പ്രളയദുരിതാശ്വസം: കാരവല്‍ 40,000 രൂപ സംഭാവന ചെയ്‌തു

0
9


കാസര്‍കോട്‌: പ്രളയക്കെടുതിയില്‍ നിന്ന്‌ സംസ്ഥാനത്തെ കരകയറ്റാനുള്ള ജനകീയ യജ്ഞത്തില്‍ കാരവല്‍ പങ്കു ചേര്‍ന്നു. പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള കാരവലിന്റെ സംഭാവന മന്ത്രി ഇ ചന്ദ്രശേഖരന്‌ ഇന്നലെ കൈമാറി. കാരവല്‍ പ്രവര്‍ത്തകരായ എസ്‌ സുരേന്ദ്രന്‍, പി നാരായണന്‍, ബി ശ്രീധരന്‍, ബാലകൃഷ്‌ണന്‍, അജയന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സംഭാവന കൈമാറിയത്‌. വിവിധ സംഘടനകളുടെ പ്രളയ ദുരിതാശ്വാസഫണ്ട്‌ സമാഹരണത്തിലും കാരവല്‍ സംഭാവന നല്‍കിയിരുന്നു. പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനത്തില്‍ കാരവലില്‍ നിന്നു ബാലകൃഷ്‌ണന്‍ മൂന്ന്‌ ദിവസം ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ചു. ജില്ലയില്‍ ദുരിതാശ്വാസ സമാഹരണത്തിനെത്തിയ മന്ത്രി ഇ ചന്ദ്രശേഖരന്‌ ആദ്യ ദിവസമായ ഇന്നലെ വിവിധ സംഘടനകളും ഉദാരമതികളും 84.74 ലക്ഷം രൂപ കൈമാറി. റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട്‌, കാസര്‍കോടു താലൂക്കുകളില്‍ ഇന്നലെ ധനസമാഹരണത്തിലാണ്‌ ഇത്രയും തുക ലഭിച്ചത്‌. ഹൊസ്‌ദുര്‍ഗ്‌, മഞ്ചേശ്വരം താലൂക്കുകളില്‍ നാളെയാണ്‌ ധനസമാഹരണം നടക്കുക. ധനസമാഹരണ യജ്ഞത്തിന്‌, ആറളം മഹാവിഷ്‌ണുഭഗവതി ക്ഷേത്രത്തിനു വേണ്ടി കെ കെ നാരായണന്‍ 25000 രൂപ കൈമാറിയതോടെയാണ്‌ ജില്ലയില്‍ പ്രളയ ദുരിതാശ്വാസ സമാഹരണം മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ആരംഭിച്ചത്‌. ജില്ലാ കലക്‌ടര്‍ക്ക്‌ ഇതുവരെ നാലു കോടിയോളം രൂപ ലഭിച്ചിട്ടുണ്ട്‌. മന്ത്രിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണ യജ്ഞം പൂര്‍ത്തിയായ ശേഷവും ജില്ലാ കലക്‌ടര്‍ക്ക്‌ നേരിട്ടും തുക കൈമാറാമെന്ന്‌ മന്ത്രി പറഞ്ഞു. വളരെ നല്ല പ്രതികരണമാണ്‌ ആദ്യദിനം കാസര്‍കോടു ജില്ലയില്‍ നിന്ന്‌ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കുന്നതിനു ജില്ലയിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ആഭിമുഖ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. വെള്ളരിക്കുണ്ട്‌ താലൂക്കില്‍ നിന്ന്‌ 33,42,723 രൂപയും കാസര്‍കോട്‌ താലൂക്കില്‍ നിന്ന്‌ 51,31,404 രൂപയും ലഭിച്ചു. യജ്ഞത്തിന്റെ രണ്ടാം ഘട്ടം നാളെ രാവിലെ 10മണിക്ക്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ താലൂക്ക്‌ ഓഫീസില്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടുമുതല്‍ അഞ്ചുവരെ മംഗല്‍പാടിയിലും ദുരിതാശ്വാസ ഫണ്ട്‌ സമാഹരണം നടക്കും.

NO COMMENTS

LEAVE A REPLY