ജയലക്ഷ്‌മിക്കു സാന്ത്വനമായി സന്ധ്യ ബസിന്റെ കാരുണ്യയാത്ര

0
17


കാസര്‍കോട്‌: അസുഖ ബാധിതയായി തിരുവനന്തപുരത്തെ ആര്‍.സി.സി സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന സംസ്ഥാന കബഡി താരത്തിനെ സഹായിക്കുന്നതിനായി സന്ധ്യ ബസ്‌ സര്‍വ്വീസിന്റെ കാരുണ്യയാത്ര തുടങ്ങി. യാത്ര ഇന്നു രാവിലെ ഏഴിന്‌ എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍.എ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.
സന്ധ്യ ബസ്‌ ഡ്രൈവറായ പുരുഷോത്തമന്റെ ഭാര്യ ജയലക്ഷ്‌മി (34)യാണ്‌ ചികിത്സയില്‍ കഴിയുന്നത്‌. മീപ്പുഗുരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഇവര്‍ക്ക്‌ എട്ടു വയസുള്ള ദില്‍ഷ എന്നു പേരുള്ള മകളുണ്ട്‌.
കാസര്‍കോട്‌-മധൂര്‍, കാസര്‍കോട്‌-പെര്‍ള റൂട്ടിലോടുന്ന ബസുകളുടെ ഒരു ദിവസത്തെ വേതനവും തന്റെ എല്ലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ഒരു ദിവസത്തെ വരുമാനവും എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ജയലക്ഷ്‌മിയുടെ ചികിത്സയ്‌ക്കായി കൈമാറുമെന്ന്‌ ബസ്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സന്ധ്യ ബസ്‌ ഉടമയുമായ കെ. ഗിരീഷ്‌ അറിയിച്ചു. മനുഷ്യപക്ഷത്തു നില്‍ക്കുന്നവര്‍ ഈ സംരംഭത്തെ സഹായിക്കണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബസ്‌ ഓപ്പറേറ്റേര്‍സ്‌ അസോസിയേഷന്‍ താലൂക്ക്‌ പ്രസിഡണ്ട്‌ എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ്‌കുഞ്ഞി, ജില്ലാ ട്രഷറര്‍ മുഹമ്മദ്‌കുഞ്ഞി. പി.എ., എന്‍. സതീഷ്‌, കെ.എന്‍. ബാലകൃഷ്‌ണന്‍, ഇന്ദുകുമാര്‍, ബഷീര്‍ ജിസ്‌തിയ, എം.എ. അബ്ദുല്ല, രമണി എന്നിവര്‍ പ്രസംഗിച്ചു. കെ. ഉമേഷ്‌ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY