രുചി പരിശോധകന്‍ വരുമ്പോള്‍ ഉപ്പും വേണ്ടാ, മുളകും വേണ്ടാ, വെപ്പാനുള്ളവരാരും വേണ്ടാ”-

0
119


എങ്കിലും, സമയമാകുമ്പോള്‍ വിശന്ന്‌ വലഞ്ഞ്‌ ആഹാരമന്വേഷിച്ച്‌ എത്തുന്നവര്‍ക്കെല്ലാം മൃഷ്‌ടാന്ന ഭോജനം ഉറപ്പ്‌. ഉപ്പും പുളിയും എരിവും മധുരവുമെല്ലാം പാകത്തിന്‌. ആര്‍ക്കും ഒന്നിനും യാതൊരു കുറ്റവും കുറവും പറയാനുണ്ടാവില്ല. എല്ലാം തയ്യാറാക്കുന്ന പാചക വിദഗ്‌ദ്ധന്മാര്‍ ആരെന്നറിയാന്‍ നേരത്തേ ചെന്നു നോക്കിയാലോ?
`അരി കഴുകുന്നത്‌ കാണ്‍മാനില്ല, കറി വെക്കുന്നത്‌ കാണ്‍മാനില്ല.
തീയും പുകയും കാണാനില്ല- എല്ലാം സാക്ഷാല്‍ സൂര്യഭഗവാന്‍ പാഞ്ചാലിക്ക്‌ സമ്മാനിച്ച അക്ഷയപാത്രത്തിന്റെ മഹിമാ വിശേഷങ്ങള്‍!
അതെല്ലം പഴങ്കഥ. അങ്ങനെയൊരു പാത്രം കിട്ടിയിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിക്കാനല്ലേ കഴിയൂ; നമ്മുടെ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക്‌! വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉച്ച ഭക്ഷണം നല്‍കണം. വിശന്നു കൊണ്ട്‌ ക്ലാസിലിരുന്നാല്‍ ഒന്നും കുട്ടികളുടെ തലയില്‍ കയറില്ല. നല്ല ഭക്ഷണം വേണ്ടുവോളം നല്‍കണം.
ഞങ്ങളുടെ കുട്ടിക്കാലത്ത്‌ ഇതൊന്നും ഉണ്ടായിരുന്നില്ല. അതിരാവിലെ പഴങ്കഞ്ഞിയും അകത്താക്കി പുറപ്പെടും സ്‌കൂളിലേക്ക്‌. കുറേ ദൂരെയായിരുന്നു ഞങ്ങളുടെ പ്രാഥമിക വിദ്യാലയം. ഹൈസ്‌കൂള്‍ അതിനേക്കാള്‍ അകലെ. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയിട്ടു വേണം എന്തെങ്കിലും കഴിക്കാന്‍. ഉച്ചയ്‌ക്ക്‌ പച്ചവെള്ളം കിട്ടണമെങ്കില്‍ അയല്‍ക്കാര്‍ കനിയണം. പിന്നെ സ്ഥിതിമാറി. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ ഉച്ചയ്‌ക്ക്‌ ലഘുഭക്ഷണം. `അമേരിക്കന്‍ മാവ്‌’ എന്നു പറയുന്ന ഒരു തരം പൊടി. അത്‌ പാകം ചെയ്യാന്‍ വെജിറ്റബിള്‍ ഓയിലും. കുട്ടികള്‍ കഴിക്കുന്നത്‌ കണ്ടിട്ടേയുള്ളൂ, കഴിച്ചിട്ടില്ല. കുറേ കഴിഞ്ഞിട്ടാണ്‌ ഉച്ച നേരത്തേയ്‌ക്ക്‌ ചോറും കറിയും തയ്യാറാക്കി നല്‍കണം എന്ന തീരുമാനമുണ്ടായത്‌. അതില്‍ പല പരിഷ്‌ക്കാരങ്ങളുമുണ്ടായി. ഇന്നത്തെ നിലയിലെത്തി.
