മലയാള മനസ്സ്‌ സേവന വഴിയില്‍ കൈകോര്‍ത്തു

0
11


കോഴിക്കോട്‌: സംസ്ഥാനം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വെള്ളപ്പൊക്കം തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്ക്‌ ഒപ്പം നില്‍ക്കാന്‍ രാപ്പകല്‍ കണ്ണടയ്‌ക്കാതെ ലോകമെങ്ങുമുള്ള മലയാളികള്‍ കാവല്‍ നിന്നു. കാലവര്‍ഷം താണ്ഡവമാടിത്തുടങ്ങിയ ചൊവ്വാഴ്‌ച മുതല്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ വരെ ഒരു സെക്കന്റൊഴിയാതെ സമൂഹ മാധ്യമങ്ങളില്‍ സഹായവും സേവനവും വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ അവര്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നിന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളില്‍ നിന്നും പുനരധിവാസത്തിനുള്ള സഹായ സന്ദേശങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. തങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും മൂന്നോ നാലോ കുടുംബങ്ങളെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടെന്നും ഭക്ഷണമടക്കമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അറിയിച്ചു കൊണ്ടുള്ളതായിരുന്നു മിക്ക സന്ദേശങ്ങളും.
ബുധന്‍ വൈകുന്നേരത്തോടോ ഒറ്റപ്പെട്ടുപോയ വീടുകളില്‍ നിന്ന്‌ പുറത്തേക്കുള്ള വഴിയടഞ്ഞു പോയ കുടുംബങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ദയനീയാവസ്ഥ പങ്കുവയ്‌ക്കാന്‍ തുടങ്ങി. അറിഞ്ഞവര്‍ അറിഞ്ഞവര്‍ അവരിലേക്കെത്താനുള്ള മാര്‍ഗ്ഗരേഖയടക്കം ദുരിതാശ്വാസ പ്രവര്‍ത്തകരിലേക്കെത്തിച്ചുകൊണ്ടിരുന്നു. തറ നിലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു രണ്ടാം നിലയില്‍ അഭയം തേടിയ കുടുംബങ്ങള്‍ ജീവന്‍ രക്ഷിക്കണേ എന്ന്‌ ദയനീയമായി അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ വീഡിയോ അടക്കം ഷെയര്‍ ചെയ്‌തതോടെ പ്രളയ പ്രദേശങ്ങളില്‍ സേവനത്തിനെത്തിയ വ്യോമസേനയുടെയും മറ്റും ശ്രദ്ധയിലെത്തിക്കാന്‍ പരമാവധി ഇടപെടലുകള്‍ നടന്നു. പലയിടത്തും മണിക്കൂറുകള്‍ക്കകം രക്ഷാ സേന എത്തിയ വിവരവും സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കുവച്ചു. മിക്കയിടങ്ങളിലും വൈദ്യുതി നിലച്ചതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രയാസം നേരിട്ടു. മിക്ക പ്രദേശങ്ങളും ഇരുട്ടിലായിരുന്നതിനാല്‍ സുരക്ഷാ സേനയ്‌ക്ക്‌ ദുരിത ബാധിതരെ കണ്ടെത്താന്‍ പ്രയാസം നേരിടുന്നുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ്‌ ഒരു പറ്റം യുവാക്കള്‍ കിട്ടിയ വാഹനങ്ങളില്‍ ദുരിത മേഖലകളിലെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്‌. കൊല്ലം ജില്ലയിലെ റാന്നിയില്‍ പൊടുന്നനെയുണ്ടായ പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ മുപ്പതോളം വീടുകളില്‍ നിന്ന്‌ കുടുംബങ്ങളെ രക്ഷപ്പെടുത്തിയത്‌ അങ്ങനെയായിരുന്നു.

NO COMMENTS

LEAVE A REPLY