ന്യൂമോണിയ ബാധിച്ച്‌ മരിച്ച യുവ എഞ്ചിനീയര്‍ക്ക്‌ നാടിന്റെ കണ്ണീര്‍ പ്രണാമം

0
11


മുള്ളേരിയ: ന്യൂമോണിയ ബാധിച്ച്‌ ന്യൂദെല്‍ഹിയില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.കാടകം, പതിമൂന്നാം മൈയില്‍, നെക്കാര്‍ളത്തെ പി.രാഘവന്‍-സുധാമണി ദമ്പതികളുടെ മകന്‍ സുധീഷ്‌രാജ്‌ (21) ആണ്‌ മരിച്ചത്‌. ന്യൂദെല്‍ഹിയില്‍ നിന്നു ബംഗ്‌ളൂരിലേയ്‌ക്ക്‌ വിമാനമാര്‍ഗ്ഗം കൊണ്ടുവന്ന മൃതദേഹം അവിടെ നിന്നു ആംബുലന്‍സിലാണ്‌ ഇന്നു പുലര്‍ച്ചെ നാട്ടിലെത്തിച്ചത്‌.പെരിയ പോളിടെക്‌നിക്കില്‍ നിന്നു ഇലക്‌ട്രിക്കല്‍ ഡിപ്ലോമ കഴിഞ്ഞ ശേഷം കാമ്പസ്‌ ഇന്റര്‍വ്യൂ വഴി ന്യൂദെല്‍ഹിയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ്‌ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു.
ജൂണ്‍ പത്തിനാണ്‌ ന്യൂദെല്‍ഹിയിലെത്തി ജോലിയില്‍ പ്രവേശിച്ചത്‌. ഈ മാസം ആദ്യം നാട്ടിലേക്ക്‌ വരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നാടിനടുത്തുള്ള ഓഫീസിലേയ്‌ക്ക്‌ രണ്ടുമാസം കഴിഞ്ഞാല്‍ സ്ഥലം മാറ്റം ലഭിക്കുമെന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചതിനാല്‍ യാത്ര റദ്ദാക്കുകയായിരുന്നുവെന്നു പറയുന്നു.
മിനിഞ്ഞാന്ന്‌ രാത്രിയാണ്‌ സുധീഷ്‌രാജ്‌ ആശുപത്രിയിലായ വിവരം നാട്ടില്‍ ലഭിച്ചത്‌. പനി മൂലം മുറിയില്‍ തളര്‍ന്നു വീഴുകയായിരുന്നുവെന്നും ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നുവെന്നും കമ്പനി അധികൃതര്‍ അറിയിക്കുകയായിരുന്നു.ഇന്നു രാവിലെ നാട്ടിലെത്തിച്ച മൃതദേഹം കാളിദാസ ക്ലബ്ബ്‌ പരിസരത്ത്‌ പൊതു ദര്‍ശനത്തിനു വെച്ചപ്പോള്‍ നൂറുകണക്കിനു പേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. തുടര്‍ന്ന്‌ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സഹോദരങ്ങള്‍: പി.രാഹുല്‍, പി.സുജിത്‌രാജ്‌, സുചിത്ര. സുധീഷ്‌രാജിന്റെ ആകസ്‌മിക മരണം നാടിനെ കണ്ണീരിലാഴ്‌ത്തി.

NO COMMENTS

LEAVE A REPLY