എന്തെല്ലാം നല്‍കണം എന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ചോറിന്‌ മൂന്നുകൂട്ടം കറികളുണ്ടായിരിക്കണം എന്ന്‌ പറഞ്ഞിട്ടുണ്ട്‌. ചോറും കറികളും മാത്രം കൊടുത്താല്‍പ്പോരാ, ആഴ്‌ചയില്‍ ഒരു ദിവസം മുട്ടയും രണ്ടു ദിവസം പാലും നല്‍കണം. മൂന്നുകൂട്ടം കറികള്‍ എന്ന്‌ പറഞ്ഞല്ലോ, അത്‌ എന്തൊക്കെയാകണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അവിയല്‍, ഓലന്‍, തോരന്‍, സാമ്പാര്‍, എരിശ്ശേരി, മസാലക്കറി, പച്ചടി, കിച്ചടി- ഇങ്ങനെ പലവക മാറി മാറി ഓരോ ദിവസം. ഒരേ കറി എന്നും എന്ന്‌ വന്നാല്‍ മടുത്തുപോകും.
ഉച്ച ഭക്ഷണത്തിനുള്ള അരി സര്‍ക്കാര്‍ നല്‍കുന്നുണ്ട്‌. ഒന്നുമുതല്‍ നാല്‌ വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ നൂറു ഗ്രാം വീതം, അതിന്‌ മുകളില്‍ നൂറ്റമ്പത്‌ ഗ്രാം വീതം അരി. കറി സാധനങ്ങള്‍ വാങ്ങാനുള്ള പണം അനുവദിക്കുന്നു; പാചക ചെലവും നല്‍കും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതുപോലെ ഉച്ചഭക്ഷണം നല്‍കുന്നുണ്ടോ എന്ന്‌ ഈയിടെ ഒരു പത്രം അന്വേഷിച്ചു. കുട്ടികളോട്‌ അഭിപ്രായം ചോദിച്ചു. ആര്‍ക്കും തൃപ്‌തിയില്ല; നല്ലതൊന്നും പറയാനില്ല. മൂന്ന്‌ കറി കൊടുക്കാന്‍ പറഞ്ഞിട്ട്‌ ഒരു കറിയേ നല്‍കുന്നുള്ളൂ പല സ്‌കൂളിലും. മുളക്‌ പൊടിയും മല്ലിപ്പൊടിയും പുളിയും ചേര്‍ത്ത്‌ വെള്ളത്തിലിട്ട്‌ തിളപ്പിക്കും- സാമ്പാറായി.പച്ചക്കറി ആവശ്യത്തിനുണ്ടാവില്ല. തേങ്ങയുടെ കാര്യവും അങ്ങനെ തന്നെ. സ്വാദിനുള്ള വിഭവങ്ങള്‍ പാകത്തിന്‌ ചേര്‍ക്കുന്നില്ല. ഉത്തരവാദപ്പെട്ട അധ്യാപകര്‍ കുട്ടികളെ ചൂഷണം ചെയ്യുന്നു എന്ന്‌ തോന്നും-അസ്സല്‍ പകല്‍ക്കൊള്ള എന്ന്‌. സ്വാദില്ലാത്ത ഭക്ഷണം; ഗുണനിലവാരവുമില്ല. പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യതയുള്ള പാചക രീതിയും. പഴയ പാത്രങ്ങളാണ്‌. അലുമിനിയം പാത്രത്തില്‍ കൂറേക്കാലം പാകം ചെയ്യുമ്പോള്‍, -പുളി ചേര്‍ത്തത്‌ ആരോഗ്യത്തിന്‌ ഹാനികരമാകും.
