നാടിനെ ഭക്തിയില്‍ ആറാടിച്ച്‌ സാര്‍വ്വജനിക ശ്രീ ഗണേശോത്സവം

0
12


കാസര്‍കോട്‌: വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള സാര്‍വ്വജനിക ശ്രീ ഗണേശോത്സവം ജില്ലയിലെങ്ങും ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ആരംഭിച്ചു. നാടിനെ ഭക്തിയുടെ ആനന്ദത്തിലാറാടിച്ച്‌ നടന്ന വിഗ്രഹ പ്രതിഷ്‌ഠാ ഘോഷയാത്രകളിലും വിഗ്രഹ നിമജ്ജന ഘോഷയാത്രകളിലും ആയിരക്കണക്കിനു ഭക്തര്‍ നാടിന്റെ നന്മക്കുള്ള പ്രാര്‍ത്ഥനകളും ഗണേശ കീര്‍ത്തനങ്ങളും ആലപിച്ച്‌ പങ്കുചേര്‍ന്നു.
കാസര്‍കോട്‌ സാര്‍വ്വജനിക ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികള്‍ 18വരെ നീണ്ടു നില്‍ക്കും. തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്ര പരിസരത്തു നടക്കുന്ന ഉത്സവം നാളെ സമാപിക്കും. ഹൊസ്‌ദുര്‍ഗ്‌ അമ്മനവര്‍ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിക്കാനുള്ള ഗണപതി വിഗ്രഹം ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി എത്തിച്ചു.
കാസര്‍കോട്‌ ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്തു പ്രത്യേകം ഒരുക്കിയ പന്തലില്‍ ഗണേശ വിഗ്രഹം പ്രതിഷ്‌ഠിച്ച്‌ പൂജകള്‍ തുടരുന്നു. നെല്ലിക്കുന്ന്‌ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഗണേശ വിഗ്രഹ ഘോഷയാത്രയില്‍ നിരവധിപേര്‍ അണിനിരന്നു.
ബദിയഡുക്കയിലെ ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹ നിമജ്ജന ഘോഷയാത്രഇന്നു വൈകിട്ട്‌ ഗണേശ മന്ദിരത്തില്‍ നിന്നു ആരംഭിക്കും. ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തി പെര്‍ഡാല ഉദിനേശ്വര പരിസരത്തെ വരദാനദിയില്‍ നിമജ്ജനം ചെയ്യും.
അതേ സമയം നീലേശ്വരത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകള്‍ ഇന്നലെ നടന്നു. നീലേശ്വരം പേരോല്‍ ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രയില്‍ നൂറുകണക്കിനു പേര്‍ അണിനിരന്നു. പൂവാലംകൈ ശാസ്‌ത മംഗലത്തപ്പന്‍ ക്ഷേത്രത്തിലും ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്ര നടന്നു. ആഘോഷ പരിപാടികള്‍ 18ന്‌ സമാപിക്കും.

NO COMMENTS

LEAVE A REPLY