പ്രളയം അനുഭവിച്ചില്ലെങ്കിലും ദുരിതാശ്വാസ വിഹിതമായി ജില്ലയ്‌ക്ക്‌ 247 ലോഡ്‌ അരി വിതരണം തുടങ്ങി

0
47


നീലേശ്വരം: പ്രളയദുരിതം അനുഭവിച്ചില്ലെങ്കിലും ദുരിതാശ്വാസത്തിന്റെ ഭാഗമായി അനുവദിച്ച അധിക അരി വിഹിതത്തില്‍ ജില്ലയ്‌ക്കു 247 ലോഡ്‌ റേഷനരി ലഭിച്ചു.
ജില്ലയിലേക്കു റേഷന്‍ ധാന്യം വിതരണം ചെയ്യുന്ന നീലേശ്വരം എഫ്‌സിഐ ഗോഡൗണിലേക്ക്‌ ആണ്‌ ഇത്രയും ലോഡ്‌ അരിയെത്തിയത്‌. എന്നാല്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഇവിടെ വേ ബ്രിഡ്‌ജ്‌ തകരാറില്‍ ആവുകയും സപ്ലൈകോ ഗോഡൗണുകളിലെ തൊഴിലാളികള്‍ ക്ഷേമനിധി പ്രശ്‌നത്തെ ചൊല്ലി സൂചനാ സമരം നടത്തുകയും ചെയ്‌തതോടെ ഈ അരി വിതരണം ചെയ്യാനാകുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. 20 നകം റേഷന്‍ വിതരണത്തിനു കൊണ്ടുപോകണമെന്നായിരുന്നു ആദ്യ വിജ്ഞാപനം.
പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണു ഇവിടെ നിന്നു അരി ലോഡ്‌ നല്‍കി തുടങ്ങിയത്‌. ശനിയാഴ്‌ച 17 ലോഡ്‌, തിങ്കളാഴ്‌ച 52, ചൊവ്വാഴ്‌ച 66 ലോഡ്‌ എന്നിങ്ങനെയായിരുന്നു ലോഡ്‌ നീക്കം. നാളെ മുഹറം അവധിയായതിനാല്‍ ഇന്ന്‌ 112 ലോഡ്‌ നീക്കാനുള്ള തത്രപ്പാടിലായിരുന്നു എഫ്‌സിഐ അധികൃതരും സപ്ലൈകോ മാനേജര്‍മാര്‍, സപ്ലൈ ഓഫിസര്‍മാര്‍ എന്നിവരും.
എന്നാല്‍ അധിക അരി ലോഡ്‌ കൊണ്ടുപോകുന്നതിനു ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ചതോടെ ആശങ്ക നീങ്ങി. ഇതിനിടെ അടുത്ത മാസത്തെ അരി ലോഡ്‌ കൊടുത്തു തുടങ്ങേണ്ടതിനാലും കൂടുതല്‍ ലോഡുമായി വാഗണ്‍ വരുന്നതിനാലും മുഹറം അവധി ദിനമായ നാളെയും നീലേശ്വരം എഫ്‌സിഐയില്‍ നിന്നു ലോഡ്‌ നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ഇക്കാര്യം ജില്ലാ സപ്ലൈ ഓഫിസറെ അറിയിച്ചതായും എ്‌ഫ്‌സിഐ അധികൃതര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY