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടത്‌. പ്രമുഖരായ നേതാക്കളെ തെരഞ്ഞെടുപ്പു ഗോദയിലിറക്കി ബി.ജെ.പി തങ്ങളുടെ ശക്തി തെളിയിച്ചുകൊണ്ടിരുന്നു. കേരള നിയമസഭയിലേയ്‌ക്ക്‌ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നു ആദ്യത്തെ താമര വിരിയുമെന്ന്‌ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. 2006ലെ തെരഞ്ഞെടുപ്പില്‍ ചെര്‍ക്കളം അബ്‌ദുള്ള, സി.പി.എമ്മിലെ സി.എച്ച്‌.കുഞ്ഞമ്പു വിനോട്‌ അടിയറവ്‌ പറഞ്ഞു.
2011ല്‍ സി.എച്ച്‌.കുഞ്ഞമ്പു വീണ്ടും അങ്കത്തട്ടിലിറങ്ങിയപ്പോള്‍ പി.ബി.അബ്‌ദുള്‍ റസാഖ്‌, ചെര്‍ക്കളത്തിന്റെ പകരക്കാരനായി. വാശിയേറിയ മത്സരത്തില്‍ ഏണി ചിഹ്നത്തിലൂടെ പി.ബി, കേരള നിയമസഭയിലെത്തി. 5,828 വോട്ടായിരുന്നു ഭൂരിപക്ഷം. ബി.ജെ.പിയിലെ കെ.സുരേന്ദ്രന്‍ മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യം അറിയിച്ച തെരഞ്ഞെടുപ്പായിരുന്നു 2011ലേത്‌.
2016ല്‍ പി.ബി രണ്ടാം അങ്കത്തിനിറങ്ങിയപ്പോള്‍ എതിരാളികളായി കെ.സുരേന്ദ്രനും സി.എച്ച്‌.കുഞ്ഞമ്പുവും ഗോദയിലിറങ്ങി. ഇഞ്ചോടിഞ്ച്‌ പോരാട്ടം. ആരു വിജയിക്കുമെന്നത്‌ പ്രവചനാതീതമായിരുന്നു. വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തിനു അബ്‌ദുല്‍ റസാഖ്‌ വീണ്ടും നിയമസഭയിലേത്തി. കപ്പിനും ചുണ്ടിനുമിടയിലാണ്‌ അന്ന്‌ കെ.സുരേന്ദ്രനു വിജയം കൈമോശപ്പെട്ടത്‌. വിദേശത്തുള്ളവരും മരണപ്പെട്ടവരുമടക്കം 291പേരുടെ കള്ള വോട്ടു ചെയ്‌തതാണ്‌ പി.ബിയുടെ വിജയത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. പി.ബിയുടെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. ഹര്‍ജിയിന്മേലുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ്‌ പി.ബി.അബ്‌ദുള്‍ റസാഖ്‌ ജീവിതത്തോട്‌ വിട പറഞ്ഞതും ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയതും.

NO COMMENTS

LEAVE A REPLY