എന്റോസള്‍ഫാന്‍ കമ്പനികള്‍ക്കെതിരെ കേസ്‌ നടത്താന്‍ സര്‍ക്കാരിന്‌ നിയമോപദേശം

0
13


കാസര്‍കോട്‌: ഇരകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു സഹകരിക്കാത്ത എന്റോസള്‍ഫാന്‍ കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‌ എന്റോസള്‍ഫാന്‍ കീടനാശിനി വിതരണം ചെയ്‌ത പതിമൂന്ന്‌ കമ്പനികള്‍ക്കെതിരെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന്‌ നിയമോപദേശം ലഭിച്ചു. ഒരു പതിറ്റാണ്ടിലേറെയായി എന്റോസള്‍ഫാന്‍ ഇരകള്‍ക്ക്‌ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌ രംഗത്ത്‌ വന്ന സംഘടനകളുടെ പ്രതിഷേധ സമരങ്ങള്‍ ചേരിതിരിഞ്ഞ്‌ നടത്തപ്പെടുന്ന ഫെസ്റ്റിവലുകളായി മാറിയെന്ന ആക്ഷേപം ഉയര്‍ന്നു വന്ന പശ്ചാത്തലത്തില്‍ ഇരകളുടെ പുനരധിവാസം സര്‍ക്കാര്‍ നേരിട്ടു ആസൂത്രണം ചെയ്യുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ആറായിരത്തിലധികം പേര്‍ ഗുരുതരമായ രോഗത്തിനടിമപ്പെടുകയും നിരവധി മനുഷ്യ ജീവന്‍ നഷ്‌ടപ്പെടുകയും ചെയ്‌ത ദുരന്തത്തിന്റെ ഇരകള്‍ക്ക്‌ നീതി ഉറപ്പാക്കാന്‍ കഴിയാത്തത്‌ ലോകമെങ്ങുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടേയും മനുഷ്യാവകാശ സംഘടനകളുടെയും കടുത്ത വിമര്‍ശനത്തിന്‌ ഇട വരുത്തിയിട്ടുണ്ട്‌. ദാരുണമായ മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വന്ന ഒരു വിഭാഗത്തെ നിരന്തരം സമര മുഖത്തേക്ക്‌ വലിച്ചിഴക്കുന്നതല്ലാതെ അര്‍ഹമായ ആനുകൂല്യം ലഭിക്കേണ്ടവരുടെ പട്ടിക പോലും കൃത്യമായി സമര്‍പ്പിക്കാന്‍ പല സന്നദ്ധ സംഘടനകള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല എന്ന ആരോപണം ഇരകള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തന്നെ പരസ്‌പരം ഉന്നയിക്കുന്നുണ്ട്‌.നഷ്‌ടപരിഹാരത്തിനു കോടതിയെ സമീപിക്കാന്‍ അഡ്വക്കറ്റ്‌ ജനറലിന്റെ നിയമോപദേശം കഴിഞ്ഞ ദിവസം സര്‍ക്കാരിനു ലഭിച്ചു. കമ്പനികള്‍ക്കെതിരെ കേസ്‌ നടത്താന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനും സര്‍ക്കാരിനോട്‌ അനുമതി തേടിയിരുന്നു.

NO COMMENTS

LEAVE A REPLY