വരള്‍ച്ച; നടപടി ഇന്നേ തുടങ്ങണം

0
370


മറ്റു ജില്ലകളെ അപേക്ഷിച്ച്‌ കാസര്‍കോട്‌ ജില്ലയില്‍ പ്രളയത്തിന്റെ കെടുതികളേതും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടായ നഷ്‌ടം ആര്‍ക്കും ചെറുതായി കാണാനാകില്ല. ജില്ലയില്‍ കാര്‍ഷിക രംഗത്ത്‌ വലിയ നഷ്‌ടമാണുണ്ടായിട്ടുള്ളത്‌.
കനത്ത മഴ മാറിയതിനു ശേഷം പ്രളയ ബാധ്യത പ്രദേശങ്ങളിലെന്നതുപോലെ കാസര്‍കോട്‌ ജില്ലയിലും പുഴകളിലും കിണറുകളിലും ജലനിരപ്പ്‌ കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുന്നു. പ്രളയ ബാധിത മേഖലയില്‍ പുഴകളിലെ മണല്‍ കുത്തി ഒഴുകിപ്പോയെന്നും അതുവഴി പുഴകളുടെ ആഴം കൂടിയെന്നും ഇതുമൂലം ഉപരിതല ജലത്തില്‍ വലിയ കുറവുണ്ടായെന്നും അതാണ്‌ അസാധാരണമായ ജല ക്ഷാമത്തിനു ഇടയാക്കിയതെന്നുമാണ്‌ ഭൗമശാസ്‌ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്‌. എന്നാല്‍ കാസര്‍കോട്‌ ജില്ലയിലും കനത്ത മഴയ്‌ക്കു പിന്നാലെ എന്തുകൊണ്ട്‌ ജലനിരപ്പ്‌ ക്രമാതീതമായി കുറഞ്ഞുവെന്നതിന്റെ കാരണം വ്യക്തമാക്കാന്‍ ആരും തയ്യാറായിട്ടില്ല. കാസര്‍കോട്‌ ജില്ല ഇതുവരെ കാണാത്ത തരത്തിലുള്ള വരള്‍ച്ച ഇത്തവണ ഉണ്ടാകുമെന്ന ആശങ്ക പങ്കുവയ്‌ക്കുന്നവരും കുറവല്ല.
എന്തായാലും ഇപ്പോഴത്തെ സ്ഥിതി വിരല്‍ ചൂണ്ടുന്നത്‌ ആശങ്കയിലേയ്‌ക്കാണ്‌. പ്രതീക്ഷിച്ചതു പോലെ തുലാവര്‍ഷം കിട്ടിയില്ലെങ്കില്‍ ഇത്തവണ ജില്ല വറ്റി വരണ്ട്‌ കരിഞ്ഞുണങ്ങുമെന്നതില്‍ തര്‍ക്കമില്ല.
അതിനാല്‍ അത്തരമൊരു ദുരന്തം ഒഴിവാക്കാന്‍ കാലേക്കൂട്ടിയുള്ള നടപടികളാണ്‌ വേണ്ടത്‌. ഇപ്പോള്‍ നീരൊഴുക്കു കുറഞ്ഞു തുടങ്ങിയതേയുള്ളൂ. അവശേഷിക്കുന്ന വെള്ളം കൂടി അറബിക്കടലില്‍ ചെന്നു ചേരുന്നതിനു മുമ്പ്‌ സംരക്ഷിപ്പെടേണ്ടതുണ്ട്‌. തോടുകള്‍ക്കു കുറുകെ താല്‍ക്കാലിക ബണ്ടുകള്‍ തീര്‍ത്തും ചെറുകിട ജലസേചന പദ്ധതികള്‍ ഉള്ളിടങ്ങളില്‍ പരമാവധി വെള്ളം ശേഖരിച്ചു നിര്‍ത്തി ജലവിതാനം ഉയര്‍ത്തുകയും വേണം. ഗ്രാമങ്ങളില്‍ നിന്നുപോലും തോട്ടിനു കുറുകെയുള്ള ചിറകള്‍ ഇല്ലാതായതും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌. നെല്‍വയലുകളെല്ലാം കവുങ്ങ്‌- തെങ്ങിന്‍ തോപ്പുകളായി മാറിയതോടെ ഒരിറ്റു വെള്ളം പോലും ഭൂമിയിലിറങ്ങാത്ത സ്ഥിതിയുണ്ട്‌. തരിശിട്ട വയലുകളിലും ആരും തിരിഞ്ഞു നോക്കുന്നില്ല. തോടുകള്‍ക്കു കുറുകെ ചിറകള്‍ കെട്ടി തരിശിട്ട വയലുകളില്‍ പരമാവധി വെള്ളം കെട്ടി നില്‍ക്കാനുള്ള സ്ഥിതി ഉണ്ടാക്കണം. തോടുകളിലെ വെള്ളം ഇനിയും കടലിലേയ്‌ക്കു ഒഴുകിപ്പോയാല്‍ ഈ നാടു തന്നെ വറ്റിവരളുന്ന സ്ഥിതി ഉണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ പകരം വയ്‌ക്കാനില്ലാത്ത സ്ഥിതി വിശേഷമായിരിക്കും ജില്ലയില്‍ ഉണ്ടാവുക.
അനിരുദ്ധന്‍

NO COMMENTS

LEAVE A REPLY