വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കട്ടെ

0
82


പ്രാചീനക്കാലത്ത്‌ സ്‌ത്രീകളുടെ നില അത്യധികം ശോചനീയമായിരുന്നു. ഏതെങ്കിലും ഒരു രാജ്യത്ത്‌ മാത്രമല്ല. ലോകത്തുടനീളം മൃഗങ്ങളുടെ സ്ഥാനമാണ്‌ അവര്‍ക്കുണ്ടായിരുന്നത്‌. അല്ലെങ്കില്‍ കച്ചവടച്ചരക്കുകളുടെ സ്ഥാനം. സ്വാതന്ത്ര്യമില്ല. അവകാശങ്ങളില്ല. അവരുടെ നേരെ എന്ത്‌ മര്‍ദ്ദനവുമാവാം. തങ്ങളെപ്പോലെ മാംസവും മജ്ജയുമുള്ള ഒരു വര്‍ഗ്ഗമാണ്‌ സ്‌ത്രീകളെന്ന കാര്യം ലോകം അന്ന്‌ അംഗീകരിച്ചിരുന്നില്ല.
സ്‌ത്രീമ്ലേഛ ജീവിയാണെന്നും ആത്മാവോ അനശ്വരതയോ അവള്‍ക്കില്ലെന്നും റോമാക്കാര്‍ വിധിയെഴുതി. പുരാതന ഗ്രീക്കുകാര്‍ സ്‌ത്രീയുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന നയമാണ്‌ സ്വീകരിച്ചത്‌. വലിയ ഭവനങ്ങളില്‍ അവള്‍ക്ക്‌ താമസിക്കാന്‍ ഒരു പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തി. ജാലകങ്ങളില്ലാത്ത കാരാഗൃഹം പോലെയുള്ള ഇടുങ്ങിയ മുറി. അതിലേക്ക്‌ പ്രവേശിക്കാന്‍ ഒരു സ്വകാര്യ വഴിയും.
ബാബിലോണിയയില്‍ പ്രസിദ്ധി നേടിയ ഹമ്മുറാബിയുടെ നിയമത്തില്‍ വെറും നാല്‍ക്കാലികളുടെ സ്ഥാനം മാത്രമായിരുന്നു സ്‌ത്രീകള്‍ക്ക്‌ നല്‍കപ്പെട്ടിരുന്നത്‌. ഒരാള്‍ മറ്റൊരാളുടെ പുത്രിയെ വധിച്ചാല്‍ ഘാതകന്‍ അയാളുടെ സ്വന്തം പുത്രിയെ വധിക്കാന്‍ വിട്ടുകൊടുക്കണമെന്നായിരുന്നു ആ നിയമത്തിന്റെ ശാസന. പാവം! അവളെന്ത്‌ അപരാധം ചെയ്‌തു.
ഹൈന്ദവ സമൂഹം ആദ്യകാലങ്ങളില്‍ പിതാവിന്റെയോ പുത്രന്റെയോ ഭര്‍ത്താവിന്റെയോ അവകാശത്തില്‍ അവളുടെ അവകാശം പരിമിതപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്‌ ശേഷം ജീവിക്കാനുള്ള അര്‍ഹത പോലും അവള്‍ക്ക്‌ നിഷേധിച്ചിരുന്നു.
സ്‌ത്രീ പുരുഷനെപ്പോലെ ഒരു മനുഷ്യന്‍ തന്നെയാണെന്നും എന്നാല്‍ അവള്‍ പുരുഷന്റെ പരിചരണത്തിന്‌ സൃഷ്‌ടിക്കപ്പെട്ടവളാണെന്നും നീണ്ട വിവാദത്തിന്‌ ശേഷം ക്രിസ്‌താബ്‌ദം 586ല്‍ ഫ്രഞ്ചുകാര്‍ അംഗീകരിച്ചു. പ്രവാചകന്‍ ജനിച്ച്‌ അഞ്ച്‌ കൊല്ലം കഴിഞ്ഞാണ്‌ ഇത്തരം നിലപാട്‌ തന്നെ അംഗീകരിക്കപ്പെട്ടത്‌.
