വേണം ഹര്‍ത്താലുകള്‍ക്കെതിരെ ഒരു ഹര്‍ത്താല്‍

0
44


ഹര്‍ത്താലിനെതിരെ പുനര്‍വിചിന്തനത്തിന്‌ തയാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വര്‍ഷത്തില്‍ ശരാശരി മലയാളി ഇരുപതും മുപ്പതും ഹര്‍ത്താലിനാണ്‌ സാക്ഷ്യം വഹിക്കേണ്ടി വരുന്നത്‌. ഹര്‍ത്താല്‍ ഏത്‌ രാഷ്ട്രീയ കക്ഷി നടത്തിയാലും അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടത്‌ പാവപ്പെട്ട ജനങ്ങളാണ്‌. ഒരു കക്ഷി വില കൂട്ടിയും കുറച്ചും ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോള്‍ മറു കക്ഷികള്‍ അതിനെതിരായി ഹര്‍ത്താല്‍ നടത്തി ബുദ്ധിമുട്ടിക്കുന്നു. ഇത്‌ രണ്ടിലും കണ്ണീര്‍ കുടിക്കേണ്ടത്‌ ജനങ്ങളാണ്‌.
പെട്രോള്‍- ഡീസലിന്‌ ദൈനം ദിനം വില കൂടിക്കൊണ്ടിരിക്കുന്നു എന്നത്‌ സത്യമാണ്‌. പക്ഷേ ഇതിനെതിരെ ജനങ്ങളെ ആകെ ബുദ്ധിമുട്ടിലാക്കി ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ചത്‌ കൊണ്ട്‌ എന്ത്‌ കാര്യം? എന്തിനാണ്‌ ഹര്‍ത്താല്‍ എന്ന സമരം? വിറകുവെട്ടുന്നതിനെതിരെ മരം മുറിച്ച്‌ പ്രതിഷേധിക്കുക എന്നത്‌ പോലെയാണ്‌ ഈ ഹര്‍ത്താല്‍ സമരം.നേതാവിനെയോ, ഓഫീസോ ആക്രമിക്കപ്പെട്ടാല്‍ ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാഴ്‌ത്തി ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ പ്രശ്‌നത്തിന്‌ പരിഹാരമാകുമോ?.. ഭരണകക്ഷികള്‍ക്കോ ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കോ അല്ല ഇതിന്റെ ദുരിതം.സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ മാത്രമാണ്‌. ഹര്‍ത്താല്‍ ഇന്ന്‌ ശാപമായി മാറിയിരിക്കുന്നു. എന്തിനാണ്‌ ജനങ്ങളെ ഇങ്ങനെ അക്രമിക്കുന്നത്‌. ഒരാള്‍ കൊല്ലപെട്ടാല്‍ പിറ്റേന്ന്‌ അദ്ദേഹത്തിന്റെ പാര്‍ട്ടികാരുടെ ഹര്‍ത്താല്‍. ഹര്‍ത്താല്‍ സംസ്ഥന തലത്തിലാണെങ്കില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും കോടികളാണ്‌ നഷ്ടം. എന്നാല്‍ അത്‌ കേന്ദ്ര തലത്തിലാണെങ്കില്‍ അതിന്റെ പത്ത്‌ മടങ്ങ്‌ നഷ്ടം.ഇങ്ങനെയുള്ള നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ഹര്‍ത്താലിനെ നിയന്ത്രിച്ചു കൂടേ? എന്തിനും ഏതിനും ഹര്‍ത്താല്‍ എന്ന മനോഭാവത്തില്‍ നിന്നു നമുക്ക്‌ മാറിക്കൂടെ? ഹര്‍ത്താലിനെതിരെ നിയമ പീഠങ്ങളും ശബ്ദിക്കണം.ഹര്‍ത്താലിനു പകരം ഒരു സമരമോ, മാര്‍ച്ചോ നടത്തി പ്രതിഷേധം ഒതുക്കിക്കൂടെ… ഹര്‍ത്താലുകള്‍ നിരോധിച്ച്‌ മറ്റു ബദല്‍ സമരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സമരക്കാരും തയ്യാ റാകണം.
