സഹോദരന്റെയും പിതാവിന്റെയും ചികിത്സയ്‌ക്കു പണമില്ല; പ്ലസ്‌ടു വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിച്ചു

0
59


നീര്‍ച്ചാല്‍: അച്ഛനു ഹൃദ്രോഗം. സഹോദരന്‍ അസുഖം മൂലം കിടപ്പില്‍. സഹോദരി വിദ്യാര്‍ത്ഥിനി. ഇവരുടെ ചികിത്സയ്‌ക്കും സഹോദരിയുടെ പഠനത്തിനും കുടുംബത്തിന്റെ നിത്യ വൃത്തിക്കുമായി വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിച്ച്‌ കൂലിപ്പണിയെടുക്കുന്നു. ഇതിലൂടെ കിട്ടുന്ന തുച്ഛവരുമാനം ഒന്നിനും തികയാത്തതിനാല്‍ തുടര്‍ ചികിത്സയ്‌ക്കു സഹായം തേടുകയാണ്‌ ഈ നിര്‍ധന കുടുംബം.
ബദിയഡുക്ക പഞ്ചായത്തിലെ മാന്യ, മുണ്ടോട്ടെ ആനന്ദ നായിക്‌- ശാരദ ദമ്പതികള്‍ക്കു മൂന്നു മക്കളാണ്‌. ഹര്‍ഷത്ത്‌, ഹര്‍ഷിത്ത്‌, എന്നിവര്‍ ആണ്‍ മക്കളും ഒരു മകളും. കൂലിപ്പണിയെടുത്താണ്‌ ആനന്ദ നായിക്‌ കുടുംബം പോറ്റിയിരുന്നത്‌. ഇതിനിടയിലാണ്‌ വിധി ഹൃദ്രോഗത്തിന്റെ രൂപത്തില്‍ ആനന്ദ നായികിനെ പിടികൂടിയത്‌. വലിയ തുക ചെലവഴിച്ച്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സ നടത്തി. ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടയിലാണ്‌ മൂത്ത മകനും ഐ ടി ഐ വിദ്യാര്‍ത്ഥിയുമായ ഹര്‍ഷത്തിനെ മസ്‌തിഷ്‌ക്ക ജ്വരം പിടികൂടിയത്‌. കാസര്‍കോട്ടും മംഗ്‌ളൂരുവിലും പരിയാരത്തും കടംമേടിച്ചും മറ്റും കണ്ടെത്തിയ പണം ഉപയോഗിച്ച്‌ ചികിത്സ നടത്തി. ഇനി മൂന്നു ലക്ഷത്തോളം രൂപ കൂടി ചെലവഴിച്ചാല്‍ ഹര്‍ഷത്തിനെ സാധാരണ ജീവിതത്തിലേയ്‌ക്കു തിരിച്ചു കൊണ്ടുവരാനാകുമെന്നാണ്‌ ഡോക്‌ടര്‍ന്മാര്‍ പറയുന്നത്‌. പ്രസ്‌തുത പണം എങ്ങനെ കണ്ടെത്തണമെന്നു ഈ കുടുംബത്തിനു അറിയില്ല. പിതാവിന്റെയും സഹോദരന്റെയും ചികിത്സയ്‌ക്കും അന്നത്തിനും വഴി ഇല്ലാതായതോടെ രണ്ടാമത്തെ മകന്‍ ഹര്‍ഷിത്ത്‌ പ്ലസ്‌ടു പഠനം പാതി വഴിയില്‍ നിര്‍ത്തി കൂലിപ്പണിക്കിറങ്ങിയിരിക്കുകയാണ്‌. പക്ഷെ ഇതിലൂടെ കിട്ടുന്ന തുക ഭക്ഷണത്തിനോ, മരുന്നിനോ പോലും തികയാത്ത സ്ഥിതിയിലാണ്‌.
ഉദാരമതികള്‍ സഹായിച്ചാല്‍ ഹര്‍ഷത്തിന്റെ ചികിത്സയ്‌ക്കുള്ള വഴി കണ്ടെത്താമെന്നാണ്‌ കുടുംബത്തിന്റെ കണക്കുകൂട്ടല്‍. സഹായങ്ങള്‍ വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ ശാഖാ എസ്‌ ബി ഐയിലെ 67376991201(ഐ എഫ്‌ എസ്‌ സി കോഡ്‌- എസ്‌ ബി ഐ എന്‍ 0070880)നല്‍കണമെന്നാണ്‌ കുടുംബത്തിന്റെ അപേക്ഷ. ഈ നിര്‍ധന കുടുംബത്തെ കൂടുതല്‍ അറിയാന്‍ 8593856596 എന്ന നമ്പറില്‍ വിളിക്കണമെന്നു അറിയിച്ചു.

NO COMMENTS

LEAVE A REPLY