മേല്‍ വിവരിച്ച വിധം അവഗണനയുടെയും അധഃപതനത്തിന്റെയും അഗാധ ഗര്‍ത്തത്തില്‍പ്പെട്ടു ശ്വാസം മുട്ടുന്ന സ്‌ത്രീകളെ കൈപിടിച്ച്‌ കര കയറ്റിയതില്‍ ഇസ്ലാമിന്‌ ഒരു പങ്കുണ്ട്‌. ഓരോ മതത്തിനും അവരുടെ പണ്ടുമുതല്‍ക്കേയുള്ള ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വിശ്വാസങ്ങളും ഉണ്ട്‌. അതു അവരുടെ രക്തത്തിലലിഞ്ഞ്‌ ചേര്‍ന്നിട്ടുള്ളതാണ്‌. അതാണവരുടെ ശക്തി. കേവലം വ്യവസായ മതം മാത്രമായി അതിനെ അവഗണിക്കരുത്‌. മതമില്ലാ പാര്‍ട്ടിക്ക്‌ മതത്തിന്റെ മഹത്വമറിയില്ല. മതത്തിന്റെ മഹത്വമറിയണമെങ്കില്‍ അകക്കണ്ണ്‌ വേണം. ജ്ഞാനക്കണ്ണിലൂടെ മാത്രമേ മതത്തെ കാണാന്‍ കഴിയൂ. പണക്കണ്ണ്‌ മനുഷ്യനെ ചെകുത്താനാക്കും. കേവലം ധനാഗമനത്തിന്‌ വേണ്ടി ശബരിമലയുടെ പവിത്രതയെ തേയ്‌ച്ച്‌ മായ്‌ച്ച്‌ കളയുന്നത്‌ ശരിയല്ല. പ്രാ ചീനകാലം തൊട്ടു നടത്തി വരുന്ന ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ശബരിമലയില്‍ അതേപടി നിലനിര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുണ്ട്‌. കൂടുതല്‍ കളക്ഷന്‍ കിട്ടാന്‍ വേണ്ടി സ്‌ത്രീകളെ ശബരിമലയിലേക്ക്‌ പ്രവേശിപ്പിച്ചാല്‍ ഭാവിയില്‍ അത്‌ മൂലമുണ്ടാകാവുന്ന അനര്‍ത്ഥങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്‌. മതത്തിന്റെ മൗലിക തത്വങ്ങള്‍ മനസ്സിലാക്കാതെ ആത്മീയ ബോധത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാതെ അധാര്‍മ്മിക പ്രവണതകളുടെ അഗാധ ഗര്‍ത്തത്തിലേക്ക്‌ സ്‌ത്രീകളെ മൂക്ക്‌ കുത്തി ചാടിക്കുകയാണ്‌ ഭരണം കൈയ്യാളുന്നവര്‍. ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കുന്നതിന്‌ സര്‍ക്കാര്‍ വാശി പിടിക്കുകയാണെങ്കില്‍ അത്‌ ഭാവിയില്‍ കൂടുതല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാക്കിവെക്കുമെന്നതില്‍ സംശയമില്ല.
പരിഷ്‌ക്കാരത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അത്യുന്നതയിലെത്തിയെന്നവകാശപ്പെടുന്ന പശ്ചാത്ത്യരുടെ സംസ്‌ക്കാരമാണ്‌ ഭാരതത്തിലിന്ന്‌ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌. അന്യ പുരുഷനും സ്‌ത്രീയും കിടപ്പറ പങ്കിടുന്നത്‌ കുറ്റമല്ല എന്ന്‌ പറയുന്നിടത്തേക്ക്‌ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഇനി എന്തെല്ലാം മാറ്റങ്ങള്‍ വരാനിരിക്കുന്നു. ഏക സിവില്‍ കോഡ്‌ നടപ്പാക്കുന്നതിന്‌ മുമ്പുള്ള ഒരു സാമ്പിള്‍ വെടിക്കെട്ടാണോ ശബരിമല എന്ന്‌ പലരും സംശയിക്കുന്നു.മതസൗഹാര്‍ദ്ദവും ഭക്തിയും ചാലിച്ചലിഞ്ഞ്‌ നില്‍ക്കുന്ന വിശുദ്ധിയുടെ തീരമാണ്‌ ശബരിമല. അയ്യപ്പനും വാവരും ഒരു പാത്രത്തില്‍ നിന്ന്‌ ഭുജിച്ച്‌ ഒരേ പായയില്‍ കിടന്നുറങ്ങിയവരാണ്‌. അതുകൊണ്ട്‌ തന്നെ മത സൗഹാര്‍ദ്ദത്തിന്‌ ഏറെ പ്രസക്തിയുണ്ട്‌. ഓരോ മതത്തിനും ആഭ്യന്തര കാര്യം ചെയ്യാന്‍ ഭരണഘടന പ്രകാരം അധികാരമുണ്ട്‌.
