ജില്ല മന്ത്രവാദികളുടെയും സിദ്ധന്മാരുടെയും ലാഡവൈദ്യന്മാരുടെയും പറുദീസ;ജനങ്ങള്‍ ആശങ്കയില്‍

0
19


ബദിയഡുക്ക: മന്ത്രവാദികളും മുറിവൈദ്യന്മാരും നാട്ടില്‍ വിലസുന്നു. കര്‍ണ്ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും എത്തുന്ന ഈ സംഘം ഇതുവഴി ലക്ഷക്കണക്കിനു രൂപ സമ്പാദിക്കുന്നു. ആരോഗ്യ വകുപ്പിന്റേയോ ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയോ അംഗീകാരമില്ലാതെയാണ്‌ ഇവര്‍ സിദ്ധവൈദ്യന്മാരായി ചികിത്സ നടത്തുന്നത്‌. ചികിത്സകൊണ്ടു തീരാത്ത രോഗങ്ങള്‍ക്കു മന്ത്രവാദവും നടത്തുന്നു. നാട്ടിലും ഇത്തരത്തില്‍ തരികിട സംഘങ്ങള്‍ സര്‍വാദരീണയരും വൈദ്യരത്‌നങ്ങളുമായി വിലസുന്നുണ്ടെന്ന്‌ ആക്ഷേപമുണ്ട്‌. ജനങ്ങളില്‍ നിന്നു ഇവര്‍ കീശയിലാക്കുന്ന പണത്തിന്റെ വിഹിതം കൈപ്പറ്റി അത്തരക്കാരെ വാഴ്‌ത്തുന്ന മറ്റൊരു വിഭാഗവും ഈ ശൃംഖലയിലുണ്ട്‌.
ആന്ധ്രപ്രദേശിലെ നീലഗിരിയില്‍ നിന്നെന്നു പറയുന്ന 15 അംഗ സംഘം വൈദ്യന്മാരെന്ന്‌ സ്വയം അവകാശപ്പെട്ടുകൊണ്ട്‌ ബദിയഡുക്കയില്‍ കറങ്ങുന്നുണ്ട്‌. തലവേദന മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക്‌ ഇവര്‍ ചികിത്സ നല്‍കുകയും ചെയ്യുന്നു. ഇതിനു പ്രതിഫലമായി രോഗികളില്‍ നിന്ന്‌ ആയിരക്കണക്കിനു രൂപ അവര്‍ ഈടാക്കുകയും ചെയ്യുന്നു.
രാഷ്‌ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ജില്ലാ കളക്‌ടര്‍ എന്നിവര്‍ തങ്ങളുടെ ചികിത്സയെ അവാര്‍ഡ്‌ നല്‍കി ആദരിച്ചിട്ടുണ്ടെന്നവകാശപ്പെടുന്ന ഇവര്‍ ഫോട്ടോകളും, സര്‍ട്ടിഫിക്കേറ്റുകളും പ്രദര്‍ശിപ്പിച്ചാണ്‌ വിശ്വാസ്യത ആര്‍ജിക്കുന്നത്‌.ആന്ധ്രയിലെ ഏതോ മലയില്‍ നിന്നു ശേഖരിച്ച ഒറ്റമൂലി മരുന്നുകളാണ്‌ നല്‍കുന്നത്‌ എന്നും അവര്‍ അവകാശപ്പെടുന്നു. എല്ലാ, വര്‍ഷവും ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഇവര്‍ എത്താറുണ്ട്‌. കഴിഞ്ഞ വര്‍ഷം ഇവര്‍ മരുന്നു നല്‍കിയവര്‍ ഇപ്പോഴും രോഗികളായി തുടരുന്നതായും ആക്ഷേപമുണ്ട്‌. അതേ സമയം കഴിഞ്ഞ വര്‍ഷം ബദിയഡുക്കയിലെത്തിയ ഈ സംഘത്തിലെ ആളുകള്‍ ഇപ്പോഴില്ല.
കര്‍ണ്ണാടക, തമിഴ്‌നാട്‌, തെക്കന്‍ കേരളം എന്നിവിടങ്ങളില്‍ നിന്നെത്തുന്ന മന്ത്രവാദികളും ഇപ്പോഴിവിടങ്ങളിലുണ്ട്‌. ഇവര്‍ മന്ത്രവാദത്തിന്റെ കൂടെ നാടന്‍ മരുന്നും നല്‍കുന്നു. ശരീരത്തിലെ ബാധ, പഴക്കമുള്ള രോഗങ്ങള്‍ അടക്കം എന്തും ഇവര്‍ ചികിത്സിച്ചു ഭേദപ്പെടുത്തുമെന്നു പറയുന്നു. ചില മന്ത്രവാദികള്‍ ഭൂമിക്കടിയില്‍ നിധി ഉണ്ടെന്നും അത്‌ എടുത്തുകൊടുക്കുമെന്നു പറഞ്ഞും വന്‍തുക കൈക്കലാക്കുന്നുണ്ടെന്നും സംസാരമുണ്ട്‌. കുംബഡാജെ പഞ്ചായത്തിലെ ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന മന്ത്രവാദിയെ കുറിച്ച്‌ പൊലീസ്‌ രഹസ്യാന്വോഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പെര്‍ള, ദേവലോകത്ത്‌ നിധി എടുക്കാന്‍ എത്തിയ മന്ത്രവാദി ദമ്പതികളെ കൊലപ്പെടുത്തിയിരുന്നു. എന്നിട്ടും സ്വദേശികളും പരദേശികളുമായ ലാഡവൈദ്യന്മാരും മന്ത്രവാദികളും അപകടകരമായ മരുന്നും മന്ത്രവുമായി ജനങ്ങളെയാകെ ചൂഷണം ചെയ്‌തുകൊണ്ടിരുന്നിട്ടും അതിനെതിരെ പ്രതികരണം പോലും ഉയര്‍ത്താത്തതു ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു.

NO COMMENTS

LEAVE A REPLY