സ്വര്‍ണ്ണവ്യാപാരിയെ കൊലപ്പെടുത്തി 2.40 ലക്ഷം കൊള്ളയടിച്ച കേസ്‌; വിചാരണ അടുത്ത മാസം

0
21


കാസര്‍കോട്‌: പഴയ സ്വര്‍ണ്ണം വില്‍ക്കാനുണ്ടെന്നു പറഞ്ഞ്‌ വിളിച്ചുകൊണ്ടു പോയി യുവാവിനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയ കേസിന്റെ വിചാരണ അടുത്ത മാസമാരംഭിക്കും. പഴയ സ്വര്‍ണ്ണാഭരണ വ്യാപാരം നടത്തി വന്നിരുന്ന ചെട്ടുംകുഴി, ഹിദായത്ത്‌ നഗറിലെ മുഹമ്മദ്‌ മന്‍സൂര്‍ അലി (50) യെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി (മൂന്ന്‌)യില്‍ ഒക്‌ടോബര്‍ 27നു ആരംഭിക്കുക.
തമിഴ്‌നാട്‌, പുതുക്കൈ, അത്താണി, അഗ്രഹാര കുടിയിരിപ്പു കോളനിയിലെ മാരിമുത്തു എന്ന ശ്രീധരന്‍ എന്ന മുഹമ്മദ്‌ അഷ്‌റഫ്‌ (45) കര്‍ണ്ണാടക, ബണ്ട്വാള്‍ കറുവത്തടുക്ക, മിത്തനടുക്കയിലെ അബ്‌ദുല്‍ സലാം (30), മന്ത്രവാദിയും കര്‍ണ്ണാടക ഹാസന്‍ സ്വദേശിയുമായ രംഗണ്ണ (45) എന്നിവരാണ്‌ കേസിലെ പ്രതികള്‍.
2017 ജനുവരി 25ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. മുഖ്യപ്രതി പഴയ സ്വര്‍ണ്ണം വില്‍ക്കാനുണ്ടെന്നു പറഞ്ഞാണ്‌ മന്‍സൂര്‍ അലിയെ ഉപ്പളയിലേയ്‌ക്കു വിളിപ്പിച്ചത്‌. കറന്തക്കാട്ടു നിന്നും ബസില്‍ കയറി ഉപ്പളയിലെത്തിയ മന്‍സൂര്‍ അലിയെ മുഖ്യപ്രതികള്‍ വാനില്‍ കയറ്റി ബായാറിലേയ്‌ക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീട്‌ ചിപ്പാര്‍, മുളിഗദ്ദെ, എടംബള പുഴയുടെ സമീപത്ത്‌ വച്ച്‌ മന്‍സൂര്‍ അലിയുടെ മുഖത്ത്‌ മുളക്‌ പൊടി എറിഞ്ഞ ശേഷം ഇരുമ്പുവടി കൊണ്ട്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ പൊട്ടക്കിണറ്റില്‍ തള്ളിയെന്നാണ്‌ കേസ്‌.
മന്‍സൂര്‍ അലിയുടെ കൈവശം ഉണ്ടായിരുന്ന 2.40 ലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നും കേസില്‍ പറയുന്നു. 74 സാക്ഷികളുള്ള കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സി കെ ശ്രീധരന്‍ കോടതിയില്‍ ഹാജരാകും.

NO COMMENTS

LEAVE A REPLY