സത്യത്തില്‍ എന്തിനാണീ ഹര്‍ത്താല്‍? രാഷ്ട്രീയ നേതാവിന്‌ പനി പിടിച്ചാല്‍ ഹര്‍ത്താല്‍, തുമ്മിയാല്‍ ഹര്‍ത്താല്‍, പകര്‍ച്ചാ വ്യാധി വന്നാല്‍ ഹര്‍ത്താല്‍, അങ്ങനെ എല്ലാത്തിനും എന്തിനാണ്‌ ഹര്‍ത്താല്‍? സത്യത്തില്‍ എന്തിനാണീ രാഷ്ട്രീയക്കാര്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്‌? ചിലര്‍ക്ക്‌ എന്തിനാണെന്ന്‌ പോലും അറിയാതെയാണ്‌ ഹര്‍ത്താല്‍ ആചരിക്കുന്നതും കൊണ്ടാടുന്നതും.
പ്രിയ രാഷ്ട്രീയക്കാരേ നിങ്ങള്‍ ശക്തി കാണിക്കുകയോ പ്രതികരിക്കുകയോ എന്ത്‌ വേണമെങ്കിലും ചെയ്‌തോളൂ. പക്ഷെ എന്തിനാ പാവം ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്‌? ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളില്‍ നിന്നു തന്നെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ രാഷ്ട്രീയമാണല്ലോ നമ്മുടെ നാടിന്റെത്‌, അത്‌ കൊണ്ട്‌ തന്നെ ജനങ്ങള്‍ക്ക്‌ ശല്യമായ ഈ ഹര്‍ത്താല്‍ നമ്മള്‍ അനുവദിക്കേണ്ടതുണ്ടോ?
ഹര്‍ത്താലു കൊണ്ട്‌ നമ്മുടെ നാടിനുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്‌.ഒരു ദിവസത്തെ ഹര്‍ത്താല്‍ കൊണ്ട്‌ നമുക്കും നാടിനും നഷ്ടം മാത്രമേ ഉള്ളൂ, ആകെ ഉള്ള ലാഭം ഹര്‍ത്താല്‍ നടത്തിയ പാര്‍ട്ടിക്കാരുടെ ഞങ്ങള്‍ വിജയ പൂര്‍വ്വം ഹര്‍ത്താല്‍ നടത്തി എന്ന അവകാശവാദം മാത്രം. അല്ലാതെ അവര്‍ക്കും വേറെ പ്രത്യേകിച്ച്‌ ഗുണമൊന്നും ഉണ്ടായിട്ടുള്ളതായി കാണുന്നില്ല.
ഹര്‍ത്താലിനെ അനുകൂലിക്കുന്നത്‌ മടിയന്മാരായ ഉദ്ദ്യോഗസ്ഥരും പിന്നെ ചില സ്‌കൂള്‍ കോളേജ്‌ വിദ്യാര്‍ഥികളും മാത്രമാണ്‌.ചില ഈര്‍ക്കില്‍ പാര്‍ട്ടിക്കാര്‍ തങ്ങള്‍ വലുതായി എന്ന്‌ കാണിക്കാന്‍ ഹര്‍ത്താല്‍ നടത്തി കൊണ്ടിരിക്കുന്നുണ്ട്‌. കുറച്ച്‌ കൊടികളും നാലാളും ഉണ്ടെങ്കില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഹര്‍ത്താല്‍ നടത്താമെന്ന അവസ്ഥ മാറണം. ഹര്‍ത്താലിന്‌ എതിരേ ഒരു ഹര്‍ത്താലും സമരവും നടത്തണം.

NO COMMENTS

LEAVE A REPLY