ശബരിമലയ്‌ക്ക്‌ പഴയ മേളങ്കിയേ ചേരൂ. ഉന്നതമായ മാനുഷിക വികാരങ്ങളെ സുദൃഢമാക്കുവാനും മനുഷ്യ മനസ്സുകളില്‍ ഗുപ്‌തമായിക്കിടക്കുന്ന മൃഗീയ വികാരങ്ങളെ തളര്‍ത്തി, തല്‍സ്ഥാനത്ത്‌ ഭക്തിയെ പ്രതിഷ്‌ഠിക്കാനുമാണ്‌ എല്ലാ മത നിയമങ്ങളും അവതീര്‍ണ്ണമായിരിക്കുന്നത്‌. അതുവഴി മാത്രമേ മനുഷ്യപ്രകൃതിയെ പൂര്‍ണ്ണ പ്രഭാവത്തില്‍ നിലനിര്‍ത്താന്‍ സാധ്യമാവൂ.മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോള്‍ ആവശ്യം പാലിക്കുവാനായി ദൈവം ചില പരിധികളും പരിമിതികളും നിര്‍ണ്ണയിച്ചിട്ടുണ്ട്‌. അവയെ ദൈവിക സീമയെന്നാണ്‌ വിളിച്ചിരുന്നത്‌. എല്ലാ മതത്തിലും ഈ ദൈവിക സീമകളുണ്ട്‌. ചില ശാശ്വത സത്യങ്ങളും സനാതന ധര്‍മ്മങ്ങളുമാണ്‌ അവ. മനുഷ്യന്റെ സ്വച്ഛന്ദ വിഹാരത്തേയും സ്വതന്ത്ര സഞ്ചാരത്തെയും ഒരളവോളം അവ നിയന്ത്രിക്കുന്നു. അതിനാല്‍ അശിക്ഷിതരും അനിയന്ത്രിതരുമായ വ്യക്തികള്‍ക്ക്‌ അവ പാലിക്കുന്നതില്‍ അസഹ്യത തോന്നുക വെറും സ്വാഭാവികമാണ്‌. എന്നിരുന്നാലും മാനവതയുടെ സുരക്ഷിതത്വത്തിനും ഭദ്രതയ്‌ക്കും നാനാ ജീവിതവശങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതി ന്നും പ്രസ്‌തുത ദൈവിക സീമകളെ പാലിച്ചേ മതിയാകൂ.എല്ലാ മതങ്ങളും മതാചാര്യന്മാരും ഉപദേശിച്ചിട്ടുള്ളതും പരിശീലിപ്പിച്ചിട്ടുള്ളതും ഇതേ തത്വമാണ്‌. സത്യം, ധര്‍മ്മം, നീതി, കാരുണ്യം മുതലായ സല്‍ഗുണങ്ങള്‍ ഉള്‍ക്കൊള്ളുവാനും അസത്യം, അധര്‍മ്മം, അക്രമം, അനീതി, സഹോദരഹത്യ മുതലായ ദുര്‍ഗുണങ്ങളെ പരിത്യജിക്കുവാനും ഉപദേശിക്കാത്ത ഒരു മതമോ, മതാചാര്യനോ ഈ ലോകത്തവതരിച്ചിട്ടില്ല. പ്രത്യുത ശാശ്വത സത്യങ്ങളെയും, സനാതന ധര്‍മ്മങ്ങളെയും പുനഃസ്ഥാപിക്കുവാനാണ്‌ സര്‍വ്വമതങ്ങളും സകല മതാചാര്യന്മാരും അവതരിച്ചിട്ടുള്ളത്‌. അതാണ്‌ ഭഗവത്‌ഗീതയില്‍ അര്‍ജ്ജുനനെ ഉണര്‍ത്തിക്കൊണ്ട്‌ ശ്രീകൃഷ്‌ണന്‍ പറഞ്ഞത്‌;
“യദാ, യദാഹീധ ര്‍മ്മസ്യ,
ഗ്ലാനിര്‍ഭഗവതി, ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധുനാം
വിനാശായ ചതുഷ്‌കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമിയുഗേയുേഗ…”
എപ്പോഴെല്ലാം ധര്‍മ്മത്തിന്‌ ഹാനിയും അധര്‍മ്മത്തിന്‌ അഭിവൃദ്ധിയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ അവതരിക്കും. സജ്ജനങ്ങളെ സംരക്ഷിക്കാനും ദുര്‍ജ്ജനങ്ങളെ നിഗ്രഹിക്കാനും അങ്ങനെ ധര്‍മ്മം നിലനിര്‍ത്തുവാനുമാണ്‌ ഞാന്‍ യുഗം തോറും അവതരിക്കുന്നത്‌. ശബരിമലയില്‍ പ്രാചീന കാലം തൊട്ടേ യാതൊരു തടസ്സവമില്ലാതെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മുറ പോലെ നട ന്നു പോന്നു. ബന്ധപ്പെട്ട തന്ത്രിമാരും ആചാര്യന്മാരും ആ കാര്യം ഭംഗിയായി നടത്തുകയും ചെയ്യുന്നു. അതിനിടയ്‌ക്ക്‌ പൊന്നുരുക്കുന്നേടത്ത്‌ പൂച്ചയ്‌ക്കെന്തു കാര്യം?

NO COMMENTS

LEAVE A REPLY