ബസുടമകളെ ഉടമ എന്ന പേര്‌ ചുമക്കുന്ന അടിമകളാക്കി: എന്‍.എ. നെല്ലിക്കുന്ന്‌

0
13


കാസര്‍കോട്‌: ബസുടമകളെ ഉടമ എന്ന പേര്‌ ചുമക്കുന്ന അടിമകളാക്കി അധികൃതര്‍ മാറ്റിയിരിക്കുകയാണെന്ന്‌ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ പറഞ്ഞു. കേരളീയ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു അവിഭാജ്യ ഘടകമായ സ്വകാര്യ ബസുടമകളും ജീവനക്കാരും എന്ന്‌ നിലനില്‍പ്പിനു ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്‌റ്റേറ്റ്‌ െ്രെപവറ്റ്‌ ബസ്‌ ഓപ്പറേറ്റേര്‍സ്‌ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ്ണാസമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്നും ജനങ്ങള്‍ക്കു വേണ്ടി സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യബസുകള്‍ നിലനില്‍ക്കേണ്ടത്‌ അനിവാര്യമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സ്വകാര്യ ബസ്‌ വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ ഏറ്റവും ഗുരുതരമായ അവസ്ഥയാണ്‌ ഇന്നുള്ളതെന്നു ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ പറഞ്ഞു.
സ്വകാര്യ ബസ്സ്‌ സര്‍വ്വീസ്‌ വ്യവസായമായി അംഗീകരിക്കുക, സ്വകാര്യ ബസ്സുകള്‍ക്ക്‌ ഡീസല്‍ സബ്‌സിഡി അനുവദിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക്‌ 50 ശതമാനമാക്കുക, െ്രെപവറ്റ്‌ ബസ്സുകളിലേത്‌ പോലെ തന്നെ കെഎസ്‌ആര്‍ടിസി ബസ്സുകളിലും വിദ്യാര്‍ത്ഥികളെ യാത്രചെയ്യാന്‍ അനുവദിക്കുക, ദേശസാല്‍കൃതമല്ലാത്ത റൂട്ടുകളില്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്കും ടൈമിംഗ്‌ കോണ്‍ഫറന്‍സ്‌ നടത്തി മാത്രം സമയക്രമം അനുവദിക്കുക, കേന്ദ്ര സര്‍ക്കാര്‍ ഡീസലിന്റെ സെന്‍ട്രല്‍ സെസില്‍ വരുത്തിയ വര്‍ദ്ധനവ്‌ പിന്‍വലിക്കുക, കേരളത്തേക്കാള്‍ ലിറ്ററിന്‌ 5 രൂപയോളം വിലക്കുറവുള്ള കര്‍ണ്ണാടകയില്‍ നിന്നും ഡീസല്‍ കൊണ്ട്‌ വരുവാന്‍ അനുവദിക്കുക, ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ്‌ അടിയന്തിരമായും നിര്‍ത്തലാക്കുക, ജില്ലയിലെ മുഴുവന്‍ റോഡുകളും ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നവംബര്‍ ഒന്നു മുതല്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നിര്‍ത്തിവെക്കുന്നതിന്റെ മുന്നോടിയായിരുന്നു ധര്‍ണ്ണ. പ്രകടനവുമുണ്ടായിരുന്നു.
ജില്ലാ പ്രസിഡണ്ട്‌ കെ. ഗിരീഷ്‌ ആധ്യക്ഷം വഹിച്ചു. സത്യന്‍ പൂച്ചക്കാട്‌,ടി. ലക്ഷ്‌മണന്‍, സി.എ. മുഹമ്മദ്‌കുഞ്ഞി ,വി.എം. ശ്രീപതി, പി.എ. മുഹമ്മദ്‌കുഞ്ഞി, എം. ഹസൈനാര്‍, എന്‍.എം. ഹസൈനാര്‍, സി. രവി, സുബ്ബണ്ണ ആള്‍വ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY