നാമെങ്ങനെയാണ്‌ അവിശ്വാസികളാവുന്നത്‌?

0
65


സമൂഹം മാറ്റങ്ങള്‍ക്കു വിധേയമാണെന്നതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടാവുമെന്നു തോന്നുന്നില്ല. അതേ സമയം മാറ്റം എങ്ങനെയാണ്‌ സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഭിന്നതയുണ്ടായേക്കാം.
സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍വേണ്ടി അവതരിച്ചതാണ്‌ ചില ഭൗതിക സിദ്ധാന്തങ്ങളെന്നു ചിലര്‍ വാശിപിടിക്കുന്നുണ്ട്‌. എന്നാല്‍ അവര്‍ കൊണ്ടുവന്ന മാറ്റമെന്തായിരുന്നുവെന്നും അതിന്റെ പരിണാമം എങ്ങനെയായിരുന്നുവെന്നും അവരാരും ആലോചിക്കാറില്ല. പറയാറുമില്ല. തങ്ങളുടെ കടുംപിടിത്തത്തില്‍ നിന്നു പിന്മാറുന്നുമില്ല.
ഈ മനോഭാവം മാറ്റത്തിന്റെ ചാലക ശക്തിയാണെന്നു കരുതുന്നവരുണ്ടാവാം. എന്നാല്‍ അതു പ്രകൃതി വിരുദ്ധമായ സ്വപ്‌നമാണെന്നു ചിലരെങ്കിലും കരുതുന്നു.
മാറ്റങ്ങള്‍ക്കു മുമ്പു അതിനു വിധേയരാവുന്നവരുടെ മനസ്സില്‍ മാറ്റത്തെക്കുറിച്ചുള്ള അവബോധമുണ്ടാകേണ്ടതുണ്ട്‌.ഇത്‌ ഒരു പ്രസ്‌താവന കൊണ്ടോ പ്രസംഗം കൊണ്ടോ സംഭവിക്കാറില്ല. പ്രകടനവും പിക്കറ്റിംഗും ബന്ദും നടത്തിയതു കൊണ്ടും ഉണ്ടാവില്ല. ദൈനംദിന ജീവിതവും സാഹചര്യങ്ങളും അനുഭവങ്ങളുമൊക്കെ ചേര്‍ന്നാണ്‌ മാറ്റത്തിനു മനസ്സിനെ രൂപപ്പെടുത്തുന്നത്‌. സമൂഹം അത്തരത്തില്‍ മാറുമ്പോഴാണ്‌ രക്തരഹിത വിപ്ലവങ്ങള്‍ സംഭവിക്കുന്നത്‌. അങ്ങനെ സംഭവിക്കുന്ന മാറ്റങ്ങള്‍ മനുഷ്യരുടെ ഭാഗമാവുകയും സമൂഹം അതുമായി പൊരുത്തപ്പെടുകയും ചെയ്യുമ്പോള്‍ അതുവരെയുണ്ടായിരുന്ന ആചാരങ്ങളും വിശ്വാസങ്ങളും തിരുത്തി എഴുതപ്പെടുകയുമാണ്‌ സംഭവിക്കുക.
നേരേ മറിച്ച്‌ വിശ്വാസത്തിനു അതിരിടുകയും വേലി കെട്ടുകയുമൊക്കെ ചെയ്യുമ്പോള്‍ ആ ഭാഗങ്ങള്‍ തടസ്സമായി നില്‍ക്കുകയേയുള്ളൂ. എല്ലാ തടസ്സങ്ങളെയും തകര്‍ത്തെറിയുവാനുള്ള തത്വശാസ്‌ത്രങ്ങള്‍ സമൂഹത്തിനു പകര്‍ന്നിട്ടുണ്ട്‌. അത്തരമൊരു പ്രതികരണം പരിസമാപ്‌തിയിലെത്തുന്നതു സ്വാഭാവികമായി അനിവാര്യമായിരുന്ന മാറ്റത്തിനു ശാശ്വതമായ തടയിട്ടു കൊണ്ടായിരിക്കും. ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരുപാട്‌ അടയാളങ്ങളുണ്ട്‌.
ശബരിമല വിശ്വാസമുള്ളവരാണ്‌ അയ്യപ്പ തീര്‍ത്ഥാടകര്‍. അയ്യപ്പനെക്കുറിച്ചും ശബരിമലയെ കുറിച്ചും പറഞ്ഞുകേട്ട അറിവുകളാണ്‌ ആ വിശ്വാസത്തിന്റെ അടിത്തറ. ആരാലും ചോദ്യം ചെയ്യപ്പെടാത്ത ആ അടിത്തറ ഉലയ്‌ക്കാന്‍ ശ്രമം നടക്കുന്നുവെന്നു തോന്നുമ്പോള്‍ വിശ്വാസികള്‍ അതിനെതിരെ പ്രതികരിക്കുന്നു. ഇതു സ്വാഭാവിക വികാരമാണ്‌. മാനുഷിക പ്രതിഭാസവുമാണ്‌. അതേ സമയം വിശ്വാസികള്‍ക്കു തങ്ങളുടെ വിശ്വാസത്തില്‍ കഴമ്പില്ലെന്നു തോന്നാവുന്ന പ്രേരണ പരോക്ഷമായി നല്‍കിയാല്‍ ക്രമേണ അതിനെക്കുറിച്ചു ചിന്തിക്കാന്‍ അവര്‍ നിര്‍ബന്ധതരായിക്കൂടെന്നില്ല. അല്ലെങ്കില്‍ രാഷ്‌ട്രീയക്കാര്‍ ചെയ്യുന്നതു പോലെ വിശ്വാസത്തില്‍ ആവേശം കൊള്ളിക്കുകയും ഒടുവില്‍ വിശ്വാസ വഞ്ചന സമ്മാനിക്കുകയും ചെയ്‌താലും മതിയാവും. ദൈവീകവുമായി ബന്ധപ്പെട്ട വിശ്വാസത്തില്‍ അത്‌ എളുപ്പമല്ല. എന്നതു തന്നെ കാരണം. ഭക്തരില്‍ മഹാഭൂരിപക്ഷവും ദൈവത്തില്‍ നിന്നു പ്രത്യേകാനുകൂല്യം തേടി വിശ്വാസികളാവുന്നവരല്ല. ഏതു മനുഷ്യനും ആരെയെങ്കിലും വിശ്വസിച്ചേ ജീവിക്കാന്‍ കഴിയൂ. ചിലര്‍ ഭാര്യയെ വിശ്വസിക്കുന്നു. ചിലര്‍ മക്കളെ വിശ്വസിക്കുന്നു. ചിലര്‍ സുഹൃത്തുക്കളെ വിശ്വസിക്കുന്നു. ചിലര്‍ പ്രത്യയ ശാസ്‌ത്രങ്ങളെയും രാഷ്‌ട്രീയ പാര്‍ട്ടികളെയും അതിന്റെ ചില നേതാക്കന്മാരെയും വിശ്വസിക്കുന്നു. ഇതില്‍ രാഷ്‌ട്രീയ നേതാവിനെ വിശ്വസിക്കുന്നവരായിരിക്കും ആദ്യം വിശ്വാസത്തകര്‍ച്ചയിലെത്തുക. അതു കൊണ്ടാണല്ലോ സ്വതന്ത്രഭാരതത്തില്‍ ഒരു പുരുഷായുസ്സിനടുത്തു ഭരണം നടത്തിയ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇനി അത്തരമൊരു സ്ഥിതിയിലെത്താന്‍ കഴിയാത്ത തരത്തില്‍ മാറിയത്‌. രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന മാര്‍കിസിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഇന്നു നമ്മുടെ സംസ്ഥാനം കൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നിട്ടുള്ളതും സി.പി.എം വിശ്വാസികള്‍ക്കുണ്ടായ വിശ്വാസത്തകര്‍ച്ച കൊണ്ടു തന്നെയാണ്‌.
ജനങ്ങള്‍ ദൈവത്തെ വിശ്വസിക്കുന്നത്‌ തങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌. യഥാര്‍ത്ഥ ഭക്തനു ദൈവത്തില്‍ നിന്നു തനിക്കു മാത്രമായി ഒന്നും ആവശ്യപ്പെടാന്‍ കഴിയില്ല. അങ്ങനെ ചെയ്യാറുമില്ല. എന്നാല്‍ അങ്ങനെ ആരെങ്കിലും ആഗ്രഹം വച്ചു പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അതു നടന്നിട്ടുമുണ്ടാവില്ല. എങ്കിലും അയാളുടെ ആഗ്രഹത്തിനെതിരെ ദൈവം പ്രതികാരം ചെയ്യാറുമില്ല. വിശ്വാസിക്കു തന്റെ വിശ്വാസത്തില്‍ നിന്നോ വിശ്വാസം വഴിയോ തിരിച്ചടിയും ആഘാതവും ഒന്നുമുണ്ടാകാത്തതു ദൈവ വിശ്വാസത്തില്‍ നിന്നു മാത്രമാണെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ജനങ്ങളെ ഇത്തരമൊരു മാനസികാവസ്ഥയില്‍ കൊണ്ടെത്തിച്ചത്‌ നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികളും പാര്‍ട്ടി പ്രത്യയശാസ്‌ത്രങ്ങളുമാണെന്നു പാര്‍ട്ടികളും കൊണ്ടു നടക്കുന്നവര്‍ കൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുകൂടി സാധ്യമായാല്‍ നമ്മുടെ നാട്ടില്‍ വിശ്വാസ ഭംഗമൊന്നും ഉണ്ടാകില്ല.സംശുദ്ധവും സുതാര്യവും സത്യസന്ധവുമായ ജീവിതവുമാണ്‌ വിശ്വാസത്തെപ്പോലെ ഒരാള്‍ക്കു തിരിച്ചറിവും നല്‍കുന്നത്‌.
പ്രസീത ഹരീഷ്‌

NO COMMENTS

LEAVE A REPLY