ഇതൊന്നും അറിഞ്ഞു കൂടാത്തതു കൊണ്ടല്ല, പലേടത്തും പോരായ്‌മകളും അപാകങ്ങളും സംഭവിക്കുന്നത്‌. അധ്യാപകര്‍ പറയുന്നത്‌ കൂടികേള്‍ക്കുക- ഒരു കറി മാത്രം കൊടുത്തിരുന്ന കാലത്ത്‌ അനുവദിച്ച നിരക്കിലാണത്രേ, ഇപ്പോഴും പണം നല്‍കുന്നത്‌-മൂന്ന്‌ കറികള്‍ നല്‍കിക്കൊള്ളണം എന്ന്‌ കല്‍പ്പന. മുട്ട കൊടുക്കണം ആഴ്‌ചയില്‍ ഒന്ന്‌ വീതം. മുട്ട കഴിക്കാത്തവര്‍ക്ക്‌, പകരം പഴം നല്‍കണം. ഇതിനുള്ള പണം തീരെ പര്യാപ്‌തമല്ല എന്ന്‌ പറയുന്നു. മാര്‍ക്കറ്റ്‌ നിലവാരം നോക്കിവേണം ഓരോ കാലത്തും പണം വകയിരുത്താന്‍ എന്ന്‌ പറയുന്നതില്‍ ന്യായമുണ്ട്‌. അനുബന്ധച്ചെലവിന്‌ അനുവദിക്കുന്ന തുകയെക്കുറിച്ചും പരാതിയുണ്ട്‌.
യഥാസമയം ചോറും മൂന്നു കൂട്ടം കറികളും പാകപ്പെടുത്തണമെങ്കില്‍ എത്ര പാചകക്കാര്‍ പണിയെടുക്കേണ്ടി വരും? അഞ്ഞൂറും ആയിരവും കുട്ടികള്‍ക്കുള്ള വിഭവങ്ങളാണ്‌ തയ്യാറാക്കേണ്ടത്‌. യഥാസമയം തയ്യാറാകണം. അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ ഇടപെടല്‍ സഹായകമാകുന്നുണ്ട്‌ എന്ന്‌ പറയുന്നു. എന്നാല്‍ മറിച്ചും അഭിപ്രായമുണ്ട്‌. അമിതമായ ഇടപെടല്‍; അധികാര പ്രയോഗം- പ്രശ്‌നക്കാര്‍ എവിടെയുമുണ്ടായിരിക്കുമല്ലോ. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്‌ പ്രകാരമല്ല നടക്കുന്നത്‌ എന്നാണ്‌ പരാതി. കാലോചിതമായി -അതായത്‌, സാധനവിലയുണ്ടാകുന്ന മാറ്റം കണക്കിലെടുത്ത്‌, തുക വര്‍ദ്ധിപ്പിക്കണം എന്നാണ്‌ അധ്യാപകര്‍ പറയുന്നത്‌. ഇപ്പോള്‍ അനുവദിക്കുന്ന തുക നിശ്ചയിച്ചിട്ട്‌ മൂന്നു വര്‍ഷത്തോളമായത്രേ. ഈ കാലയളവില്‍ സാധനവിലയില്‍ വലിയ വര്‍ദ്ധനവുണ്ടായി. അതിന്‌ ആനുപാതികമായി സ്‌കൂളുകള്‍ക്ക്‌ അനുവദിക്കുന്ന തുക വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെടേണ്ടതുണ്ട്‌. മൂന്നു കൂട്ടം കറികള്‍ തയ്യാറാക്കണമെങ്കില്‍ പാചകക്കാരുടെ എണ്ണം കൂട്ടാതെ നിര്‍വ്വാഹമില്ല. പി ടി എ അറിഞ്ഞ്‌ സഹായിച്ചാല്‍ ആശ്വാസകരമാകും എന്ന്‌ പറയുന്നവരുണ്ട്‌. അത്‌ `പൊല്ലാപ്പാകും എന്ന അഭിപ്രായവും ഉണ്ട്‌. നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍ എവിടെയാണ്‌ ഇല്ലാത്തത്‌; പ്രശ്‌നമുണ്ടാക്കാത്തത്‌!
സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനമുണ്ടോ എന്നറിയില്ല. ഉച്ചഭക്ഷണവിഭാഗമുണ്ട്‌- വിദ്യാഭ്യാസ വകുപ്പില്‍. കുട്ടികളുടെ എണ്ണം നോക്കി എത്ര അരികൊടുക്കണം, എത്ര രൂപ അനുവദിക്കണം എന്ന്‌ നിശ്ചയിക്കുന്നതിനപ്പുറം എന്തെങ്കിലും നടക്കുന്നുണ്ടോ എന്നറിയില്ല. പാചക സമയത്തും വിതരണസമയത്തും ചെന്ന്‌ പരിശോധന നടത്തിയാലേ ഗുണമേന്മ വിലയിരുത്താന്‍ കഴിയൂ. പക്ഷേ, അവിടെയും കൃത്യമായ വിലയിരുത്തല്‍ സാധ്യമാകുമോ? ഭക്ഷണം കഴിച്ച കുട്ടികളോട്‌ അഭിപ്രായം ചോദിച്ചാലോ?
കഴിഞ്ഞ ദിവസം നമ്മുടെ ഡി ഡി ഇ ഒരു ഹൈസ്‌കൂളില്‍ `മിന്നല്‍ പരിശോധന നടത്തുകയുണ്ടായി. ആഴ്‌ചയിലൊരു ദിവസം മുട്ടയും രണ്ടു ദിവസം പാലും കിട്ടുന്നുണ്ടോ? രുചികരമാണോ ഭക്ഷണ വിഭവങ്ങള്‍? എത്ര കറികളുണ്ട്‌? എന്നെല്ലാം കുട്ടികളോട്‌ നേരിട്ട്‌ ചോദിച്ചറിഞ്ഞുപോലും. എന്ത്‌ ഉത്തരം കിട്ടിയെന്ന്‌ വാര്‍ത്തയില്‍ കണ്ടില്ല. മുട്ടയും പാലും സംബന്ധിച്ച്‌ കൃത്യമായ ഉത്തരം കിട്ടും എന്നാല്‍ രുചിയുടെ കാര്യം അതല്ല. അത്‌ തികച്ചും വ്യക്തിപരമായിരിക്കും. “ഭിന്നരുചിര്‍ഹീലോക” വ്യത്യസ്‌ത രുചിക്കാരാണ്‌ ലോകര്‍. പിന്നെ, ഗുണനിലവാരത്തിന്റെ കാര്യം- അത്‌ ആരാണ്‌ വിലയിരുത്തുക? അതിന്‌ ശരിയായ സംവിധാനമുണ്ടോ? പരാതിയുണ്ടായാല്‍ ഉടന്‍ അന്വേഷിച്ച്‌ നിജ:സ്ഥിതി മനസ്സിലാക്കി അനന്തര നടപടിയുണ്ടാകും എന്ന്‌ പ്രതീക്ഷിക്കാമോ? പരിഹാരം നീണ്ടുപോയാല്‍ വിപരീതഫലം ഉണ്ടാകും.
സബ്‌ജില്ലാടിസ്ഥാനത്തിലെങ്കിലും രുചി പരിശോധനകരെ നിയോഗിച്ചാലോ? കേവലം ഒരു രുചി പരിശോധന കൊണ്ട്‌ തീരുന്ന കാര്യമാണോ? പാചകശാലാ സൗകര്യം ഉറപ്പാക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. അങ്ങാടി നിലവാരം നോക്കി യഥാസമയം ചെലവ്‌ നിര്‍ണ്ണയിക്കണം. ഉടനുടന്‍ അത്‌ നല്‍കുകയും വേണം. തികച്ചും മാലിന്യമുക്തമായ വിഭവങ്ങള്‍ ലഭ്യമാക്കണം.

NO COMMENTS

LEAVE A REPLY