സഅദിയ്യ പ്രിന്‍സിപ്പല്‍ എ.കെ അബ്ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍ അന്തരിച്ചു

0
19


കാസര്‍കോട്‌: സഅദിയ്യ കോളേജ്‌ പ്രിന്‍സിപ്പലും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ്‌ പ്രസിഡന്റുമായ നിബ്രാസുല്‍ ഉലമാ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ (77) അന്തരിച്ചു. ചെറുവണ്ണൂരിലായിരുന്നു അന്ത്യം. കോഴിക്കോട്‌ ഫാറൂഖ്‌ കോളേജിന്‌ സമീപം അണ്ടിക്കാടന്‍ കുഴിയില്‍ പണ്ഡിത കുടുംബാംഗമാണ്‌. പിതാവ്‌ അണ്ടിക്കാടന്‍ കുഴിയില്‍ കുഞ്ഞഹമ്മദ്‌ മുസ്‌ലിയാര്‍.
തലശ്ശേരി മട്ടാമ്പുറം പള്ളി ദര്‍സ്‌, ഇരുമ്പുചോല ദര്‍സ്‌, ചാലിയം ദര്‍സ്‌ എന്നിവിടങ്ങളില്‍ പഠിച്ചു. 1968ല്‍ പട്ടിക്കാട്‌ നിന്ന്‌ ഫൈസി ബിരുദം നേടി. ഔപചാരിക ഭൗതിക പഠനം അഞ്ചാം തരമാണ്‌. എങ്കിലും സ്വപരിശ്രമം കൊണ്ട്‌ ഗോളശാസ്‌ത്രമുള്‍പ്പെടെ പല വിഷയങ്ങളിലും അവഗാഹം നേടി. ഗ്രന്ഥരചനയും നടത്തിയിട്ടുണ്ട്‌.
കൊണ്ടോട്ടിക്ക്‌ സമീപം ഒളവട്ടൂരിലായിരുന്നു ആദ്യ ദര്‍സ്‌. മൂന്ന്‌ വര്‍ഷം അവിടെ സേവനമനുഷ്‌ഠിച്ചു. പിന്നീട്‌ ഇ കെ ഹസന്‍ മുസ്‌ലിയാരുടെ ക്ഷണം സ്വീകരിച്ച്‌, അദ്ദേഹത്തിന്റെ നാടായ പുത്തൂപാടത്തെ ദര്‍സില്‍ ചേര്‍ന്നു. മൂന്ന്‌ വര്‍ഷമായിരുന്നു അവിടുത്തെ സേവനം. തുടര്‍ന്ന്‌ കടമേരി റഹ്മാനിയ കോളേജ്‌, പേരാമ്പ്ര പന്തരിക്കര, രാമനാട്ടുകര ചമല്‍ മസ്‌ജിദ്‌, തിരൂര്‍ നടുവിലങ്ങാടി ദര്‍സുകളില്‍ സേവനം ചെയ്‌തു. മൗലാനാ നൂറുല്‍ ഉലമാ എം എ ഉസ്‌താദിന്റെ ക്ഷണപ്രകാരം 1985ല്‍ ജാമിഅ സഅദിയ്യയില്‍ മുദര്‍രിസായി ചാര്‍ജെടുത്തു. ശൈഖുനാ മര്‍ഹൂം പി.എ. ഉസ്‌താദിന്റെ വഫാത്തിന്‌ ശേഷം 1996 മുതല്‍ സഅദിയ്യ പ്രിന്‍സിപ്പലായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. 2011 മുതല്‍ മുശാവറ വൈസ്‌ പ്രസിഡന്റായി. കേരളത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യന്‍മാരുണ്ട്‌.
ഭാര്യമാര്‍: ഫാത്വിമ സഹ്‌റ, പരേതയായ ആഇശക്കുട്ടി. മക്കള്‍: അബ്ദുല്‍ വഹാബ്‌ (അജ്‌മാന്‍), അബ്ദുല്‍ വാഹിദ്‌ സഅദി (സിറാജുല്‍ ഹുദ), ജാബിര്‍ (ദുബൈ), റബിഅ, റാഫിദ. ജാമാതാക്കള്‍: അബ്ദുല്‍ ഹമീദ്‌ സഅദി (താമരശ്ശേരി), അബ്ദുല്‍ ജലീല്‍ സഖാഫി (പുത്തൂര്‍ പാടം). സഹോദരന്‍മാര്‍: എ കെ മഹ്മൂദ്‌ മുസ്‌ലിയാര്‍, പരേതനായ എ കെ വി മൊയ്‌ദീന്‍ മുസ്‌ലിയാര്‍. മയ്യിത്ത്‌ നിസ്‌കാരം ഇന്ന്‌ ഫാറൂഖ്‌ കോളേജ്‌ അണ്ടിക്കാടന്‍കുഴി ജുമുഅ മസ്‌ജിദില്‍ നടന്നു.

NO COMMENTS

LEAVE A REPLY